ഒന്നും കാണാതെ ബലരാമന്‍ കലപ്പയെടുക്കില്ല
മദ്യപിക്കുമായിരുന്നെങ്കിലും ഒട്ടും ആലോചിക്കാതെ എന്തും ചെയ്യുന്നവനായിരുന്നില്ല പുരാണത്തിലെ ബലരാമന്‍. തന്റെ ആയുധമായ കലപ്പ അദ്ദേഹം പ്രയോഗിച്ചിരുന്നത് അവശ്യഘട്ടത്തില്‍ മാത്രമാണ്. കാളിന്ദീനദിയെ കലപ്പകൊണ്ടു വലിച്ചിഴച്ചു വഴിമാറ്റി ഒഴുക്കാന്‍ പോയത് പച്ചിലക്കുമ്പിളില്‍ തുള്ളുമിളംകള്ളില്‍ ഹൃദയം മുക്കിയപ്പോള്‍ നുരഞ്ഞുപൊങ്ങിയ ഐഡിയ അനുസരിച്ചാണെന്നു കവി പാടിയിട്ടുണ്ട്. ഐഡിയ വരുന്നതു കള്ളില്‍നിന്നാണെങ്കിലും ബലരാമന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ നിശ്ചയമായും അതു ചെയ്തിരിക്കും.
അതു ദ്വാപരയുഗത്തിലെ ബലരാമന്റെ കഥ. ഈ കലിയുഗത്തില്‍ കോണ്‍ഗ്രസിനെ വഴിമാറ്റിയൊഴുക്കാന്‍ അവതരിച്ച ബലരാമനും ഏറക്കുറേ അങ്ങനെത്തന്നെയാണ്. കള്ളുകുടിക്കാറില്ലെങ്കിലും ആവശ്യമുള്ളപ്പോള്‍ ഐഡിയ വരും. കള്ളിനു പകരം വായനയില്‍ കൂടിയും മറ്റുമാണ് ഐഡിയ വന്നുകയറുന്നത്.
തട്ടകം കൃഷിയിടങ്ങള്‍ ധാരാളമുള്ള തൃത്താലയാണെങ്കിലും പഴയ മോഡല്‍ കലപ്പ കൊണ്ടുനടക്കാറില്ല. നിലമുഴാന്‍ യന്ത്രമുള്ള ഇക്കാലത്ത് പഴഞ്ചന്‍ കലപ്പയുടെ ആവശ്യമില്ലല്ലോ. ന്യൂജന്‍ കാലത്തെ കലപ്പയായ ഫേസ്ബുക്കാണ് പ്രധാന സമരായുധം. അതെടുത്ത് ആഞ്ഞു വീശി ഇടയ്‌ക്കൊക്കെ എതിരാളികളെ പ്രകോപിപ്പിക്കാറുണ്ട്. ആവശ്യമുള്ളപ്പോള്‍ അടിച്ചുവീഴ്ത്താറുമുണ്ട്.
ഇടതുപക്ഷത്തിനു നല്ല വേരോട്ടമുള്ള തൃത്താലയില്‍ 2011 ല്‍ അട്ടിമറി വിജയം നേടിക്കൊണ്ടു കേരളരാഷ്ട്രീയത്തില്‍ ശ്രദ്ധേയനായതു മുതല്‍ ഫേസ്ബുക്ക് കലപ്പ നന്നായി ഉപയോഗിക്കുന്നുണ്ട് ബലരാമന്‍. അതിന്റെ പ്രഹരം സ്ഥിരമായി ഏല്‍ക്കുന്നതു സംഘികള്‍ക്കാണ്. അതുകൊണ്ടുതന്നെ സംഘികള്‍ക്കു ബലരാമദര്‍ശനം ചതുര്‍ഥി കാണുന്നതുപോലെയാണ്. കുറേക്കാലം കുത്തകയാക്കി വച്ച മണ്ഡലം കലപ്പകൊണ്ടു വലിച്ചെടുത്തു കൊണ്ടുപോയവനായതിനാല്‍ ഇടതുപക്ഷത്തിനും ബലരാമക്കാഴ്ച ഒട്ടും പഥ്യമല്ല. ഇടയ്ക്ക് അവര്‍ ഒന്നു തോണ്ടുമ്പോള്‍ ബലരാമന്‍ കലപ്പെയെടുക്കും. ഇടതുപക്ഷാക്രമണത്തിന് ഉരുളയ്ക്കുപ്പേരി മട്ടില്‍ പ്രത്യാക്രമണം നടത്തും. സാദാ കോണ്‍ഗ്രസുകാരെ അപേക്ഷിച്ച് ഇത്തിരി വായനയും വിവരവുമുള്ളവനായതിനാല്‍ പ്രകോപിപ്പിച്ചാല്‍ പണികിട്ടുമെന്ന് അറിയാവുന്നതുകൊണ്ട് അവര്‍ അധികമൊന്നും ഉപദ്രവിക്കാന്‍ പോകാറുണ്ടായിരുന്നില്ല ഇതുവരെ.
