അപൂര്‍വ നേട്ടവുമായി കരുനാഗപ്പള്ളി താലൂക്കാശുപത്രി
കരുനാഗപ്പള്ളി: രണ്ട് കാല്‍മുട്ടുകളും ഒരേസമയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തി അപൂര്‍വ നേട്ടം കൈവരിച്ച് കരുനാഗപ്പള്ളി താലൂക്കാശുപത്രി. ഇടക്കുളങ്ങര സ്വദേശി സതിയമ്മ (57)യുടെ കാല്‍മുട്ടുകളാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. സര്‍ക്കാര്‍ മേഖലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ഇതിന് മുന്‍പ് രണ്ട് കാല്‍മുട്ടുകളും ഒരേസമയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടന്നിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ഏകദേശം ഏഴ് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയാണ് നിസാര ചെലവില്‍ താലൂക്കാശുപത്രിയില്‍ നടത്തിയത്.
താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സിന്റെ മേല്‍നോട്ടത്തില്‍ അസ്ഥിരോഗ വിദഗ്ധന്‍ ഡേ. അനില്‍കുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കരുനാഗപ്പള്ളി നഗരസഭയുടെ സഹായത്തോടെ ആധുനിക സൗകര്യമുള്ള ഓപ്പറേഷന്‍ തിയറ്ററാണ് താലൂക്കാശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് മുന്‍പ് മുട്ടും ഇടുപ്പെല്ലും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ ഇവിടെ നടന്നിട്ടുണ്ട്.
അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയില്‍ അനസ്‌തെറ്റിസ്റ്റ് ഡോ. ലിറ, അസ്ഥിരോഗ വിദഗ്ധന്‍ ഡോ. അരുണ്‍ തോമസ്, ജീവനക്കാരായ കനകമ്മ, മിനി, മയൂഷ, സമീറ, സിന്ധു, രാജേശ്വരി, സബിത, കല, ഹരിത, ശിവലാല്‍, പുഷ്പ, സുബൈദ തുടങ്ങിയവരും പങ്കാളികളായി. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി നിയന്ത്രിച്ചു കൊണ്ട് രോഗികള്‍ക്ക് സുരക്ഷിതമായ സര്‍ജിക്കല്‍ വാര്‍ഡും താലൂക്കാശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."