റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി : കാസര്‍കോട് പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ മുഅദ്ദിനും മദ്രസാധ്യാപകനുമായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപം താമസിക്കുന്ന അജേഷ് എന്ന അപ്പു (20), മാത്തേയില്‍ നിതിന്‍ കുമാര്‍ (19), കേളുഗുഡെ സ്വദേശി അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
2017 മാര്‍ച്ച് 20 ന് രാത്രിയിലാണ് പ്രതികള്‍ പള്ളിമുറിയില്‍ അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അങ്ങേയറ്റം നീചമായ കൊലപാതകമാണിതെന്നും ജാമ്യം നല്‍കിയാല്‍ സാമുദായിക ലഹളയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ഗുണം ചെയ്യുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് പ്രതികള്‍ക്കുമെതിരേ കുറ്റപത്രം നല്‍കിയിരുന്നു. ഇതില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."