എന്നാല്‍, ഇക്കുറി അദ്ദേഹം തൊട്ടുകളിച്ചത് ഇരട്ടച്ചങ്കുള്ള നേതാവിനെയോ നാവില്‍ വികടസരസ്വതി വാഴുന്ന മലയോര നേതാവിനെയോ ഒന്നുമല്ല. പാവങ്ങളുടെ പടത്തലവനായ സാക്ഷാല്‍ എ.കെ.ജിയെയാണ്. അതങ്ങനെ വിട്ടുകൊടുക്കാന്‍ മാത്രം സഹിഷ്ണുതയുള്ളവരൊന്നുമല്ല എ.കെ.ജിയുടെ പാര്‍ട്ടിയില്‍ ഇപ്പോഴുള്ള ഗോപാലസേനക്കാര്‍. പ്രവാചകനിന്ദ ആരോപിച്ച് തോമസ് മാഷിന്റെ കൈ വെട്ടിയ തീവ്രവാദികളെയും സെക്‌സി ദുര്‍ഗ എന്ന സിനിമയുടെ പേര് കേട്ട് ഹാലിളകി തെരുവിലിറങ്ങിയ സംഘികളെയുമൊക്കെ ഫാസിസ്റ്റുകളെന്നു വിളിച്ച് എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ നില്‍ക്കുന്നവരാണെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ അവര്‍ക്കും ഫാസിസം അത്ര മോശപ്പെട്ട കാര്യമല്ല.
അതുകൊണ്ടു ബല്‍റാമിന്റെ ഓഫീസ് തകര്‍ത്തു. തെരുവിലിട്ടു കല്ലെറിഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ തെറി എഴുതി നിറച്ചു. ബലരാമനും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നു വാദിച്ച മുന്‍ നക്‌സലൈറ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. നേതാക്കളെല്ലാം പ്രസ്താവനയുമായി ഇറങ്ങി.
എന്നിട്ടുമില്ല ബലരാമനു കുലുക്കം. ഉഗ്രപ്രതാപിയെന്ന് അനുയായികള്‍ കരുതുന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് വിമര്‍ശനത്തിനുപോലും ഒറ്റ വാചകം വിടാതെ മറുപടി പറഞ്ഞ് അദ്ദേഹം മുന്നേറുകയാണ്. തെറിയെങ്കില്‍ തെറി, 51 വെട്ടെങ്കില്‍ വെട്ട്, വരുന്നതു വരട്ടെ എന്ന മട്ടില്‍.
ഇങ്ങനെ വാര്‍ത്തകളില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ബലരാമനു വിവരമില്ലാത്തകൊണ്ടാണെന്നും പക്വതക്കുറവാണെന്നുമൊക്കെ പറഞ്ഞു പ്രതിഷേധിച്ചും പല്ലിറുമ്മിയും ആശ്വസിച്ചുമെല്ലാം കൂട്ടത്തിലും ശത്രുചേരിയിലുമുള്ള മുതിര്‍ന്നു മാനം മുട്ടിയ പെരിയ നേതാജിമാര്‍ ഒറ്റക്കോളം വാര്‍ത്തകളില്‍ ഇടംനേടുമ്പോള്‍ നിത്യേന നാലും അഞ്ചും കോളങ്ങളില്‍ നിറഞ്ഞ് അരങ്ങുതകര്‍ക്കുകയാണു ബലരാമന്‍. അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല.
കാലപ്പഴക്കം ഏറെയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് രാഷ്ട്രീയബുദ്ധിയാണ് അവരുടെ തലയിലുള്ളത്. അതുവച്ചു ചിന്തിക്കുമ്പോള്‍ ഇതിലധികമൊന്നും ചെയ്യാനില്ല. എന്നാല്‍, ബലരാമതലമുറയിലെ പിള്ളേരുടെ ബുദ്ധി ഡിജിറ്റല്‍ പ്രിന്റും ഫോട്ടോഷോപ്പുമൊക്കെ കടന്നു മുന്നേറുകയാണ്. അത്തരം ബുദ്ധിക്കു മുന്നില്‍ ഇന്നത്തെ കേരളത്തില്‍ ഏറെ സാധ്യതകള്‍ തുറന്നുകിടക്കുന്നുണ്ട്.
എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വോട്ടു വാങ്ങി സെക്രട്ടേറിയറ്റില്‍ കയറിയിരുന്ന് എല്ലാം ശരിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇടതുഭരണം. അതിന്റെ അതൃപ്തി ഭരണപക്ഷത്തു നിന്നുതന്നെ പുകഞ്ഞു പുറത്തുവരുന്നുമുണ്ട്. കളി അറിയുന്നവര്‍ക്കു നന്നായി കളിക്കാന്‍ പാകത്തില്‍ ഗ്രൗണ്ട് ഒരുങ്ങിയിട്ടുണ്ടെങ്കിലും അതിനു ത്രാണിയുള്ള നേതാക്കളാരും ഇപ്പുറത്തില്ല. ഉള്ള ത്രാണിയാണെങ്കില്‍ സോളാറിലും മറ്റും കുടുക്കി മരവിപ്പിച്ചിരിക്കുകയാണു ഭരണപക്ഷം.
കുടുക്കിയതിനും പുറമെ സോളാറിന്റെ പേരിലും മറ്റും നേതാക്കളെ പരസ്യമായി പുലഭ്യം പറഞ്ഞു നടക്കുന്നു അപ്പുറത്തെ നേതാക്കളും സൈബര്‍ ഇടത്തിലെ ആധുനിക 'ഗോപാലസേന'യും. അത് ഉമ്മന്‍ചാണ്ടിയെയും കടന്നു മന്‍മോഹന്‍സിങിലും നെഹ്‌റു കുടുംബത്തിലുംവരെ എത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍, കടുത്ത അപമാനത്താല്‍ തലകുനിച്ചും പ്രതിഷേധം കടിച്ചൊതുക്കിയും നടക്കുകയാണു സാധാരണ കോണ്‍ഗ്രസുകാര്‍.
ഇങ്ങനെ പത്തു കിട്ടുമ്പോള്‍ ഒന്നെങ്കിലും തിരിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനാവുന്നില്ല. തലപ്പത്തുള്ളതെല്ലാം മുതിര്‍ന്ന നേതാക്കളോ 'ഇരുത്തം വന്ന' നേതാക്കളോ ആണ്. അതുകൊണ്ടു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇരുന്നു കത്തെഴുതുകയും അതുകഴിഞ്ഞ് അവിടെത്തന്നെ ഇരുന്നു പത്രസമ്മേളനം നടത്തുകയും ആ ഇരിപ്പില്‍നിന്ന് എഴുന്നേല്‍ക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയുമൊക്കെ ചെയ്തു കാലംകഴിക്കുകയാണവര്‍. കരണക്കുറ്റിക്ക് അടി കിട്ടിയാലും 'നിര്‍ഭാഗ്യകര'മെന്ന പ്രസ്താവനയ്ക്കപ്പുറം പ്രതികരിക്കാന്‍ അവര്‍ ശീലിച്ചിട്ടില്ല. പറയാനാഗ്രഹിക്കുന്ന ചുരുക്കം ചിലര്‍ പലതരം കുരുക്കുകളിലായതിനാല്‍ നാവുപൊങ്ങുന്നുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഉശിരും ചുണയുമുള്ള കുറച്ചു നേതാക്കളെയെങ്കിലും സാധാരണ കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെടുന്ന കാലമാണിത്. കളത്തില്‍ക്കയറിക്കളിക്കാന്‍ വീറുള്ളവരെ. അത് ഇത്തിരി നേരുംനെറിയുമുള്ളവര്‍ കൂടിയായാല്‍ പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റും. അതു ബല്‍റാമിനെപ്പോലുള്ളവര്‍ തിരിച്ചറിയുന്നുണ്ട്. മുന്നില്‍ നില്‍ക്കാനുള്ള ശേഷിയും ആത്മവിശ്വാസവുമുള്ളവര്‍ പിന്നെ മടിച്ചുനില്‍ക്കേണ്ടല്ലോ. അതിനായി ജഴ്‌സിയണിഞ്ഞും ബൂട്ടു ധരിച്ചും മുതിര്‍ന്നവരോട് ആവശ്യപ്പെടുകയാണു ബല്‍റാം.
