ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളം ചാമ്പ്യന്മാര്‍
തേഞ്ഞിപ്പലം: മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ട് ഓടിച്ചാടി ഒടുവില്‍ കേരളം കിരീടം കൈവിടാതെ കാത്തു. 156 പോയിന്റു നേടിയാണ് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളം എട്ടാം കിരീടം സ്വന്തമാക്കിയത്. കേരളത്തിന്റെ തുടര്‍ച്ചയായ അഞ്ചാം കിരീട നേട്ടം കൂടിയാണിത്. ആദ്യ രണ്ടു ദിനങ്ങളില്‍ മുന്നിട്ടു നിന്ന ഉത്തര്‍പ്രദേശിനെ പിന്നിലാക്കിയാണ് കേരളം അവസാന ദിനത്തില്‍ കുതിച്ചത്. 114 പോയിന്റു നേടി തമിഴ്‌നാട് അവസാന ദിനത്തില്‍ രണ്ടാമതെത്തി. 99 പോയിന്റുമായി ഹരിയാന മൂന്നാമതെത്തിയപ്പോള്‍ ഉത്തര്‍പ്രദേശിന് 78 പോയിന്റുമായി നാലാമതെത്താനെ കഴിഞ്ഞുള്ളൂ. അവസാന ദിനത്തില്‍ ഒരു ദേശീയ റെക്കോര്‍ഡും നാല് മീറ്റ് റെക്കോര്‍ഡുകളും പിറന്നു. മീറ്റില്‍ ആകെ അഞ്ച് ദേശീയ റെക്കോര്‍ഡുകളും 10 മീറ്റ് റെക്കോര്‍ഡുകളുമാണ് പിറന്നത്. ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 10 വെങ്കലവും നേടിയാണ് കേരളം ഒരിക്കല്‍ കൂടി ഓവറോള്‍ ചാംപ്യന്‍മാരായത്. 104 പോയിന്റുമായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഒന്നാമതെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 52 പോയിന്റുമായി കേരളവും തമിഴ്‌നാടും രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ 87 പോയിന്റുമായി ഹരിയാന ഒന്നാമതെത്തി. 62 പോയിന്റ് നേടിയ തമിഴ്‌നാട് തന്നെയാണ് പെണ്‍കുട്ടികളില്‍ രണ്ടാം സ്ഥാനത്ത്. മീറ്റിലെ മികച്ച താരങ്ങളായി കേരളത്തിന്റെ ഹൈജംപ് താരം ശ്രീശങ്കറും സ്പ്രിന്റര്‍ ജിസ്‌ന മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.
പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ നിവ്യ ആന്റണി ദേശീയ റെക്കോര്‍ഡ് നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്‌നയും 800 മീറ്ററില്‍ അബിദ മേരി മാനുവലും 2000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്‌സില്‍ പഞ്ചാബിന്റെ പ്രിയങ്കയും ആണ്‍കുട്ടികളടെ സ്റ്റീപിള്‍ചെയ്‌സില്‍ ഡല്‍ഹിയുടെ രാജ്കുമാറും പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. അഞ്ചു വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവും ഇന്നലെ മാത്രം കേരളം നേടി. നിവ്യ ആന്റണിക്കും ജിസ്‌നക്കും പുറമെ പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ മെഡ്‌ലെ റിലേ, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ എ റാഷിദ്, എസ് അര്‍ഷിത എന്നിവര്‍ പൊന്നണിഞ്ഞു. ദിവ്യ മോഹന്‍, ആല്‍ഫി ലൂക്കോസ്, ലിനറ്റ് ജോര്‍ജ്, അഞ്ജലി ഫ്രാന്‍സിസ്, ആണ്‍കുട്ടികളുടെ മെഡ്‌ലെ റിലേ ടീമും വെള്ളി നേടിയപ്പോള്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ്, അബിഗെയ്ല്‍ ആരോഗ്യനാഥന്‍, എ അജിത എന്നിവരും ഇന്നലെ കേരളത്തിനായി വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."