ഗോഡൗണ്‍ നിറഞ്ഞു; നാണയ നിര്‍മാണം നിര്‍ത്തി
മുംബൈ: രാജ്യത്ത് ഒന്ന്, രണ്ട്, അഞ്ച് രൂപാ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവച്ചു. നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 250 കോടിയിലധികം നാണയങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നാണയങ്ങളുടെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിയത്.
ദി സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത, നോയിഡ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ നാണയ ശാലകളിലാണ് നിര്‍മാണം നിര്‍ത്തിവച്ചത്. വിതരണം ചെയ്യാത്ത നാണയങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവയെല്ലാം എത്രയും പെട്ടെന്ന് വിപണിയിലെത്തിക്കാന്‍ ആര്.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ആര്.ബി.ഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം വരികയും ഇടപാടുകള്‍ ഡിജിറ്റല്‍ വല്ക്കരിക്കുകയും ചെയ്തതോടെ നാണയങ്ങളുടെ കൈമാറ്റം കുറഞ്ഞിട്ടുണ്ട്. അതേസമയം നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവച്ചത് നാണയക്ഷാമത്തിന് ഇടയാക്കില്ലെന്ന് ആര്.ബി.ഐ അറിയിച്ചു. ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന നാണയങ്ങള്‍ വിപണിയിലെത്തിക്കാന്‍ ആര്.ബി.ഐ ഇന്നലെ ഉത്തരവിറക്കിയിട്ടുണ്ട്.
അതിനിടയില്‍ നാണയ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതോടെ നിര്‍മാണ ശാലകളില്‍ ജോലി ചെയ്യുന്ന 3,000ത്തോളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകള്‍ ഇക്കാര്യം ധനകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."