അവസര വീരന്മാരും ഊരിലെ പഞ്ഞവും
ഈ മന്ത്രിപ്പണിയും കുടുംബം നോക്കലും എന്തോരം ചെലവുള്ളതാ.
ആരോപിച്ചു വഷളാക്കുന്നവര്‍ക്ക് അതറിയില്ലല്ലോ. വീട്ടില്‍ ആശ്രിതനായ ഭര്‍ത്താവൊരാളുള്ളപ്പോള്‍ ആരും ഗതികെട്ടുപോവും! ഉണ്ണാനുമുറങ്ങാനും സൗകര്യം ചെയ്തുകൊടുക്കേണ്ടതും നേരാംവഴി കണ്ണുകാണാനുള്ള കണ്ണട തരപ്പെടുത്തിക്കൊടുക്കേണ്ടതും ഉത്തമഭാര്യയുടെ കടമയല്ലേ.
ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിച്ചു സദാസമയവും മുക്കിലും മൂലയിലും ഓടിനടക്കുന്നതിനിടെ മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്ത ഭര്‍ത്താവിനൊരു കണ്ണട കൊടുത്തതാണുപോലും കുറ്റമായത്. ഭര്‍ത്താവിന്റെയും അമ്മയുടെയും പേരില്‍ വ്യാജമായി ചികിത്സാബില്‍ നല്‍കിയെന്നാണത്രേ പരാതി. പരാതി പറയുന്നവര്‍ക്കറിയുമോ ഊരിലെ പഞ്ഞം.
പാലക്കാട് പ്ലീനവും കല്‍ക്കത്താ പ്ലീനവും സഖാക്കളുടെ ജീവിതവും പെരുമാറ്റവും എങ്ങനെയാകണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അനാമത്തു ചെലവുകള്‍, ആര്‍ഭാടം, അഴിമതി എന്നിവ പാടില്ല. പെരുമാറ്റത്തിലും ജീവിതത്തിലും ലാളിത്യം അനിവാര്യം... ഇങ്ങനെപോകുന്നു കല്‍പ്പനകള്‍. അതൊക്കെ പാവം അണികള്‍ക്കു മാത്രം.
വലിയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ ഇതൊന്നും അത്ര 'പാടല്ലെ'ന്ന് ആര്‍ക്കാണറിയാത്തത്. ഏതായാലും ജനമധ്യത്തില്‍ നാണക്കേടായെങ്കിലും ഇനിയിപ്പോള്‍ വിജിലന്‍സുകാര്‍ ത്വരിതം വിട്ടു പ്രാഥമികകൃത്യം തുടങ്ങിയതിനാല്‍ രക്ഷപ്പെട്ടു..!
സ്വന്തം സര്‍ക്കാരിന്റെ സ്വന്തം വിജിലന്‍സ് ഏതു സ്വന്തക്കാരെയാണു കുറ്റവാളിയാക്കിയ ചരിത്രമുള്ളത്. അടുത്തിടെ കുട്ടിയമ്മ മന്ത്രിയെവരെ വിജിലന്‍സ് അപ്പൂപ്പന്മാര്‍ വെറുതെവിട്ടു..! പിന്നെയാണോ ഈ ചീളുകേസ്. അന്വേഷിച്ചന്വേഷിച്ചു കുറ്റവാളിയല്ലെന്നു കണ്ടെത്തി അവര്‍ വെറുതെവിടും. അതുവരെ 'ആശ്രിത' മനസോടെ ഭരണം തുടരാം.
*** *** *** ***
കൊച്ചുവായില്‍ വലിയ വര്‍ത്തമാനം പറയുന്ന ബലരാമന്‍ ആളു ചില്ലറക്കാരനല്ല. ഒരു 'മുഖബുക്ക്' കൈയിലുണ്ടെന്നു കരുതി ആരെക്കുറിച്ചും എന്തും പറയും. ഇടുക്കി .....ഗോഡിന്റെ നാക്കില്‍ വികടസരസ്വതിയെങ്കില്‍ ബലരാമന്റെ നാക്കില്‍ അടികൊള്ളിത്തരമെന്ന വ്യത്യാസമേയുള്ളൂ. എ.കെ.ജിയുടെ കാലത്തു ജനിച്ചിട്ടുപോലുമില്ലാത്ത 'ബാല'രാമനാണു പുലഭ്യം പറയുന്നത്.
കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകാര്‍ ഇപ്പോള്‍ എങ്ങനെയായിരുന്നാലും എ.കെ.ജി അവരുടെ ജീവാത്മാവും പരമാത്മാവുമാണ്. എ.കെ.ജി. കേരള സി.പി.എമ്മിന്റെ അടിവേരാണ്. ഇന്നുകാണുന്ന പാര്‍ട്ടിയെ ഇതേരൂപത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം വഹിച്ച ത്യാഗത്തിന്റെ വില ഒരുപക്ഷേ പുത്തന്‍കൂറ്റുകാരായ പലര്‍ക്കും അറിയില്ലെങ്കിലും പഴമക്കാര്‍ക്കറിയാം.
ഗോപാലസേനയില്‍ നിന്നുള്ള 'അടിക്കടി'യുള്ള പരിണാമമാണത്. മരിച്ചുപോയവരെക്കുറിച്ച് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കില്ല. എന്നാല്‍, എ.കെ.ജി ബാലപീഡകനാണെന്ന പയ്യന്റെ കണ്ടെത്തലിനെതിരേ ചോദ്യവും ഉത്തരവും പറയാന്‍ ആളുണ്ടായി.
ഇടതുപക്ഷക്കാര്‍, വിശിഷ്യാ ഡബിള്‍ എം മണിയെപ്പോലുള്ളവര്‍ എന്തു പറഞ്ഞാലും ഒരുവിധപ്പെട്ട കോണ്‍ഗ്രസുകാരാരും ചോദിക്കില്ല. എ.കെ.ജിയെ പറഞ്ഞപ്പോഴും ഇതേ കോണ്‍ഗ്രസുകാരില്‍ പലരും ബലരാമനെ കൈവിട്ടതും നാം കണ്ടു.
അതാണു കോണ്‍ഗ്രസിന്റെ മഹത്തായ 'പാരമ്പര്യം.' പാര്‍ട്ടിക്കാര്‍ തെറ്റുപറഞ്ഞാലും പ്രവര്‍ത്തിച്ചാലും പാര്‍ട്ടി അവരോടൊപ്പമെന്നതാണു കമ്മ്യൂണിസ്റ്റ് തിയറി. കോണ്‍ഗ്രസ് തിയറി വ്യത്യസ്തമാണ്. പത്തു കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ തിയറിയും പത്താണ്. അതുകൊണ്ടുതന്നെ ബലരാമനെ സംരക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ ഒരു ഗതിയും പരഗതിയുമില്ലാത്ത മോഹനുണ്ണിത്താനും സുധാകരനുമൊക്കെയാണ്.
*** *** *** ***
മാണി, വീരന്‍ തുടങ്ങി ഘടകക്കാരില്‍ പ്രമുഖര്‍ സി.പി.എമ്മിലേക്ക് മറുകണ്ടം ചാടാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍, മാണി ഇടതുമുന്നണിയില്‍ പോയാലും വീരന്‍ യു.ഡി.എഫ്. വിടില്ലെന്നാണ് ഉമ്മച്ചനും ഹസന്‍ജിയും കരുതുന്നത്. എന്നാല്‍, യു.ഡി.എഫ്. കനിഞ്ഞുനല്‍കിയ രാജ്യസഭാ കസേര തിരിച്ചേല്‍പ്പിച്ചു കണ്ടം ചാടാന്‍തന്നെയാണു കാലഹരണപ്പെട്ട സോഷ്യലിസത്തിന്റെ അപ്പോസ്തലന്റെ നീക്കം.
ഇനിയൊരു രാജ്യസഭാ സീറ്റിന്റെ സ്‌കോപ്പാണു ലക്ഷ്യം. മകനെങ്കിലും ഉപകാരപ്പെട്ടാല്‍ അത്രയുമായി. മാണീപരിണയം നേരത്തേ നടക്കേണ്ടതായിരുന്നു. ചില കാരണവന്മാരാണ് ഇടങ്കോലിട്ടത്. ഭൈമീകാമുകന്മാര്‍ നോട്ടമിടുന്നതിനു മുമ്പു മുഹൂര്‍ത്തം കുറിക്കാനാണു നീക്കം. വലിയ ഘടകനായ സി.പി.ഐയെ ഒതുക്കാന്‍ രണ്ടു വീരന്മാരെയും ആവശ്യമുണ്ടെന്നാണു ന്യായം. വാലറ്റം: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ കുഴപ്പക്കാരെ ഒതുക്കാന്‍ ഇരട്ടച്ചങ്കനെ കാണിച്ചായിരുന്നു ഭയപ്പെടുത്തല്‍. സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ പോകാതെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നാണു വി.എസിനു മേല്‍ക്കൈയുള്ള കൊല്ലത്തെ കുഴപ്പക്കാരെ ഒതുക്കിയത്. ഇരട്ടചങ്കന്റെ കണ്ണുരുട്ടലില്‍ ഒറ്റച്ചങ്കന്മാരെല്ലാം ഔട്ട്..!!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."