അവയവദാനത്തിന് തടവുകാര്‍ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനംചെയ്യുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതനുസരിച്ച് 2014ലെ ജയിലുകളും സാന്മാര്‍ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഇതിനായി മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചശേഷം തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതി വാങ്ങണം. തടവുകാരന്‍ ആശുപത്രിയില്‍ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കും. അവയവദാതാവായ തടവുകാരന്റെ ആശുപത്രി ചെലവ് ജയില്‍വകുപ്പ് വഹിക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവുവരെ തടവുകാരന്റെ ഭക്ഷണക്രമം ജയില്‍ അധികൃതരുടെ ചുമതലയായിരിക്കും. അവയവദാനം നടത്തിയെന്ന കാരണത്താല്‍ തടവുകാരന് ശിക്ഷാ കാലാവധിയില്‍ ഒരുവിധ ഇളവിനും അര്‍ഹതയുണ്ടാകില്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ പി. സുകുമാരന്റെ അനുഭവമാണ് പൊതുമാര്‍ഗനിര്‍ദേശം തയാറാക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാരിന് പ്രേരണയായത്. തന്റെ ഒരു വൃക്ക ദാനംചെയ്യുന്നതിന് സുകുമാരന്‍ അനുമതി ചോദിച്ചിരുന്നു.
എന്നാല്‍, തീരുമാനമാകുംമുന്‍പ് വൃക്ക സ്വീകരിക്കേണ്ട രോഗി മരിച്ചു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."