രാജ്യത്തിന്റെ ഭരണഘടനയെ മോദി വെല്ലുവിളിക്കുന്നു:ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണ ഘടനയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഡല്‍ഹിയില്‍ യുവജനങ്ങള്‍ നടത്തുന്ന റാലിക്ക് അനുവാദം നല്‍കാതിരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
ദലിത് സംഘടനയായ ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവ ഹുങ്കാര്‍ എന്ന പേരില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് മോഡല്‍ രാഷ്ട്രീയമാണ് മോദി ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മേവാനി പറഞ്ഞു. ഡല്‍ഹി, ലഖ്‌നൗ, അലഹബാദ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്ന് റാലിയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് യുവാക്കളാണ് ഡല്‍ഹിയിലെത്തിയത്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും റാലിയില്‍ പങ്കാളികളായി.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ ജനങ്ങള്‍ സംഘടിക്കണം. ഭരണഘടനയുടെ മൂല്യം ഉള്‍ക്കൊണ്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് രാജ്യത്തുണ്ടാകേണ്ടത്. രാഷ്ട്രീയ ഐക്യത്തിലാണ് നാം വിശ്വസിക്കേണ്ടത്. ലൗവ് ജിഹാദല്ല, മറിച്ച് പ്രണയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ബി.ജെ.പിയുടെ അഹന്തയും അഭിമാനവുമാണ് ഹാര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും താനും തകര്‍ത്തത്. അതുകൊണ്ട് അവര്‍ തന്നെയാണ് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ജിഗ്നേഷ് ആരോപിച്ചു
റാലിക്ക് പൊലിസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു മാര്‍ച്ച്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലെത്തി ഇന്ത്യന്‍ ഭരണഘടനയുടെയും മനുസ്മൃതിയുടെയും കോപ്പികള്‍ നല്‍കി ഏതെങ്കിലും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടാനായിരുന്നു സമരക്കാരുടെ ലക്ഷ്യം. ഇതിനായി പാര്‍ലമെന്റ് റോഡിലൂടെ നടന്ന മാര്‍ച്ചിനു നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് പൊലിസ് തടഞ്ഞത്.
വിദ്യാഭ്യാസാവകാശം, തൊഴില്‍, ജീവിക്കാനുള്ള സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
റാലിയില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്്‌ല റാഷിദ്, ഉമര്‍ഖാലിദ്, സുപ്രിം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, അസമിലെ കര്‍ഷക നേതാവ് അഖില്‍ ഗൊഗോയ് തുടങ്ങിയവരും അണിനിരന്നു.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ താക്കൂര്‍-ദലിത് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ജൂണിലാണ് ദലിത് സംഘടനയായ ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദിനെ മുഖ്യപ്രതിയാക്കി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."