കടലാടിപ്പാറ ഖനനം: കേന്ദ്രം കാലാവധി നീട്ടി നല്‍കി
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിലെ ബഹുരാഷ്ട്ര കമ്പനിയായ ആശാപുരയ്ക്കു പാരിസ്ഥിതികാഘാത പഠനത്തിനുള്ള കാലാവധി നീട്ടി നല്‍കി. മുന്‍പ് അനുവദിച്ച സമയം നവംബര്‍ 12നു അവസാനിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ വര്‍ഷം നവംബര്‍ 11 വരെ നീട്ടി നല്‍കിയത്.
2006 ലാണു 200 ഏക്കര്‍ സ്ഥലത്ത് ബോക്‌സൈറ്റ് ഖനനം നടത്താന്‍ശ്രമം ആരംഭിച്ചത്. തുടര്‍ന്നു ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരുകയും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. 2013 ല്‍ വീണ്ടും രംഗത്തെത്തിയ കമ്പനി പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയാറാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡയരക്ടര്‍ക്കു അനുമതി നല്‍കി. തെറ്റായ വിവരങ്ങള്‍ നല്‍കിയായിരുന്നു അപേക്ഷ.
വീണ്ടും പ്രക്ഷോഭം ശക്തമായി. നിയമസഭാ മാര്‍ച്ചുള്‍പ്പെടെ നടന്നു. മന്ത്രി ഇ. ചന്ദ്രശേഖരന്റെ സബ്മിഷനു മറുപടിയായി അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഖനാനുമതി റദ്ദുചെയ്യുമെന്നു സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനത്തിനെന്ന പേരില്‍ ആശാപുര സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചുപോയി.
കടലാടിപ്പാറയില്‍ സോളാര്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനിടയിലാണു ഇവിടെ പാരിസ്ഥിതികാഘാത പഠനത്തിനുള്ള അനുമതി വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്. 98 ഏക്കര്‍ സ്ഥലത്തു സോളാര്‍ പാര്‍ക്കിന്റെ സര്‍വേ നടപടികളും പൂര്‍ത്തിയായതാണ്. ഖനന ഭീതി അകന്നതായി കരുതിയിരിക്കുമ്പോഴാണു ഇരുട്ടടിപോലെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി.
എന്നാല്‍ പാരിസ്ഥിതികാഘാത പഠനത്തിനുള്ള സാഹചര്യമൊരുക്കി തരുന്നില്ലെന്നു കാണിച്ചു ആശാപുര കമ്പനി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സി.ഇ.ഒ സന്തോഷ് മേനോനാണു കേസ് നടത്തിപ്പിന്റെ ചുമതല. ജില്ലാ കലക്ടര്‍, സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി, റവന്യു സെക്രട്ടറി, സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എന്നിവരെ എതിര്‍ കക്ഷികളായി ചേര്‍ത്തു കൊണ്ടാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."