വീട്ടുകാരെ കെട്ടിയിട്ടു കവര്‍ച്ച: നൂര്‍ഖാന്റെ സഹോദരന് പിടിയില്‍
കൊച്ചി: വീട്ടുകാരെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയ കേസില്‍ പൊലിസ് തെരയുന്ന മുഖ്യപ്രതി നൂര്‍ഖാന്റെ (നസീര്ഖാന്) സഹോദരന് മുനീര്‍ഖാനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കവര്‍ച്ചയുമായി ഇയാള്‍ക്കു ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതിയും കൊച്ചിയിലെ ആക്രി വ്യാപാരിയുമായ നൂര്‍ഖാനും സംഘവും മുങ്ങിയ ശേഷം മുനീര്ഖാനെയും കൊച്ചിയില്‍ നിന്നു കാണാതായിരുന്നു. തുടര്‍ന്നു തിരിച്ചെത്തിയപ്പോഴാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്ന് പൊലിസ് പറഞ്ഞു.
പുതുവൈപ്പ് കമ്പനിപ്പടിയില്‍ നൂര്‍ഖാന്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ പൊലിസ് പരിശോധന നടത്തി. കവര്‍ച്ചാ സംഘത്തില്‍ പെട്ടവര്‍ ഇവിടെ തങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അഞ്ചു മാസം മുന്‍പാണു നൂര്‍ഖാനും ഭാര്യയും പെണ്മക്കളും ഇവിടെ താമസിക്കാനെത്തിയതെന്നു പരിസര വാസികള്‍ മൊഴി നല്കി. അതിനു മുന്‍പ് കമ്പനിപ്പടിയില്‍ ഇയാള്‍ നടത്തിയിരുന്ന ആക്രി കടയോടു ചേര്‍ന്നായിരുന്നു താമസം. ആറു മാസം മുന്‍പ് ഇയാളുടെ തന്നെ തൊഴിലാളിയായ സോനയ്ക്ക് രണ്ടു ലക്ഷം രൂപയ്ക്ക് കട കൈമാറിയിരുന്നു.
ഇതിനു ശേഷമാണു കവര്‍ച്ച നടത്തി കേരളം വിടാന്‍ പദ്ധതിയിട്ടതെന്നു സംശയിക്കുന്നു. എരൂരിലും കൊച്ചി ലിസിപുല്ലേപ്പടി റോഡിലും വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘങ്ങള്‍ക്കൊപ്പം നൂര്ഖാനുമുണ്ടായിരുന്നു. കവര്‍ച്ചാ സംഘത്തില്‍പ്പെട്ട ആരിഫ്, അക്രംഖാന്‍, ഇബ്രാഹിം എന്നിവര്‍ നവംബര്‍ മുതല്‍ ഇയാള്‍ക്കൊപ്പം പുതുവൈപ്പിലെ വീട്ടിലുണ്ടായിരുന്നു. ആരിഫിന്റെ പടം സമീപവാസികള്‍ തിരിച്ചറിഞ്ഞു.
കേസില്‍ മൂന്നുപേരെ ഡല്‍ഹിയില്‍ വച്ച് കേരളാ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇനിയും എട്ടുപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ബംഗ്ലാദേശിലേക്ക് കടന്നതായി സൂചനയുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ഒരുവര്‍ഷം മുന്‍പ് ഡല്‍ഹിയിലെത്തി താമസമുറപ്പിച്ച മോഷണ സംഘമാണിവരെന്ന് പൊലിസ് പറഞ്ഞു. ഡിസംബര്‍ 15, 16 തിയതികളിലാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും വീട്ടുകാരെ കെട്ടിയിട്ട് സംഘം സ്വര്‍ണവും പണവും കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."