യുവാവിനെ തട്ടിക്കൊണ്ടുപോയി 13 ലക്ഷം കവര്‍ന്ന കേസ്: ഒരാള്‍കൂടി പിടിയില്‍
മഞ്ചേരി: യുവാവിനെ തട്ടിക്കൊണ്ടു പോയി 13 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍. വള്ളുവമ്പ്രം സ്വദേശി തോരപ്പ വീട്ടില്‍ നൗഷാദാ (40) ണ് ഇന്നലെ പൊലിസ് പിടിയിലായത്. 2016 ഡിസംബര്‍ 27നു പണവുമായി വീട്ടില്‍നിന്നു പുറത്തിറങ്ങിയ വള്ളുവമ്പ്രം നൂറേന് മൂച്ചി ബഷീറിനെ തട്ടിക്കൊണ്ടുപോയാണ് പണം കവര്‍ന്നിരുന്നത്.
കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് എന്നയാളെ കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയിരുന്നു. പണവുമായി പോയ യുവാവിന്റെ വാഹനത്തിന്റെ നമ്പര്‍ ക്വട്ടേഷന്‍ സംഘത്തിനു നല്‍കിയത് നൗഷാദാണെന്നു ചോദ്യംചെയ്യലില്‍ തെളിഞ്ഞു. വള്ളുവമ്പ്രം, മോങ്ങം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പല കേസുകളിലും ഇയാള്‍ക്കു പങ്കുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയില്‍നിന്നാണ് ഇയാളെക്കുറിച്ചു പൊലിസിനു വിവരം ലഭിച്ചത്.
കുപ്രസിദ്ധ മോഷ്ടാവ് കോടാലി ശ്രീധരന്റെ സംഘവുമായും പ്രതിക്കു ബന്ധമുണ്ടായിരുന്നതായി പൊലിസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
മഞ്ചേരി സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കൈലാസ് നാഥ്, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണന് മാരാത്ത്, ടി. ശ്രീകുമാര്‍, സലീം, സജയന് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."