നൃത്തവേദികളുടെ പുഷ്പാവതിയമ്മ
തൃശൂര്‍: അര്‍ധരാത്രി 1.15 പിന്നിട്ടിട്ടും തേക്കിന്‍കാട്ടിലെ നീലക്കുറിഞ്ഞിയില്‍ നിറഞ്ഞാടുകയാണ് നര്‍ത്തകിമാര്‍. അവരുടെ ചുവടുകള്‍ക്കൊപ്പം താളമിട്ട് നിറഞ്ഞ സദസ്.
ഇവര്‍ക്കിടയിലുണ്ട് നൃത്തവേഗങ്ങള്‍ക്ക് ആവേശക്കൈത്താളമിട്ട് തലനരച്ച ഒരമ്മ. നാലുദിവസം മുന്‍പ് പാലക്കാട് ചിറ്റൂരില്‍ നിന്ന് കലോത്സവനഗരിയിലേക്ക് ബസ് കയറിയതാണ് എഴുപതുകാരിയായ പുഷ്പാവതിയമ്മ. രാവിലെ മുതല്‍ ഓരോ വേദിയിലും തനിക്കിഷ്ടപ്പെട്ട ഇനത്തിനായുള്ള ഓടിപ്പാച്ചില്‍. അങ്ങനെയാണ് നീലക്കുറിഞ്ഞിയിലെത്തിയത്.
നിറഞ്ഞ സദസില്‍ ഇരിപ്പിടം കിട്ടിയില്ലെങ്കിലും പ്രായത്തിന്റെ അവശതകള്‍ മറന്ന് ആറുമണിക്കൂര്‍ ഒരേ നില്‍പ്പിലാണ് പുഷ്പാവതിയമ്മ പുതിയ നര്‍ത്തകരുടെ ചുവടുകള്‍ ആസ്വദിച്ചത്. വേദിയില്‍ ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോള്‍ തോളിലെ ബാഗില്‍ നിന്ന് കണ്ണടയെടുത്ത് വച്ച് അമ്മ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കും.
കര്‍ട്ടനുയരുന്നതോടെ ഓരോ ചുവടിലും ലയിച്ചങ്ങനെ നില്‍ക്കും. ഏറെ ഹൃദ്യമായ ലാസ്യഭാവങ്ങളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാനും പുഷ്പാവതിയമ്മക്ക് മടിയില്ല.
പാലക്കാട് ചിറ്റൂര്‍ വണ്ടണ്ടി ത്താവളം അലയാര്‍ക്കളം വീട്ടില്‍ നിന്നാണ് പുഷ്പാവതിയമ്മ കലോത്സവ വേദിയിലെത്തിയത്. 20 വര്‍ഷമായി കലാമേളകളിലെ സ്ഥിരംസാന്നിധ്യമാണിവര്‍.
സംസ്ഥാനത്തിന്റെ ഏതുഭാഗത്ത് കലാമേള നടന്നാലും പുഷ്പാവതിയമ്മയുടെ സാന്നിധ്യം അവിടെയുണ്ടാകും. കുട്ടിക്കാലത്ത് സ്‌കൂള്‍ കലോത്സവത്തില്‍ കവിതാലാപനത്തില്‍ മികവ് തെളിയിച്ചതിന്റെ ഓര്‍മകളാണ് കലോത്സവ വേദികളിലേക്ക് തന്നെ കൈപിടിക്കുന്നതെന്ന് ഈ അമ്മ പറയുന്നു. ഒരുപാട് വേദികളില്‍ കൗമാരപ്രതിഭകളുടെ മിന്നുംപ്രകടനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിത്തിരി ഇഷ്ടക്കൂടുതല്‍ മാര്‍ഗംകളിയോടുതന്നെ.
ഒപ്പന, സംഘനൃത്തം, പരിചമുട്ട്കളി, കഥകളി, മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, കേരളനടനം തുടങ്ങിയ ഇനങ്ങളുടെ സദസിലെ നിത്യസാന്നിധ്യമായി കഴിഞ്ഞ നാലുദിവസവും പുഷ്പാവതിയമ്മ ഉണ്ടായിരുന്നു.
13 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതോടെ വീട്ടില്‍ ഒറ്റയ്ക്കാണ്. ആദ്യദിവസം തന്നെ കലോത്സവ നഗരിയില്‍ എത്തിയ പുഷ്പാവതിയമ്മ നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയാണ്.
ഇന്ന് വൈകിട്ട് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിലെ ചാംപ്യന്മാര്‍ സ്വര്‍ണക്കപ്പും ഏറ്റുവാങ്ങുന്നത് കണ്ടിട്ടേ പുഷ്പാവതിയമ്മ പാലക്കാട്ടേക്ക് മടങ്ങൂ.
അമ്മക്ക് കൂട്ടായി അനിയത്തി ശോഭനയും അവരുടെ ഭര്‍ത്താവ് വേലായുധനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."