ശബരി റെയില്‍: കേരളം പിന്മാറിയെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ശബരി റെയില്‍പാതയുടെ ചെലവ് വഹിക്കുന്നതില്‍നിന്ന് കേരളം പിന്മാറിയതായി കേന്ദ്രമന്ത്രി സദാനന്ദഗൗഡ. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരി റെയില്‍ പദ്ധതിക്കാവശ്യമായ പണത്തിന്റെ 50 ശതമാനം കേരളവും 50 ശതമാനം കേന്ദ്രവും വഹിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് കേരളം അംഗീകരിച്ചിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം 6,097 കോടിയുടെ അധിക ചെലവാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 21 പദ്ധതികളാണ് കേന്ദ്ര സഹായത്തോടെ കേരളത്തില്‍ നടപ്പാക്കിവരുന്നത്. 21,774 കോടിയാണ് ഇതിനായി വകയിരുത്തിയത്. എന്നാല്‍, പല പദ്ധതികളും ഇഴയുന്നതിനാല്‍ പദ്ധതിച്ചെലവ് 27,871 കോടിയായി വര്‍ധിച്ചു. കേന്ദ്രപദ്ധതികളുടെ നടത്തിപ്പിന് കേരളം മതിയായ പ്രാധാന്യം കൊടുക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, റെയില്‍വേ, കൊച്ചി മെട്രോ തുടങ്ങി 21 പദ്ധതികളുടെ അവലോകനമാണ് നടന്നത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ഒ.സി.എല്‍), കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍), ദക്ഷിണ റെയില്‍വേ തുടങ്ങിയവയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."