കടല്‍ കടക്കാന്‍ തയാറായി കൂറ്റന്‍ ഉല്ലാസ നൗക
ഫറോക്ക്: ഖത്തറിലേക്ക് കടല്‍ കടക്കാന്‍ അണിഞ്ഞൊരുങ്ങി കൂറ്റന്‍ ഉല്ലാസ നൗക. ഫറോക്ക് കരുവന്‍തിരുത്തി ചെറിയപുളിക്കത്താഴം പടന്നയില്‍ നിര്‍മിച്ചിരിക്കുന്ന ഭീമന്‍ ഉരു ഖലാസികളുടെ നേതൃത്വത്തില്‍ നദിമുഖത്തേക്ക് നാളെ മുതല്‍ നീക്കി തുടങ്ങും. ഉരുനിര്‍മാണ രംഗത്തെ ബേപ്പൂരിന്റെ പ്രൗഢിയും പെരുമയും വിളിച്ചോതുന്ന ആഡംബര നൗക രണ്ടര വര്‍ഷം കൊണ്ടാണ് പണിതീര്‍ത്തത്.
പിന്‍ഭാഗം പരന്ന സംബൂക്ക് ഇനത്തില്‍പ്പെട്ട ഉരു ഖത്തറിലെ പ്രമുഖ വ്യവസായി ഖാലിദ് അല്‍സുലൈത്തിക്കു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉരു നിര്‍മാണത്തില്‍ അന്‍പത് വര്‍ഷത്തെ പാരമ്പര്യമുളള ബേപ്പൂര്‍ പാണ്ടികശാല കണ്ടി അബ്ദുല്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുളള ബിനാഫെ എന്റര്‍പ്രൈസസാണ് നിര്‍മാതാക്കള്‍. ഉരുവിന്റെ മുകള്‍ ഭാഗം 140 അടിയും താഴ് ഭാഗം 90 അടിയുമാണ് നീളമുളളത്.
30 അടി വീതിയുളള ഉരു പ്രധാനമായും തേക്കിലാണ് പണി തീര്‍ത്തിരിക്കുന്നത്. പന്ത്രണ്ടു കോടിയിലേറെ രൂപ ചെലവ് വരുന്ന ഉരുവിന്ന് കൊട്ടാര സമാനമായ രണ്ടു നിലകളുണ്ട്. മണിക്കൂറില്‍ 20 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 700 കുതിര ശക്തിയുള്ള രണ്ട് എന്‍ജിനുകളാണ് ഈ നൗകയില്‍ ഘടിപ്പിച്ചിരിക്കുന്നത്. തച്ചുശാസ്ത്ര വിദഗ്ധന്‍ പുഴക്കര രമേശന്റെ മേല്‍നോട്ടത്തില്‍ അത്യപൂര്‍വ കൊത്തുപണികളാണ് ഉരുവില്‍ തീര്‍ത്തിരിക്കുന്നത്. 30 തൊഴിലാളികളാണ് ദിവസവും ഉരുവിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നത്.
നദിയിലിറക്കുന്ന ഉരു അലങ്കാരപ്പണികള്‍ തീര്‍ത്തതിനു ശേഷമാണ് ഖത്തറിലേക്ക് കൊണ്ടു പോവുക. ബേപ്പൂരില്‍ നിന്നുളള 40 ഖലാസിമാര്‍ നാളെ രാവിലെയോടെ തന്നെ നദീ മുഖത്തെത്തിക്കാനുളള പ്രവൃത്തി തുടങ്ങും. കൂറ്റന്‍ ബാലൂസില്‍ കയറ്റി നിര്‍ത്തിയിരിക്കുന്ന ഉരു ദവ്വര്‍ തിരിച്ചാണ് നദിക്കരികിലേക്ക് നീക്കുക.
സാധാരണ ഉരുവിന്റെ മുന്‍ഭാഗമാണ് ആദ്യം നദിയിലേക്കിറക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി ഉരുവിന്റെ പിന്‍ഭാഗമാണ് വെള്ളത്തിലെത്തിക്കുന്നത്. പതിനഞ്ചാം തിയതിയോടെ ഉരു വെള്ളത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."