കാലം തന്നെ സാക്ഷി
കാലം തന്നെ (സത്യം), നിശ്ചയമായും മനുഷ്യവര്‍ഗം വമ്പിച്ച നഷ്ടത്തില്‍ തന്നെയാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം വസ്വിയ്യത്ത് (ബലമായ ഉപദേശം) ചെയ്യുകയും ചെയ്തവരൊഴികെ. (അല്‍ അസ്വര്‍)
കാലം എല്ലാത്തിനും സാക്ഷിയാണ്. മനുഷ്യനില്‍ നിന്നുണ്ടാകുന്ന ഏതൊരു പ്രവര്‍ത്തനവും കാലത്തിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകുന്നില്ല. ലോകചരിത്രത്തില്‍ സ്ഥലം പിടിച്ച എത്രയോ സമുദായങ്ങളുടെയും രാഷ്ട്രങ്ങളുടെയും മികച്ച നേട്ടങ്ങള്‍ക്കും അപ്രകാരം തന്നെ അവയുടെ അതിദാരുണമായ അധഃപതനങ്ങള്‍ക്കും നാശങ്ങള്‍ക്കും കാലം സാക്ഷിയാണ്. കാലാകാലങ്ങളില്‍ ഈ ലോകത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാള്‍ക്കും അതില്‍ വലിയ പാഠങ്ങളുണ്ട്. അല്ലാഹു മനുഷ്യന്റെ ചിന്തയെ ഉണര്‍ത്തുകയാണിവിടെ.
മനുഷ്യന് ഇന്നും നിര്‍വചിക്കാന്‍ പറ്റാത്ത പ്രതിഭാസമാണ് കാലം. സംഭവങ്ങളുടെ ക്രമത്തെയും അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അളവാണ്. ഭൗതികശാസ്ത്രത്തില്‍ കാലത്തെ ഒരു അടിസ്ഥാന അളവ് ആയി ഗണിക്കുന്നു. ഭൂമി സൂര്യനുചുറ്റും നടത്തുന്നതും അതിന്റെ അച്ചുതണ്ടില്‍ സ്വയം തിരിയുന്നതുമായ ചലനങ്ങളെ ആസ്പദമാക്കി നിലവിലുള്ള വര്‍ഷം, ദിവസം എന്നിവയേക്കാള്‍ ചെറിയ സമയം അളക്കുന്നതിന് മനുഷ്യന്‍ പണ്ടു മുതല്‍ തന്നെ വിവിധ രീതികളിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. വസ്തുക്കളുടെ നിയതമായ ചലനത്തെ ആധാരമാക്കിയാണ് മനുഷ്യനിര്‍മിതമായ എല്ലാ ഘടികാരങ്ങളും പ്രവര്‍ത്തിക്കുന്നത്.
സമയം അളക്കുന്നതിന് പലവിധ സംവിധാനങ്ങളും പരീക്ഷിച്ച മനുഷ്യന്‍ ഇന്ന് സെക്കന്‍ഡുകളിലും ഓട്ടോ സെക്കന്‍ഡുകളിലും എത്തി നില്‍ക്കുന്നു.സമയത്തിന്റെ ഏറ്റവും ചെറിയ ഭാഗമായി ഗണിക്കുന്നത് സെക്കന്‍ഡാണ്. ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരു ദിവസം 24 മണിക്കൂറും ഒരു സെക്കന്‍ഡ് എന്നാല്‍ 0.000012 ദിവസവുമാണ്.
എന്നാല്‍ ഇതിലും കുറഞ്ഞ സമയ ഘടകങ്ങളുണ്ട്. കംപ്യൂട്ടറുകളാണ് ഇത്തരം സമയം കണക്കാക്കി പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് ഇതേവരെ അളക്കാന്‍ കഴിഞ്ഞ ഏറ്റവും ചെറിയ യൂനിറ്റ് കൂടിയാണിത്. 2010ലാണ് ഇത് അളന്നത്. ഒരു ഓട്ടോസെക്കന്‍ഡ് കിട്ടാന്‍ ഒരു സെക്കന്‍ഡിനെ ഒന്നും 18 പൂജ്യവും ചേരുന്ന സംഖ്യകൊണ്ട് ഹരിക്കണം.
