അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവം: ബാങ്ക് കൈയൊഴിഞ്ഞെന്ന് പരാതി
ചങ്ങനാശ്ശേരി: പെരുന്ന എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് നിക്ഷേപകന്റെ 57,000 രൂപ രണ്ടു തവണകളിലായി അപഹരിച്ചു. എന്നാല്‍ പണം നഷ്ടപ്പെട്ട വിവരം ബാങ്കില്‍ അറിയിച്ചപ്പോള്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞു തിരിച്ചയച്ചെന്ന് പരാതി. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിലെ ജീവനക്കാരന്‍ പുതുപ്പള്ളി എറികാട് ഗൗരി സദനത്തില്‍ ജി.എന്‍ രാംപ്രകാശിന്റെ പണമാണ് നഷ്ടപ്പെട്ടത്.
അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഇതിനായി വിവരങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ 28ന് റിസര്‍വ് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് രാംപ്രകാശിന് ഫോണ്‍ കോള്‍ ലഭിച്ചിരുന്നു.
ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പര്‍ ( വണ്‍ ടൈം പാസ്‌വേഡ്) പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തട്ടിപ്പാണെന്നറിയാതെ നമ്പര്‍ കൊടുത്ത് അര മണിക്കൂറിനകം 7,000 രൂപ പിന്‍വലിച്ചതായി മെസേജ് വന്നു.
ഇതോടെ ബാങ്ക് മാനേജരുമായി സംസാരിച്ച് എ.ടി.എം നമ്പര്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തു. ഒ.ടി.പി നമ്പര്‍ നല്‍കിയതുകൊണ്ടാണ് തട്ടിപ്പിന് ഇരയായതെന്നും തുടര്‍ന്നും ഈ എ.ടി.എം കാര്‍ഡ് തന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ബാങ്ക് മാനേജര്‍ നിര്‍ദേശിച്ചതായി രാംപ്രകാശ് പറയുന്നു. ഇതനുസരിച്ച് ബ്ലോക്ക് ചെയ്ത എ.ടി.എം കാര്‍ഡ് വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ് ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ ഉപയോഗിച്ച് ചെറുതും വലുതുമായ തുകയിലൂടെ പര്‍ച്ചേസ് നടത്തി പണം പിന്‍വലിച്ചതായി വീണ്ടും മെസേജ് വന്നെന്നും രാം പ്രകാശ് പറയുന്നു.
എസ്.ബി.ഐ യില്‍ നിന്ന് 113 മെസേജുകള്‍ ഫോണിലേക്ക് വന്നതായും അന്ന് ഞായറാഴ്ച ആയതിനാല്‍ പിറ്റേന്ന് രാവിലെ ബാങ്കിലെത്തി തട്ടിപ്പു വിവരം പറഞ്ഞപ്പോള്‍ ബാങ്ക് അധികാരികള്‍ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു എന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."