ലോ അക്കാദമി: സിന്‍ഡിക്കേറ്റിന്റെ നടപടി ഇന്നറിയാം
തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ ആലോചിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേരും. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാവും.വിദ്യാര്‍ഥികളില്‍ നിന്നും തെളിവെടുപ്പു നടത്തി സിന്‍ഡിക്കേറ്റ് വിദ്യാഭ്യാസ മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സിന്‍ഡിക്കേറ്റ് തന്നെ നടപടി എടുത്താല്‍ മതിയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇന്ന് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്.
അതേസമയം, സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ തെളിവെടുപ്പു സമയത്തു തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. പ്രിന്‍സിപ്പലിനെ സംരക്ഷിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഇടതു സംഘടനയുടെ പ്രതിനിധികള്‍ നടത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലക്ഷ്മി നായരെ പുറത്താക്കാന്‍ തയാറാകാതെ മാനേജ്‌മെന്റ് അഞ്ചു വര്‍ഷത്തേക്ക് സ്ഥാനത്തു നിന്ന് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇത് യാതൊരു നിയമസാധുതയും ഇല്ലാത്ത നടപടിയാണെന്നാണ് ആക്ഷേപം. ഇത്തരം നടപടികള്‍ക്കെതിരേ ലക്ഷ്മി നായര്‍ കോടതിയെ സമീപിച്ചാല്‍ യൂനിവേഴ്‌സിറ്റിയും മാനേജ്‌മെന്റും സര്‍ക്കാരും കുടുങ്ങും. സിന്‍ഡിക്കേറ്റിന്റെ തെളിവെടുപ്പു റിപ്പോര്‍ട്ടു കിട്ടിയാല്‍ മാനേജ്‌മെന്റിനെതിരേ നടപടി എടുക്കുമെന്നു പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രിയും മാനേജ്‌മെന്റിന് അനുകൂലമായാണ് നിലപാടെടുത്തത്. ഇതോടെ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ന് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യാര്‍ഥി സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് ക്ലാസ് ആരംഭിക്കുന്നത് സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
സമരം 27 ദിവസം പിന്നിടുമ്പോള്‍ പരിഹാരം കാണാനാകാതെ സര്‍ക്കാരും മാനേജ്‌മെന്റും ഇരുട്ടില്‍ തപ്പുകയാണ്. ഇന്നു ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യാനുള്ള തീരുമാനം എടുക്കുമെന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്. എന്നാല്‍, ഇവരെ സംരക്ഷിക്കാന്‍ സി.പി.എം അംഗങ്ങള്‍ ശ്രമിക്കും.
സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ തിരിമറി നടത്താനും ഇടത് അംഗങ്ങള്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. മാനേജ്‌മെന്റിനെതിരേ നടപടി എടുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം ചേരുന്ന സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."