കാനഡയില്‍ ജോലി വാഗ്ദാനം; ആയിരത്തോളം പേര്‍ വഞ്ചിതരായി
കോഴിക്കോട്: കാനഡയില്‍ സ്വപ്ന തുല്യമായ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘം മുങ്ങി. വിദേശത്ത് ജോലി പ്രതീക്ഷിച്ചു കാത്തിരുന്ന ആയിരത്തോളം പേര്‍ പെരുവഴിയില്‍.
കാനഡയിലെ ടാഗ്രറ്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച യുവാക്കളാണ് തട്ടിപ്പിനിരയായത്.
പത്രപരസ്യം വഴിയാണ് ഇവര്‍ അപേക്ഷ നല്‍കിയത്. ഓഫിസ് അസിസ്റ്റന്റ്, ഓഫിസ് ബോയ്, ഡ്രൈവര്‍, പ്ലംബര്‍, വെല്‍ഡര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, കിച്ചണ്‍ ഹെല്‍പര്‍ തുടങ്ങിയ പതിനേഴോളം തസ്തികകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.
ഒരു മണിക്കൂറിന് 13 കനേഡിയന്‍ ഡോളറായിരുന്നു ഓഫര്‍. ജോലിക്കായി പണം ഒന്നും നല്‍കേണ്ടതില്ലെന്നും ജോലിയില്‍ പ്രവേശിച്ച ശേഷം ആദ്യ പത്തു മാസം 500 ഡോളര്‍ വച്ചു ഏജന്‍സിക്കു നല്‍കണമെന്നുമായിരുന്നു നിബന്ധന. ഈ മോഹന വാഗ്ദാനത്തില്‍ അകപ്പെട്ട ആയിരത്തോളം യുവാക്കളാണ് കോയമ്പത്തൂരിലെ ഇവരുടെ ഏജന്‍സി ഓഫിസില്‍ നേരിട്ടു പോയി അപേക്ഷ നല്‍കിയത്.
അപേക്ഷകരില്‍ നിന്നും 500 രൂപ ഫീസായി വാങ്ങിയിട്ടുണ്ട്. കോയമ്പത്തൂരിലെ നക്‌സസ് കണ്‍സള്‍ട്ടന്‍സി എന്നു പേരുള്ള ഏജന്‍സിയിലാണ് ഇവര്‍ അപേക്ഷ നല്‍കിയത്.
ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം കോയമ്പത്തൂരില്‍ തന്നെയുള്ള മൈക്രോടെക് ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നിന്നും 5000 രൂപ നല്‍കി മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു.
മറ്റു സ്ഥാപനങ്ങളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മതിയാവില്ലെന്നും ഏജന്‍സി നിര്‍ദേശിച്ച സ്ഥാപനത്തില്‍ നിന്നു തന്നെ മെഡിക്കല്‍ പരിശോധന നടത്തണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു.
അപേക്ഷ നല്‍കിയ ശേഷം നാലു മാസത്തിനകം ഓഫര്‍ ലെറ്ററും മറ്റു വിസാ വിവരങ്ങളും അറിയിക്കുമെന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നാലു മാസം കഴിഞ്ഞിട്ടും ഒരു വിവരവുമുണ്ടായില്ല.
ആറു മാസം കഴിഞ്ഞപ്പോള്‍ ചിലര്‍ക്കു ദുബൈയില്‍ നിന്നു ഫോണ്‍ കോള്‍ വരികയും സെലക്ഷന്‍ കിട്ടിയ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം ഇതുവരെ ഒരു വിവരവുമില്ല. കമ്പനിയുടേയും കോയമ്പത്തൂരിലെ ഏജന്‍സിയുടേയും എല്ലാ വൈബ് സൈറ്റുകളും അപ്രത്യക്ഷമായിരിക്കുകയാണ്.
ഫോണ്‍ നമ്പറിലും ബന്ധപ്പെടാനാവുന്നില്ല. അപേക്ഷകരില്‍ ചിലര്‍ കോയമ്പത്തൂരിലെ ഏജന്‍സി ഓഫിസില്‍ പോയപ്പോള്‍ ദിവസങ്ങള്‍ക്കു മുന്‍പേ അടച്ചു പോയെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി അപേക്ഷകര്‍ക്ക് ബോധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."