മുല്ലപ്പെരിയാര്‍: ദുരന്ത നിവാരണ സമിതികള്‍ക്ക് രൂപംനല്‍കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി മൂന്ന് പ്രത്യേക ദുരന്ത നിവാരണ സമിതികള്‍ക്ക് രൂപംനല്‍കണമെന്ന് സുപ്രിംകോടതി. കേരളവും തമിഴ്‌നാടും കേന്ദ്ര സര്‍ക്കാരും രൂപീകരിക്കുന്ന ഈ സമിതികള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ആയുസ് എത്രയാണെന്ന് പറയാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ജലകമ്മിഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ബോധിപ്പിച്ചു. 2014 മെയില്‍ സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ ഉത്തരവുപ്രകാരം ഒരു കമ്മിറ്റിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, 50 വര്‍ഷത്തേക്കുവേണ്ടി നിര്‍മിച്ച അണക്കെട്ടിന് 122 വര്‍ഷത്തെ പഴക്കമുണ്ടെന്നും ജനങ്ങള്‍ ഭയത്തിലാണ് കഴിയുന്നതെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ മനോജ് ജോര്‍ജ് കോടതിയെ ബോധിപ്പിച്ചു. ഭോപ്പാല്‍ വാതകദുരന്തവും ഓഖി ചുഴലിക്കാറ്റ് ദുരന്തവും എന്തായിരുന്നുവെന്ന് നമുക്ക് മനസ്സിലായതാണ്. അതിനാല്‍ അടിയന്തരമായി പദ്ധതി തയാറാക്കണമെന്നും അണക്കെട്ട് തകരുന്നതുവരെ കാത്തിരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."