ഇന്നലെകളില്‍ സമയം അളക്കാന്‍ മനുഷ്യന്‍ പലവിദ്യകളും പ്രയോഗിച്ചിരുന്നു. മെഴുകുതിരി ഘടികാരം,മണല്‍ ഘടികാരം,ജലഘടികാരം തുടങ്ങിയവയില്‍ നിന്നും ഇന്ന് ഉപയോഗിക്കുന്ന ക്ലോക്കുകളില്‍ എത്തി. ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യാന്ത്രിക ക്ലോക്കുകള്‍ നിലവില്‍ വരുന്നത്.സമയത്തിന്റെ കൃത്യതയില്‍ അതുവരെ ഉണ്ടായിരുന്ന ഉപകരണങ്ങളില്‍നിന്നും വലിയ മുന്നേറ്റമായിരുന്നു ഇത്. കൃത്യമായ സമയം സൂചിപ്പിക്കാന്‍ പെന്‍ഡുലത്തിന് കഴിയുമെന്ന് കണ്ടെത്തിയതോട് കൂടി ഈ രംഗത്ത് വീണ്ടും മുന്നേറ്റം ഉണ്ടായി. അതില്‍ നിന്നും പുരോഗതി പ്രാപിച്ച് ആണവഘടികാരവും ക്വാണ്ടം ലോജിക് ഘടികാരവും ഇന്ന് നിലവിലുണ്ട്.
സൂര്യനാണ് സമയത്തെ ഏറ്റവും വ്യക്തമായി സൂചിപ്പിക്കുന്നത്. നിഴല്‍വിദ്യ പ്രാചീനര്‍ വികസിപ്പിച്ചെടുത്തത് ഇതില്‍നിന്നാണ്. സൂര്യഘടികാരം രൂപപ്പെട്ടത് ഇങ്ങനെയാണ്. കമ്പും കല്ലും കൊണ്ടുള്ള ആദ്യത്തെ സൂര്യഘടികാരത്തില്‍ കമ്പായിരുന്നു സൂചി. കമ്പ് മണ്ണില്‍ കുഴിച്ചുവയ്ക്കും. പകല്‍വെളിച്ചത്തില്‍ കമ്പിന്റെ നിഴല്‍ ഭൂമിയില്‍ പതിയും. നിഴലിന്റെ ദിശയും നീളവുംനോക്കി സമയം അറിയാം. സൂര്യനെയും നിഴലിനെയും ആസ്പദമാക്കിയാണ് നിസ്‌കാര സമയങ്ങള്‍ ക്രോഢീകരിച്ചത് എന്നത് ശ്രദ്ധേയം. ചന്ദ്രനെയും സൂര്യനെപ്പോലെ കാലനിര്‍ണയത്തിന് ഉപയോഗിച്ചിരുന്നു. ങീീി എന്ന വാക്കില്‍ നിന്നാണ് ങീിവേ രൂപപ്പെട്ടത് എന്ന് ഭിപ്രായപ്പെട്ടവരുണ്ട്.
