കടുത്ത വരള്‍ച്ച; ജലം തേടി ഗുഹാവാസികളും കാടിറങ്ങി
കരുളായി: കത്തുന്ന ചൂടില്‍ കുടിവെള്ളം പോലും കിട്ടാക്കനിയായതോടെ വനത്തിനുള്ളിലെ ഗുഹാവാസികളും ഗത്യന്തരമില്ലാതെ കാടിറങ്ങി. കരുളായി വനത്തിനുള്ളിലെ മലമടക്കുകളിലെ അളകളില്‍ (ഗുഹകള്‍) കഴിയുന്ന ഗുഹാവാസികളായ ചോലനായിക്ക വിഭാഗക്കാരാണ് വെള്ളം തേടി ഉള്‍വനത്തില്‍ നിന്നും താളിപ്പുഴയുടെ തീരത്ത് താമസമാക്കിയിരിക്കുന്നത്. പുഴക്കരയില്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകളിലാണ് ഇവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത്.
30 കിലോമീറ്ററോളം ഉള്‍വനങ്ങളിലാണ് ഇവര്‍ സാധാരണ കഴിയാറ്. കാട്ടുചോലകള്‍ ഒഴുകുന്ന ഭാഗത്തെ അളകളാണ് ഈ ഗുഹാവാസികള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കാറ്. എന്നാല്‍ മഴയുടെ കുറവ് കാരണം കാട്ടുചോലകള്‍ ഇത്തവണ നേരത്തെ തന്നെ വറ്റിയതിനാല്‍ ഗുഹവിട്ട് പുറത്തിറങ്ങുകയല്ലാതെ ഇവര്‍ക്ക് മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല.
വേനല്‍ കനക്കുന്നതോടെ നാട്ടിലേതു പോലെ കടുത്ത ചൂടാണ് ഇവര്‍ കഴിയുന്ന ഉള്‍വനത്തിലെ മലമടക്കുകളിലും. ഇല പൊഴിയും വനങ്ങളാണ് കരുളായി വനമേഖലയിലെ മണ്ണള ഭാഗത്തും മറ്റുമുള്ളത്. മരങ്ങള്‍ ഇലപൊഴിക്കുന്നതോടെ പാറകളില്‍ വെയില്‍ പതിക്കുന്നതിനാല്‍ ഇവരുടെ അളകളിലും ചൂടിന്റെ കാഠിന്യം കൂടും. ഇതാണ് ഈ കാലങ്ങളില്‍ ഇവര്‍ അളകള്‍ ഉപേക്ഷിക്കാന്‍ മറ്റൊരു കാരണം.
ഏഴോളം കുടുംബങ്ങളാണ് ഇപ്പോള്‍ താളിപുഴയുടെ തീരത്ത് കുടില്‍കെട്ടി കഴിയുന്നത്. മേഖലയില്‍ നിത്യേനയെന്നോണം സഞ്ചരിക്കുന്ന വന്യമൃഗങ്ങള്‍ തീറ്റ തേടി ഈ കാലങ്ങളില്‍ കൂടുതല്‍ ഉള്‍വനത്തിലേക്ക് പോവുന്നതിനാല്‍ പുഴയുടെ തീര പ്രദേശങ്ങളില്‍ വന്യമൃഗ ശല്യവും കുറവായിരിക്കും. വന്‍ തോതില്‍ ഇലകള്‍ വീണു കിടക്കുന്നതിനാല്‍ വന്യമൃഗങ്ങളുടെ സാമീപ്യവും വേഗത്തില്‍ തിരിച്ചറിയാനാവും. ഇനി ഏതെങ്കിലും മൃഗങ്ങള്‍ ഇവരുടെ വാസസ്ഥലത്തെത്തിയാല്‍ ഇവര്‍ പരിപാലിക്കുന്ന നായകളും കുരങ്ങുകളും ശബ്ദമു@ാക്കി അവയെ പിന്തിരിപ്പിക്കും. താമസിക്കുന്നതിനൊപ്പം വന വിഭവങ്ങളും ശേഖരിക്കാനുതകുന്ന സ്ഥലം കൂടിയാണ് താല്‍ക്കാലികമായി ഇവര്‍ കണ്ടെത്തുന്നത്. വനത്തിലൂടെ നടന്നും ജീപ്പിലുമൊക്കെയായി മുപ്പത് കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാണ് ഇവര്‍ സാധാരണയായി വനവിഭവങ്ങള്‍ വില്‍ക്കുന്നതിനും തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുമൊക്കെയായി കരുളായിലെത്തുന്നത്.
നാല് മാസത്തോളം പുഴയോരങ്ങളില്‍ കഴിയുന്ന ഇവര്‍ മഴക്കാലത്തിന്റെ ലക്ഷണങ്ങള്‍ ക@ു തുടങ്ങിയാല്‍ പഴയ അളകളിലേക്ക് തന്നെ ചേക്കേറും. അതിന് മുന്‍പായി അളയും പരിസരവും വൃത്തിയാക്കുകയും മഴത്തുള്ളികള്‍ അകത്ത് പ്രവേശിക്കാത്ത വിധം താമസ സ്ഥലം സജ്ജമാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."