പൂപ്പൊലി: ശ്രദ്ധയാകര്‍ഷിച്ച് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
അമ്പലവയല്‍: മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലിയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. പൂപ്പൊലിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചിട്ടുള്ളത്. വീടിന്റെ പുറം ചുമര്‍ തൊട്ട് അകത്തളത്തുവരെ പരീക്ഷിക്കാവുന്ന പൂന്തോട്ടമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. തട്ടുതട്ടായാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമീകരിക്കുന്നത്. പുഷ്പകൃഷിക്ക് മാത്രമല്ല, പച്ചക്കറികളും ഈ രീതിയില്‍ നട്ടുവളര്‍ത്താവുന്നതാണ്.
ചെറിയ സ്ഥലങ്ങളില്‍ ചെടികളുടെ കൂടുതല്‍ ശേഖരണമുണ്ടാക്കാം എന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വലിയ മേന്‍മ. ഒരു ചതുരശ്ര അടിയില്‍ കുറഞ്ഞത് പത്തുമുതല്‍ പതിനഞ്ചുവരെ ചെടികള്‍ വയ്ക്കാം.
ചെടിച്ചട്ടികളില്‍ ചകിരിച്ചോറടങ്ങിയ മിശ്രിതത്തിലാണ് തൈകള്‍ നടുന്നത്. കാലാവസ്ഥക്ക് അനുയോജ്യമായ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയില്‍ വളര്‍ത്താവുന്നതാണ്.
നഗരത്തില്‍ ഹരിത ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ആശയമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. കേരളത്തില്‍ അറുപതുശതമാനം ജനങ്ങള്‍ക്കും പരിമിതമായ ഭൂമി മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ഭൂമിയില്‍നിന്ന് കൂടുതല്‍ വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം രീതികള്‍ പരീക്ഷിച്ച് തുടങ്ങിയത്. കുടുംബകൃഷി പരമാവധി പ്രോത്സാഹിപ്പിക്കുന്നതുവഴി കൂടുതല്‍പേരെ വരുമാനമുള്ളവരാക്കി മാറ്റുവാന്‍ കഴിയും. ഓരോ വീടും പരിസരവും പച്ചക്കറികളുടെയും പഴങ്ങളുടേയും പൂക്കളുടേയും കലവറയാക്കി മാറ്റാന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതി സഹായകരമാണെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് രീതി കൊണ്ട് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."