മനുഷ്യപുരോഗതിക്ക് ഉതകുന്ന ഏറ്റവും സുപ്രധാനമായ ഘടകമാണ് സമയം. മനുഷ്യര്‍ക്ക് സമയത്തെപ്പറ്റി ബോധമുണ്ടാകുന്നതിന് ദിനരാത്രങ്ങളോ, ബാലന്‍സ് വീല്‍പെന്‍ഡുലാദികളുടെ ചലനമോ ഒന്നും വേണ്ട. കുരുടനും ചെകിടനും ആയ ഒരാള്‍ക്ക് ഇതൊന്നും അനുഭവപ്പെടുന്നില്ല; എന്നാല്‍ അയാളുടെ സമയബോധം മറ്റുള്ളവരുടേതില്‍ നിന്ന്, പറയത്തക്കതായി വ്യത്യസ്തമല്ല. മനുഷ്യന് സമയത്തെപ്പറ്റി ഏറ്റവും ശക്തമായ വിധത്തില്‍ ബോധമുണ്ടാക്കുന്ന കാര്യങ്ങളാണ് വിശപ്പ്, ദാഹം, മലമൂത്രാദിവിസര്‍ജനത്തിനായുള്ള ആവശ്യം മുതലായവ. യഥാര്‍ഥത്തില്‍ നമുക്ക് സമയത്തെപ്പറ്റി 'ബോധം' ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തില്‍ തന്നെ നടക്കുന്ന ജീവശാസ്ത്രപരമായ ഇത്തരം പ്രവര്‍ത്തനങ്ങളാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യന്റെ സര്‍വചിന്തകളിലേക്കും കൊണ്ടുപോകാന്‍ പര്യാപ്തമാണ് സമയം. ഇമാം ശാഫിഈ സൂറത്തുല്‍ അസ്വ്‌റിനെ കുറിച്ച് പരാമാര്‍ശിച്ചത് ഇങ്ങനെ വായിക്കാം: വിശുദ്ധ ഖുര്‍ആനില്‍ ഈ സൂറത്ത് അല്ലാതെ മറ്റൊന്നും അവതരിക്കപ്പെട്ടില്ലെങ്കിലും ഈ സൂറത്ത് മാത്രം മതിയാകുമായിരുന്നു. കാരണം എല്ലാ വിഷയങ്ങളും ഈ സൂറത്ത് ഉള്‍ക്കൊള്ളുന്നു.
സത്യം വിശ്വസിച്ച്, സല്‍ക്കര്‍മങ്ങളാചരിച്ച്, നന്മ പരസ്പരം ഉപദേശിച്ച്, ക്ഷമ ഉദ്‌ബോധിപ്പിക്കുന്നവരൊഴികെ മറ്റെല്ലാ മനുഷ്യരും മഹാ നഷ്ടത്തിലാണെന്നാണ് ഈ അധ്യായം പഠിപ്പിക്കുന്നത്. എങ്കില്‍ ആ മഹാ നഷ്ടത്തിന്റെ കാരണമെന്താണ്. ഇപ്പറഞ്ഞ മൂല്യങ്ങള്‍ തിരസ്‌കരിക്കുന്നത് തന്നെ. സത്യം വിശ്വസിക്കാതെയും സല്‍ക്കര്‍മങ്ങള്‍ ആചരിക്കാതെയും പരസ്പരം സത്യവും ക്ഷമയും ഉപദേശിക്കാതെയും കടന്നുപോകുന്നവര്‍ നഷ്ടത്തിലകപ്പെടും; ഐഹികവും പാരത്രികവുമായ നഷ്ടമാണതുകൊണ്ടുണ്ടാവുക. അല്ലാഹു പറയുന്നത് നോക്കൂ: പറയുക; പ്രവര്‍ത്തന(ഫലം) തികച്ചും നഷ്ടപ്പെട്ടവരെക്കുറിച്ചു നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ?(അതായത്) ഐഹിക ജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പിഴച്ചുപോയിട്ടുള്ളവര്‍. അവരാകട്ടെ തങ്ങള്‍ നല്ല പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ ലക്ഷ്യങ്ങളെയും അവനുമായി കണ്ടുമുട്ടുന്നതിനേയും നിഷേധിച്ചവരാണ്. തന്നിമിത്തം അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി പോയിരിക്കുന്നു. അതുകൊണ്ട് അന്ത്യനാളില്‍ അവര്‍ക്കു നാം യാതൊരു (ഫലപ്രദമായ) തൂക്കവും നിലനിര്‍ത്തുകയില്ല.അത് അവരുടെ പ്രതിഫലം നരകമാണ് എന്നത് അവര്‍ സത്യം നിഷേധിക്കുകയും എന്റെ ലക്ഷ്യങ്ങളെയും എന്റെ ദൂതന്മാരെയും പരിഹാസപാത്രമാക്കുകയും ചെയ്തത് നിമിത്തമാണ്(അല്‍ കഹ്ഫ്).
