അധ്യാപക സമ്മേളനങ്ങള്‍ ഒരേ ദിവസം; ഈയാഴ്ച അധ്യയനം തടസപ്പെടും
മട്ടന്നൂര്‍ (കണ്ണൂര്‍): സംസ്ഥാനത്തെ പ്രമുഖ അധ്യാപക സംഘടനകളുടെ സമ്മേളനങ്ങള്‍ ഒരേ ദിവസമായതിനാല്‍ ഈയാഴ്ച അധ്യയനം തകിടം മറിയുമെന്ന് ആശങ്ക. അധ്യാപക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും അതില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിലേക്കുമായി അധ്യാപകര്‍ക്കു രണ്ടുദിവസത്തെ ഡ്യൂട്ടി അവധി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം വര്‍ഷങ്ങളായി നല്‍കിവരുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്ക അധ്യാപകരും സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുക പതിവാണ്. അങ്ങനെയെങ്കില്‍ ഭൂരിഭാഗം അധ്യാപകരും ഈയാഴ്ച വിവിധ സമ്മേളനങ്ങളിലായിരിക്കും.
സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന സമ്മേളനം ഒന്‍പതു മുതല്‍ 11 വരെ വയനാട് കല്‍പറ്റയില്‍ നടക്കും. അതേ ദിവസങ്ങളില്‍ മലപ്പുറത്താണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എയുടെ സമ്മേളനം.
ഭാഷാധ്യാപക സംഘടനയായ കെ.എ.ടി.എഫിന്റെ സംസ്ഥാന സമ്മേളനം കണ്ണൂരിലും സി.പി.ഐയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിന്റെത് കൊല്ലത്തും നടക്കും. ബി.ജെ.പിയുടെ സംഘടനയായ എന്‍.ടി.യു സമ്മേളനം ഈ ആഴ്ച കോഴിക്കോട്ട് നടക്കും. മുസ്‌ലിം ലീഗിന്റെ സംഘടനയായ കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്നലെ പാലക്കാട്ട് തുടക്കമായി. ഏഴുവരെയാണ് സമ്മേളനം.
അധ്യാപക സംഘടനകളൊക്കെ കേഡര്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അംഗങ്ങളായ മിക്ക അധ്യാപകരും സമ്മേളനങ്ങളില്‍ പങ്കെടുക്കുക പതിവാണ്. സംസ്ഥാന സമ്മേളനത്തില്‍ നടക്കുന്ന ശക്തിപ്രകടനം സംഘടനകള്‍ മത്സര ബുദ്ധിയോടെയാണ് കാണുന്നത്.
പ്രൈമറി സ്‌കൂളുകളെയാണു സമ്മേളന ദിവസം കാര്യമായി ബാധിക്കുക. എസ്.എസ്.എയുടെ ഹലോ ഇംഗ്ലിഷ്, മലയാളത്തിളക്കം, ഐ.സി.ടി ട്രെയിനിങ് തുടങ്ങിയവയും ഈ ആഴ്ച വിവിധ ജില്ലകളില്‍ നടക്കുന്നുണ്ട്. അധ്യാപക പരിശീലനവും സമ്മേളനങ്ങളും ഒരുമിച്ചു വന്നതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."