ബല്‍റാമിന്റെ തുടക്കം ഒട്ടും പിഴച്ചിട്ടില്ല. എ.കെ.ജിയെക്കുറിച്ചു പറഞ്ഞതു നാക്കുപിഴവൊന്നുമല്ല. മറുപക്ഷത്തുള്ളവര്‍ പരിധിവിട്ടു പുലഭ്യം പറഞ്ഞാല്‍ ചോദിക്കാനും പറയാനും ഇവിടെ ആരെങ്കിലുമൊക്കെയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നത്. പരാമര്‍ശങ്ങള്‍ അവിവേകമാണെന്നു പറയുന്നവരോട്, എങ്കില്‍ ആ അവിവേകം എല്ലാവര്‍ക്കും ബാധകമാണെന്ന മറുപടിയുമായാണു ബല്‍റാം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നത്.
നേതാക്കള്‍ തള്ളിപ്പറഞ്ഞെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹത്തിനു പിന്തുണയേറുന്നു. പാര്‍ട്ടിക്കു പുറത്തുള്ള ചില കോണുകളില്‍പ്പോലും ഈ സംഭവത്തിന്റെ പേരില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുംസഹിഷ്ണുതയെക്കുറിച്ചുമൊക്കെ ചര്‍ച്ച നടക്കുന്നു. തുടക്കത്തില്‍ തള്ളിപ്പറഞ്ഞ ചില നേതാക്കള്‍പോലും ഇപ്പോള്‍ തനിക്കുവേണ്ടി സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന അവസ്ഥയിലേയ്ക്കു കാര്യങ്ങളെത്തിക്കാന്‍ ബല്‍റാമിനായിരിക്കുന്നു. അദ്ദേഹം ഈ കളിയില്‍ നേടിയ ആദ്യവിജയം തന്നെയാണിത്.അങ്ങനെ സാധ്യതകളെല്ലാം കണ്ടുകൊണ്ടു തന്നെയാണു ബലരാമന്‍ കലപ്പയെടുത്തത്. എങ്കിലും കോണ്‍ഗ്രസ് വഴിമാറി ഒഴുകുമോ എന്നതു കാത്തിരുന്നു മാത്രം കാണേണ്ട കാര്യമാണ്.
തങ്ങള്‍ക്ക് ആരെയും എന്തും പറയാമെന്നും തിരിച്ചാരെങ്കിലും ഇങ്ങോട്ടെന്തെങ്കിലും പറഞ്ഞാല്‍ അടിച്ചൊതുക്കുമെന്നുമൊക്കെയുള്ള ചിന്ത ജനാധിപത്യസമൂഹത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ആദ്യമൊക്കെ പറഞ്ഞു തിരുത്താന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല. തിരുത്താന്‍ നോക്കുന്നവര്‍ക്കു നേരെ കയര്‍ക്കുന്നവരോട് അധികമൊന്നും പറഞ്ഞിട്ടു കാര്യമില്ല. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുറച്ചവരെ തടഞ്ഞുവച്ചിട്ടു വലിയ പ്രയോജനമില്ല. തടഞ്ഞാല്‍ ഇത്തിരി നേരം വൈകിക്കാമെന്നല്ലാതെ തീരുമാനമെടുത്തു കഴിഞ്ഞവര്‍ ആത്മഹത്യയിലേക്കു തന്നെ പോയിരിക്കും. അതു തിരിച്ചറിഞ്ഞാല്‍ അവരെ അവരുടെ പാട്ടിനു വിട്ടേക്കുന്നതാണു നല്ലത്. സാധിക്കുമെങ്കില്‍ പ്രോത്സാഹിപ്പിക്കുകയും വണം.അതുകൊണ്ടു ബല്‍റാമിനെ വെറുതെ വിടരുത്. കല്ലെറിയുകയോ കാമറയ്ക്കു മുന്നില്‍ വച്ചു കൈയേറ്റം ചെയ്യുകയോ ഒക്കെയാവാം. അങ്ങനെ എറിഞ്ഞെറിഞ്ഞു വളര്‍ത്തിയെടുക്കണം. വെറുമൊരു കോണ്‍ഗ്രസ് നേതാവായിരുന്ന മമതാബാനര്‍ജിയെ തെരുവിലിട്ടു കല്ലെറിഞ്ഞാണല്ലോ ഇന്നത്തെ നിലയിലേയ്ക്ക് വളര്‍ത്തിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."