പരിശുദ്ധ ഇസ്‌ലാമിക ശരീഅത്തിനോട് യോജിച്ച കര്‍മങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കയുള്ളു. അതിനെതിരായി ആരെന്തു പ്രവര്‍ത്തിച്ചാലും അത് തള്ളപ്പെട്ടതാണ്. അതിന്റെ പ്രവര്‍ത്തകന്‍ നല്ലവനാണെന്ന് ധരിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത് എല്ലാവരും നല്ലപോലെ ഗ്രഹിക്കേണ്ടതാണ്. അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാത്തവരുടെ കര്‍മങ്ങളൊന്നുംതന്നെ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. ഇത് ഖുര്‍ആനില്‍ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. പരലോകത്ത് ദുഷ്‌കര്‍മങ്ങളും സല്‍ക്കര്‍മങ്ങളും തൂക്കപ്പെടും; അതില്‍ സത്യനിഷേധികളും ഉള്‍പെടുന്നതാണ്. എന്നാല്‍, അവര്‍ ഇവിടെവച്ച് വല്ല നല്ലകാര്യവും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അവിടെയത് ഫലപ്രദമാവുന്നതല്ല. അവര്‍ അല്ലാഹുവിലും പരലോക ജീവിതത്തിലും വിശ്വസിച്ചവരല്ല എന്നത് തന്നെ കാരണം.
വിശ്വാസം മാത്രം പോരാ. സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുക കൂടി വേണം. നല്ല കര്‍മങ്ങള്‍ അതായത് കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അനുസരിക്കുകയും നിരോധിത കാര്യങ്ങള്‍ വര്‍ജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ വിജയത്തിനു നിദാനമാണ്. വിശ്വാസവും സല്‍ക്കര്‍മാചരണവും കൊണ്ട് മനുഷ്യന്റെ ഐഹിക പാരാത്രികമോക്ഷം സുസാധ്യമാകുന്നില്ല. മറിച്ച് അത്തരമൊരവസ്ഥ നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യം കൂടി സൃഷ്ടിക്കപ്പെടണം.
അതിന് ഓരോ വ്യക്തിയും സത്യം,ക്ഷമ എന്നീ ഗുണങ്ങള്‍ പരസ്പരം ഉപദേശിക്കുകയും വേണം. ഇവ പരസ്പരം പങ്കുവയ്ക്കുമ്പോള്‍ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരു സമൂഹം പിറക്കുന്നു. ഇത് ഓരോ വ്യക്തിക്കും സുരക്ഷിതമായ ഒരു വലയമൊരുക്കും.
സത്യദീനിന്റെ പ്രബോധനവും അതിന്റെ വഴിയില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. എന്ന് ഈ അധ്യായം ത്വര്യപ്പെടുത്തുന്നു. നമുക്ക് നഷ്ടപ്പെടുന്ന ഓരോ നിമിഷങ്ങളും നമ്മുടെ പരാജയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളായി മാറിയേക്കും. അതിനാല്‍ സമയത്തിന് പ്രാധാന്യം നല്‍കി, വിശ്വാസവും സല്‍കര്‍മവും സംരക്ഷിക്കാന്‍ സത്യവും ക്ഷമയും മുറുകെപിടിച്ച് കര്‍മനിരതരാകാന്‍ ഈ അധ്യായം നമ്മോട് ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."