ജേക്കബ് തോമസിനെതിരായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി
മൂവാറ്റുപുഴ: വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശങ്ങളടങ്ങിയ തെളിവുകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ജേക്കബ് തോമസിനെതിരേ നടപടി ആവശ്യപ്പെട്ട് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മാസിക ചീഫ് എഡിറ്റര്‍ മൈക്കിള്‍ വര്‍ഗീസ് നല്‍കിയ ഹരജിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചത്. ഡ്രഡ്ജര്‍ ഇടപാടില്‍ ജേക്കബ് തോമസ് നടത്തിയ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഏഴിന് വിധിപറയാനിരിക്കെയാണ് തെളിവുകള്‍ ഹാജരാക്കിയത്. അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഹോളണ്ട് ആസ്ഥാനമായുള്ള കമ്പനിക്ക് ജേക്കബ് തോമസിന്റെ ഇടപെടല്‍മൂലം 2.67 കോടിയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭരണതലത്തിലുള്ള അന്വേഷണം പ്രയോജനകരമല്ലെന്നും സത്യസന്ധരായ പൊലിസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
അതോടൊപ്പം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും ആവശ്യപ്പെട്ടു. ഡ്രഡ്ജര്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ ഹാജരാക്കിയ തെളിവുകള്‍ ഹരജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെയാണ് ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഹരജിക്കാരന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."