ഒരാഴ്ചക്കിടെ അമേരിക്ക തടഞ്ഞത് 60,000 വിസകള്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലിം വിലക്ക് കോടതി സ്റ്റേ ചെയ്തതോടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ എത്തിതുടങ്ങി. വിലക്കില്‍ ഉള്‍പ്പെട്ട ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് വിസയുള്ള യാത്രക്കാരെ അയക്കുമെന്ന് ഇറാനിലെ വിമാനക്കമ്പനികള്‍ അറിയിച്ചു.
ഗള്‍ഫ് സെക്ടറില്‍ നിന്ന് യാത്രതിരിക്കുന്ന വിമാനക്കമ്പനികളും യാത്രക്കാരെ അമേരിക്കയിലേക്ക് കൊണ്ടുപോയി. ഖത്തര്‍ എയര്‍വേയ്സാണ് ഗള്‍ഫില്‍ നിന്ന് വിലക്കിയ രാജ്യത്തെ പൗരന്മാരുമായി ആദ്യ യാത്രതിരിച്ചതെന്ന് ഖത്തര്‍ എയര്‍വേയ്സ് വക്താവ് പറഞ്ഞു.
ഒരാഴ്ചയായി തുടരുന്ന യാത്രാവിലക്കിനെ തുടര്‍ന്ന് 60,000 വിസകള്‍ റദ്ദാക്കിയതായി യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഏഴ് മുസ്ലിം രാജ്യങ്ങളിലെ വിസാ അപേക്ഷകളാണ് നിരസിച്ചത്.
പുതിയ വിസക്ക് അപേക്ഷിക്കാതെ തന്നെ നേരത്തെയുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോണ്‍സുലാര്‍ വക്താവ് വില്യം കോക്സ് പറഞ്ഞു.
നേരത്തെ ഫെഡറല്‍ കോടതിയില്‍ വിസാ വിലക്കിനെതിരേ നടന്ന വാദത്തില്‍ ഒരു ലക്ഷം വിസകള്‍ റദ്ദാക്കിയെന്നായിരുന്നു അറ്റോര്‍ണിയുടെ വിശദീകരണം. ഇതേതുടര്‍ന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരണം നല്‍കിയത്. 2015 ല്‍ 11 ദശലക്ഷം വിസകളാണ് യു.എസ് അനുവദിച്ചത്.
ഇറാന്, ഇറാഖ്, ലിബിയ, സിറിയ, യമന്‍ പൗരന്മാര്ക്കാണ് യു.എസ് വിലക്ക് ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ വന്‍ പ്രക്ഷോഭത്തിന് ഇത് കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."