തെരുവില്‍ നിന്ന് മണികണ്ഠന്‍ റയല്‍ മാഡ്രിഡിലേക്ക്
കൊല്ലം: കുപ്പയിലെ മാണിക്യം പോലായാണ് ഒരു കാലത്ത് തെരുവില്‍ അലഞ്ഞ മണികണ്ഠനിപ്പോള്‍. മാതാപിതാക്കളാരെന്നറിയാതെ ഏക സഹോദരിക്കൊപ്പം കൊല്ലം ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന ബാലന്‍ ഫുട്‌ബോളില്‍ നാളത്തെ ഇന്ത്യന്‍ പ്രതീക്ഷയായി മാറുകയാണ്. ഓച്ചിറയിലെ തെരുവില്‍ നിന്ന് ഫുട്‌ബോളിന്റെ ഹൃദയമായ സ്‌പെയിനിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു ഫുട്‌ബോള്‍ താരം മണികണ്ഠന്‍.
ഓച്ചിറയില്‍ ഭിക്ഷാടനത്തിനിടെയാണ് ഏഴ് വര്‍ഷം മുന്‍പ് മണികണ്ഠനെയും സഹോദരിയെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരും കൊല്ലം ചില്‍ഡ്രന്‍സ് ഹോമില്‍ എത്തുകയായിരുന്നു. മാതാപിതാക്കള്‍ ആരെന്നറിയാതെ ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്നു.
ചില്‍ഡ്രന്‍സ് ഹോമിലെ സൂപ്രണ്ടാണ് മണികണ്ഠനിലെ കാല്‍പ്പന്ത് കളിക്കാരനെ തിരിച്ചറിഞ്ഞത്. കളിയില്‍ അസാമാന്യപാടവം പ്രകടിപ്പിച്ച മണികണ്ഠനെ സൂപ്രണ്ട് തന്നെ നേരിട്ട് കൊല്ലം ഫാത്തിമ മാതാ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയായിരുന്നു. പിന്നീട് മണികണ്ഠന്‍ ഫുട്‌ബോളില്‍ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി. ചെന്നൈ പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്ലസ് അക്കാദമിയിലൂടെ കുട്ടികളുടെ വിഭാഗത്തില്‍ ഐ ലീഗ് ക്യാംപിലെത്തി. മണികണ്ഠന്റെ കഴിവ് തിരിച്ചറിഞ്ഞ ഇവിടുത്തെ വിദേശ പരിശീലകരാണ് റയല്‍ മാഡ്രിഡിന്റെ ഒരു മാസത്തെ പരിശീലനത്തിന് അവസരം ഒരുക്കിയത്.
ഐ ലീഗ് ജൂനിയര്‍ തലത്തില്‍ ചെന്നൈ ഫുട്‌ബോള്‍ പ്ലസ് സോക്കര്‍ അക്കാദമിയിലെ മികവാണ് മണികണ്ഠന് സാന്റിയാഗോ ബെര്‍ണാബുവിലേക്കുള്ള ടിക്കറ്റ് നല്‍കിയത്. റയല്‍ മാഡ്രിഡില്‍ ഒരു മാസത്തെ പരിശീലനത്തിനുള്ള അവസരമാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്. സ്റ്റോപ്പര്‍ പൊസിഷനില്‍ കളിക്കുന്ന മണികണ്ഠന്‍ പ്രതീക്ഷകളിലേക്ക് ബൂട്ട് കെട്ടാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."