കമല മില്‍സ് തീപിടുത്തം: മൂന്നാമനും പിടിയില്‍
മുംബൈ: 14 പേരുടെ മരണത്തിനിടയാക്കിയ മുംബൈ കമല മില്‍സ് തീപിടുത്തത്തില്‍ വണ്‍ എബൗ പബ്ബിന്റെ ഉടമകളില്‍ മൂന്നാമത്തെയാളെയും പൊലിസ് അറസ്റ്റ് ചെയ്തു. ഒളിവിലിയിരുന്ന അഭിജിത് മങ്കാറും പിടിയിലായതായി ഡപ്യൂട്ടി കമ്മീഷണര്‍ വീരേന്ദ്ര മിശ്ര അറിയിച്ചു. വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്.
പബ്ബ് ഉടമകളായ കൃപേഷ്, ജിഗര്‍ സങ്‌വി എന്നിവരെ പൊലിസ് ബുധനാഴ്ച അര്‍ധരാത്രിയോടെ പിടികൂടിയിരുന്നു. രണ്ടാഴ്ചയോളമായി ഒളിവിലായിരുന്ന ഇവരെ നഗരം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് പിടികൂടിയത്.
മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ, അഭിജീതിന് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ വിശാല്‍ കാര്യ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തീപിടുത്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുംബൈ പൊലിസ് കമ്മീഷണര്‍, മേയര്‍ എന്നവര്‍ക്ക് പബ്ബിന്റെ ഉടമസ്ഥര്‍ കത്തെഴുതിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുംബൈ പൊലിസ് ആദ്യം വണ്‍ എബൗ പബ്ബിന്റെ ഉടമസ്ഥര്‍ക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് മോജോ ബിസ്‌ട്രോ പബ്ബിന്റെ ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു. കമല മില്‍സില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പബ്ബുകളാണ്? വണ്‍ എബൗയും മോജോ ബിസ്‌ട്രോയും. മോജോ ബിസ്‌ട്രോയില്‍ നിന്ന് തീപടര്‍ന്ന് വണ്‍ എബൗയിലേക്കും തുടര്‍ന്ന് കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."