ഡീസല്‍ വാഹന നിയന്ത്രണം നടപ്പാക്കാന്‍ സാവകാശം വേണമെന്ന്് ഗതാഗതമന്ത്രി
സ്വന്തം ലേഖകന്‍
കോഴിക്കോട്: പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഡീസല്‍വാഹന നിയന്ത്രണ ഉത്തരവിനോടു സംസ്ഥാന സര്‍ക്കാരിനു വിയോജിപ്പില്ലെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ സാവകാശം വേണം. പ്രായോഗികമായ പ്രയാസങ്ങള്‍ എങ്ങനെ തരണം ചെയ്യാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിട്ടുണ്ട്. എ.ജി. റിപ്പോര്‍ട്ടിന്റെയും നിയമവകുപ്പിന്റെ ഉപദേശത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തരീക്ഷ മലിനീകരണം തടയാന്‍ ശക്തമായ നടപടികള്‍ വൈകരുതെന്ന മുന്നറിയിപ്പായാണ് ട്രൈബ്യൂണല്‍ ഉത്തരവിനെ കാണുന്നത്. അതിന്റെ സത്ത പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒറ്റയടിക്കു നിരത്തില്‍ നിന്നു പിന്‍വലിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ഉത്തരവ് നടപ്പായാല്‍ 4800 ഓളം ബസുകള്‍ അടിയന്തരമായി പിന്‍വലിക്കേണ്ടി വരും. ഇതിനാല്‍ ഉത്തരവ് നടപ്പാക്കുന്നതിന് കൂടുതല്‍ സാവകാശം ലഭിക്കുമോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത് അടക്കമുള്ള മുഴുവന്‍ നടപടി ക്രമങ്ങളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ നടപടി സ്വീകരിക്കും. ഗതാഗത രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കും. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന യാത്രാ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥി സൗഹൃദ മനോഭാവം ഉണ്ടാക്കിയെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിര്‍ദേശം നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ക്ക് അധ്യയനം ആരംഭിക്കുന്നതിന് മുന്‍പ് ബോധവല്‍ക്കരണം നടത്തും.
കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ഒരു രൂപ കുറച്ചപ്പോള്‍ സ്വകാര്യ ബസുകള്‍ക്ക് ഇത് മുന്‍സര്‍ക്കാര്‍ ബാധകമാക്കിയില്ല. ഇതുകാരണം രണ്ടു തരം ചാര്‍ജാണ് നിലനില്‍ക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഇത് ഏകീകരിക്കുന്നതു പരിഗണനയിലുണ്ട്. മലബാര്‍ മേഖലയിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതല്‍ നടപടി സ്വീകരിക്കും.
നഷ്ടത്തിലുള്ള കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും
ലാഭകരമല്ലാത്ത റൂട്ടുകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കില്‍ ഇവ ഒഴിവാക്കി ലാഭകരമായ റൂട്ടുകളിലേക്ക് തിരിച്ചുവിടും. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍. രാജേഷ്, വൈസ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, ജോ. സെക്രട്ടറി കെ.സി. റിയാസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."