വിചാരണ നേരിടുന്ന നിരപരാധികളായ മുസ്‌ലിം യുവാക്കളെ വിട്ടയക്കണം: ഡി.വൈ.എഫ്.ഐ
കൊച്ചി: രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്ന നിരപരാധികളായ മുസ്‌ലിം യുവാക്കളെ വിട്ടയക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രമേയം ആവശ്യപ്പെട്ടു. ഇത്തരം കേസുകള്‍ പുനഃപരിശോധിക്കണം.
ന്യൂനപക്ഷ വിഭാഗങ്ങളും ദലിതരുമാണ് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത്. മുസ്‌ലിം യുവാക്കളെ ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രമേയത്തിലുണ്ട്. രാജ്യത്ത് ശിക്ഷിക്കപ്പെടുന്നവരില്‍ 15 ശതമാനവും മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. 20 ശതമാനം വിചാരണതടവുകാരും ഈ സമുദായത്തില്‍ നിന്നുള്ളവരാണ്. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ളവ ആരോപിച്ച് പത്തും പന്ത്രണ്ടും വര്‍ഷം വിചാരണ തടവുകാരായി ജയിലില്‍ കിടത്തിയശേഷം നിരപരാധികളെന്ന് കണ്ട് വിട്ടയക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ അവരുടെ ജീവിതം നശിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് എം.ബി രാജേഷ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കശ്മിരില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനം അവസാനിപ്പിക്കണം. കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്കും നിരാലംബരായവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കശ്മിരില്‍ നിലവിലുള്ള അഫ്‌സ്പ നിയമം റദ്ദാക്കണം. ജമ്മുവിനും കശ്മിരിനും ലഡാക്കിനും സ്വയംഭരണാധികാരം നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ദുരഭിമാന കൊല തടയാന്‍ നിയമം പാസാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പശ്ചിമേഷ്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മളനം അംഗീകരിച്ചു. ആഗോളതാപനം, ബംഗാളിലെ തൃണമൂല്‍ അക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."