കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ കലിപ്പടക്കാന്‍ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുന്നു. പോയിന്റ് പട്ടികയിലെ ഏറ്റവും അവസാനക്കാരായ ഡെല്‍ഹി ഡൈനാമോസാണ് ബാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പരിശീലക സ്ഥാനത്തേക്ക് മടങ്ങിവന്ന ഡേവിഡ് ജയിംസിന്റെ കീഴില്‍ പൂര്‍ണ കരുത്തരായാണ് ബാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. വമ്പന്‍ താരങ്ങളെ സ്വന്തമാക്കി കലിപ്പടക്കണം കപ്പടിക്കണം എന്ന മുദ്രാവാക്യവുമായി ഐ.എസ്.എല്‍ നാലാം സീസണിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒരുപക്ഷേ ഇതുവരെ കളിയില്‍ തങ്ങളുടെ പൂര്‍ണ മികവു പുറത്തെടുക്കാനായിട്ടില്ല. പരിശീലകന്റെ പോരായ്മയായിരുന്നു ഇതുവരെ തങ്ങളുടെ പ്രശ്‌നമെന്ന് പറഞ്ഞറിയിക്കുന്ന കളിയാണ് കേരളം പൂനെയ്‌ക്കെതിരേ പുറത്തെടുത്തത്.
പരുക്കിന്റെ പിടിയിലുള്ള വിനീതിന് കളിക്കാനാകുമോ എന്നതാണ് ബാസ്റ്റേഴ്‌സ് ഫാന്‍സിന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്്. പരുക്ക് കാരണം കഴിഞ്ഞ രണ്ടു കളികളില്‍ വിനീതിന് കളിക്കാന്‍ സാധിച്ചിട്ടില്ല. ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോയുടെ വരവ് ബാസ്‌റ്റേഴസിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ചിട്ടുണ്ട്.
എട്ടു കളികളില്‍ നിന്ന് ഒരു ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമടക്കം എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരളം. ഡെല്‍ഹിയാകട്ടെ എട്ടു കളികളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ആറു തോല്‍വിയുമടക്കം നാലു പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. പ്ലെ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനു ജയം അനിവാര്യമാണ്. രണ്ടു ടീമുകളും ഇതുവരെ നടന്ന മത്സരങ്ങളില്‍ നിന്ന് വെറും ഏഴു ഗോളുകള്‍ മാത്രമാണ് അടിച്ചത്.
ഇനി കളിമാറും
കെസിറ്റോ, പെക്കുസണ്‍, സിഫ്‌നിയോസ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഈ പേരുകള്‍ മുഴങ്ങട്ടെ. പി.എസ്.ജിക്ക് നെയ്മര്‍, കവാനി, എംബാപെ പോലെ റയല്‍ മാഡ്രിഡിന് ക്രിസ്റ്റിയാനോ, ബെയ്ല്‍, ബെന്‍സേമ പോലെ ബാഴ്‌സലോണക്ക് മെസ്സി, സുവാരസ്, കുട്ടീഞ്ഞോ പോലെ ബ്ലാസ്‌റ്റേഴ്‌സിനുമുണ്ട് ഒരു മൂവര്‍ സംഘം.
കെസിറ്റോ, പെക്കുസണ്‍, സിഫ്‌നിയോസ്. ഇവരുടെ കൂടെ മലയാളി താരം സി.കെ വിനീത് കൂടെ കളത്തിലിറങ്ങുന്നതോടെ സ്റ്റേഡിയം ഇളകി മറിയുമെന്നതില്‍ സംശയമില്ല.
ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് മാത്രമല്ല ഐ.എസ്.എല്‍ ഫുട്‌ബോള്‍ പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കുന്നത് ഈ മൂവര്‍ സംഘത്തിലേക്കാണ്. പൂണെയോടുള്ള കഴിഞ്ഞ മത്സരത്തില്‍ ഈ മൂവര്‍ സംഘത്തിന്റെ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ മുഴുവന്‍ ആവേശം കൊള്ളിച്ചതാണ്.
കെസിറോണ്‍ കിസിറ്റോ
അരങ്ങേറ്റ മത്സരത്തില്‍ കേരള ബാസ്റ്റേഴ്‌സ് ഫാന്‍സിന്റെ മനസിലിടംപിടിക്കാന്‍ സാധിച്ചു ആഫ്രിക്കയില്‍ നിന്നെത്തിയ ഈ ഇരുപതുകാരന്‍ പയ്യന്. ഈ താരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ തുറപ്പുചീട്ടെന്ന് തന്നെ വിശേഷിപ്പിക്കാം. പൂനെയോട് തോല്‍ക്കുമെന്ന് തോന്നിച്ച കഴിഞ്ഞ മത്സരത്തില്‍ അതിവേഗവും കൃത്യതയാര്‍ന്ന പാസുകളുമായി കിസിറ്റോ കളം നിറഞ്ഞതോടെയാണ് കേരളത്തിനു പ്രതീക്ഷ മുളച്ചത്. കേരളത്തിനു ഒരു ഗോള്‍ തിരിച്ചടിക്കാനുമായി.
മത്സരത്തിന്റെ രണ്ടാം പകുതിക്ക് ശേഷം ഡേവിഡ് ജെയിംസ് നടത്തിയ ഏറ്റവും നല്ല തീരുമാനമായിരുന്നു ബെര്‍ബറ്റോവിനു പകരക്കാരനായി കിസിറ്റോയുടെ കൊണ്ടുവന്നത്.
ഉഗാണ്ട ദേശീയ ടീമിലും ഉഗാണ്ടന്‍ ക്ലബായ വൈപര്‍ എഫ്.സിക്കും കളിച്ച കിസിറ്റോ കെനിയന്‍ എ.എഫ്.സി ലെപ്പേഡ്‌സില്‍ നിന്നാണു ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. അസാധാരണമായ പാസിങ് മികവാണു കിസിറ്റോുടെ മികവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."