ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട സഊദി അറേബ്യ വര്‍ധിപ്പിച്ചു
ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ടയില്‍ സഊദി അറേബ്യ വര്‍ധനവ് വരുത്തി. 5000 സീറ്റിന്റെ വര്‍ധനവാണ് വരുത്തിയത്. ഇതു പ്രകാരം ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ക്ക് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് ഇത്രയധികം സീറ്റുകള്‍ ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്ന് 3.55 ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
1,70,025 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. ഇന്ത്യയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഹജ്ജ് ക്വാട്ട അയ്യായിരം കൂടി വര്‍ദ്ധിപ്പിച്ചതായി കോണ്‍സലര്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് അറിയിച്ചു. 1,75,025 ആയിരിക്കും ഇന്ത്യയുടെ പുതിയ ഹജ്ജ് ക്വാട്ട. മുന്‍വര്‍ഷങ്ങളെ പോലെതന്നെ ഹജ്ജ് ക്വാട്ടയില്‍ 73ശതമാനം പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 27ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജിനെത്തും. ഇതുപ്രകാരം നാല്‍പ്പത്തിയാറായിരത്തോളം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് നിര്‍വഹിക്കും.
ഞായറാഴ്ചയായിരുന്നു ഇന്ത്യയും സഊദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചത്. ചടങ്ങില്‍ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണം എന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി സഊദി ഹജ്ജ് മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് അനുഭാവപൂര്‍വം പരിഗണിക്കാം എന്നായിരുന്നു അന്ന് ലഭിച്ച മറുപടി. ഇന്നാണ് ക്വാട്ട വര്‍ധിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ജൂലൈ മധ്യത്തില്‍ ഇത്തവണത്തെ ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 3,60,000 ത്തോളം പേരാണ് ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിനായി അപേക്ഷിച്ചിരിക്കുന്നത്.
അതേ സമയം ഇന്ത്യയില്‍ ഈ വര്‍ഷം 21ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റകളാണുള്ളത്. സഊദി എയര്‍ലൈന്‍സ് , എയര്‍ ഇന്ത്യ വിമാനങ്ങളാണ് പ്രധാനമായും സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും എയര്‍ ഇന്ത്യക്കായിരിക്കുമെന്നാണ് സൂചന. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഹാജുമാര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ ഒരുക്കുന്നതിന് ഇന്ത്യന്‍ ഹജ്ജ് മിഷ്യന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.
അതേ സമയം മുസ്‌ലിം ജനസംഖ്യാനുപാതികമായാണ് വീതംവെപ്പ്. 2011ലെ സെന്‍സെസ് പ്രകാരം രാജ്യത്തെ മുസ്‌ലിം ജനസംഖ്യയില്‍ 5.15 ശതമാനമാണ് കേരളത്തിലുള്ളത്. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ തന്നെ 11,197 സീറ്റുകള്‍ കേരളത്തിന് ലഭിച്ചിരുന്നു. അഞ്ചാം വര്‍ഷക്കാര്‍ക്കുള്ള പ്രത്യേക ക്വാട്ടയും അപേക്ഷകള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളും അടക്കമായിരുന്നു ഇത്. തീര്‍ഥാടനം തുടങ്ങിയശേഷം ഒഴിവുവന്ന 281 സീറ്റുകള്‍കൂടി ലഭിച്ചതോടെ കേരളത്തില്‍നിന്ന് 11,478 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. ഇക്കൊല്ലം ക്വാട്ട വര്‍ധിപ്പിച്ചതിനാല്‍ ആനുപാതികമായി കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ നേരിയ വര്‍ധനയുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."