കൗമാരകലാ കിരീടം വീണ്ടും കോഴിക്കോടിന്
തൃശൂര്‍: 58ാമത് കേരളാ സ്‌കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്. തുടര്‍ച്ചയായ 12ാം തവണയാണ് സാമൂതിരിയുടെ തട്ടകത്തിലേക്ക് കനകകിരീടമെത്തുന്നത്. പാലക്കാട് ഉയര്‍ത്തിയ അതിശക്തമായ വെല്ലുവിളികളെ അതിജീവിച്ച് രണ്ട് പോയിന്റുകളുടെ മാത്രം വ്യത്യാസത്തിലാണ് കോഴിക്കോട് കിരീടം ചൂടിയത്. കോഴിക്കോട് 895 പോയിന്റ് നേടിയപ്പോള്‍ 893 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയത്. 875 പോയിന്റുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.
865 പോയിന്റ് നേടിയ തൃശൂര്‍ നാലാംസ്ഥാനവും 864 പോയിന്റ് നേടിയ കണ്ണൂര്‍ അഞ്ചാംസ്ഥാനവും നേടി. അവസാന ദിനമായ ഇന്നലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോടും പാലക്കാടും തമ്മില്‍ നടന്നത്. 24 വേദികളില്‍ ഇരുപതിലും മത്സരങ്ങള്‍ ചൊവ്വാഴ്ച തന്നെ അവസാനിച്ചിരുന്നു. ആദ്യ നാല് സ്ഥാനക്കാര്‍ തമ്മില്‍ നേരിയ പോയിന്റിന്റെ മാത്രം വ്യത്യാസമുണ്ടായിരുന്നതുകൊണ്ട് കിരിടം ആര്‍ക്കെന്ന് ഉറപ്പിക്കുക അവസാനനിമിഷ വും സാധ്യമല്ലായിരുന്നു. എന്നാല്‍ ഫോട്ടോ ഫിനിഷിങ്ങില്‍ രണ്ട് പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ കോഴിക്കോട് കിരീടം ഉറപ്പിക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലപ്പുറവും കോഴിക്കോടും ഒന്നാം സ്ഥാനം പങ്കിട്ടു.
അറബിക് കലോത്സവത്തില്‍ 95 പോയിന്റ് നേടിയ മലപ്പുറമാണ് ഒന്നാമത്. കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ 93 പോയിന്റുമായി രണ്ടാംസ്ഥാനം പങ്കിട്ടു. സംസ്‌കൃതോത്സവത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനം നേടി. 95 പോയിന്റാണ് കോഴിക്കോടിന്റെ സമ്പാദ്യം. 91 പോയിന്റോടെ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 111 പോയിന്റോടെ ആലത്തൂര്‍ ജി.ഇ.എച്ച്.എസ് സ്‌കൂളുകള്‍ ഒന്നാമതെത്തി. തുടര്‍ച്ചയായി 12 തവണ സ്വര്‍ണകിരീടം ചൂടിയ കോഴിക്കോട് 2015ല്‍ പാലക്കാടുമായി കിരീടം പങ്കിട്ടിരുന്നു. 1991, 1992, 1993 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായികിരീടം സ്വന്തമാക്കിയും കോഴിക്കോട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."