അത്യസാധാരണം.., അതീവ ഗുരുതരം
രാജ്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിനില്‍ക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങളാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. നാലുജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ചു മാധ്യമസമ്മേളനം വിളിച്ചു സുപ്രിംകോടതിയിലെ മുഖ്യന്യായാധിപനെതിരേ അതിനിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന കാര്യം രാജ്യം തീരുമാനിക്കട്ടെയെന്നാണ് ഈ ന്യായാധിപന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യം അതീവഗുരുതരാവസ്ഥയിലാണെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. നിയമനിര്‍മാണസഭയ്ക്കും ഭരണനിര്‍വഹണസംവിധാനത്തിനും തെറ്റുപറ്റുകയും കടുത്തവീഴ്ചകള്‍ സംഭവിക്കുകയും ചെയ്യുമ്പോഴും അവ ജനാധിപത്യസംവിധാനത്തിന്റെ തകര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ എല്ലാവരും പ്രതീക്ഷയോടെ നോക്കുന്നതു നീതിപീഠത്തെയാണ്. നീതിപീഠത്തിനു തെറ്റു സംഭവിക്കില്ലെന്നതും ജനാധിപത്യത്തെയും മതേതരത്വത്തെയും ക്രമസമാധാനവാഴ്ചയെയും കണ്ണിലെണ്ണയൊഴിച്ചു കാത്തുസൂക്ഷിക്കാന്‍ നീതിന്യായവ്യവസ്ഥയുണ്ടാകുമെന്നുമുള്ള സങ്കല്‍പ്പമാണ് രാജ്യത്തെ സുരക്ഷിതമാക്കി നിര്‍ത്തുന്നത്. ആ പ്രതീക്ഷകളൊക്കെ തകിടം മറിയുകയാണോയെന്ന ഭീതി ഉളവാക്കുന്ന സംഭവങ്ങളാണ് ഇന്നലെ രാജ്യത്തിന്റെ പരമോന്നത നീതിപീഠവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഓര്‍ക്കാപ്പുറത്തുള്ള പ്രതികരണമല്ല നാലു ജഡ്ജിമാരില്‍ നിന്നുണ്ടായതെന്നു വ്യക്തമാക്കുന്നതാണു മാധ്യമസമ്മേളനം നടത്തിയ സീനിയര്‍ ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ വാക്കും പ്രവൃത്തിയും.
കോടതിയുടെ പ്രവര്‍ത്തനസമയം കഴിഞ്ഞോ അതിനു മുമ്പോ അല്ല, കോടതി നടപടികള്‍ നിര്‍ത്തിവച്ചാണ് അവര്‍ മാധ്യമസമ്മേളനം വിളിച്ചുചേര്‍ത്തത്, ആ പ്രവൃത്തിതന്നെ വിഷയത്തിന്റെ ഗുരുതരാവസ്ഥയും അസാധാരണത്വവും ബോധ്യപ്പെടുത്തുന്നു. തീര്‍ച്ചയായും, ആ അസാധാരണത്വവും ഗുരുതരാവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തന്നെയായിരിക്കണം പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു തങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന കാര്യങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കാന്‍ ഈ പ്രത്യേകസമയവും സന്ദര്‍ഭവും തെരഞ്ഞെടുത്തത്.
ജുഡീഷ്യറിക്കെതിരേ ഭരണകൂടം നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ചല്ല ന്യായാധിപന്മാര്‍ പ്രതികരിച്ചിരിക്കുന്നത്. നീതിപീഠത്തിനകത്തു തന്നെ നടക്കുന്നതായി അവര്‍ കരുതുന്ന പുഴുക്കുത്തുകളെക്കുറിച്ചാണു പരാതി. ''സുപ്രിം കോടതിയുടെ പ്രവര്‍ത്തനം ക്രമത്തിലല്ല. കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നുറപ്പാണ്.'' എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്.
എന്തുകൊണ്ട് ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കുന്നുവെന്നുകൂടി ന്യായാധിപന്മാര്‍ പറയുന്നുണ്ട്. ജനാധിപത്യം തകരാതിരിക്കേണ്ടത് തങ്ങളുടെ കടമയാണ്. പത്തിരുപതുവര്‍ഷം കഴിഞ്ഞു തങ്ങള്‍ ശരിയായ സമയത്തു കടമ നിറവേറ്റിയില്ലെന്ന കുറ്റപ്പെടുത്തലുണ്ടാവാതിരിക്കാന്‍ കൂടിയാണു തികച്ചും അസാധാരണമായ നടപടികള്‍ക്കു തുനിഞ്ഞതെന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മാധ്യമസമ്മേളനം വിളിച്ച ന്യായാധിപന്മാര്‍ പറയുന്നു.
വിമര്‍ശനത്തിനു കാരണമായ വസ്തുതകളെന്തൊക്കെയാണെന്നു വിമര്‍ശനമുന്നിയിച്ച ന്യായാധിപന്മാര്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍, രാജ്യത്തിന്റെ നിലനില്‍പ്പിനു പക്ഷപാതപരമായല്ലാതെ പ്രവര്‍ത്തിക്കുന്ന ന്യായാധിപന്മാരും നീതിന്യായവ്യവസ്ഥയും ഉണ്ടാകണമെന്നു ജസ്റ്റിസ് ചെലമേശ്വര്‍ പറയുമ്പോള്‍ ആ വരികള്‍ക്കിടയില്‍നിന്നു പലതും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. പക്ഷപാതപരമായ പ്രവര്‍ത്തനം നീതിന്യായവ്യവസ്ഥയുടെ ഏതൊക്കെയോ ഭാഗങ്ങളില്‍നിന്ന് ഉണ്ടായിരിക്കുന്നു. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഭവം. അഴിമതിക്കാരും സ്വജനപക്ഷപാതികളും പൊതുഖജനാവു കട്ടുമുടിക്കുന്നവരും ജനവിരുദ്ധരുമായ പലരും ജനാധിപത്യവ്യവസ്ഥയുടെ പഴുതിലൂടെ ജനപ്രതിനിധികളായി കടന്നുകൂടിയ നിയമനിര്‍മാണസഭകള്‍ ദുഷിച്ചു നാറാന്‍ തുടങ്ങിയിട്ടു പതിറ്റാണ്ടുകളായെന്നും ആ ദുഷിപ്പിന്റെ തോതു കൂടിവരികയാണെന്നും നമുക്കറിയാം. മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഭരണനിര്‍വഹണസംവിധാനം ദുഷിച്ചിട്ടും കാലമേറെയായി.ഇതിനിടയിലൊക്കെ പൊതുജനം ഏറെ പ്രതീക്ഷ പുലര്‍ത്തുന്നതു ജുഡീഷ്യറിയിലാണ്. കോടതിവിധികളെക്കുറിച്ചും മറ്റും പലപ്പോഴും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും നീതിന്യായവ്യവസ്ഥയില്‍ അങ്ങേയറ്റം വിശ്വാസമാണു പൊതുജനത്തിന്. നിയമനിര്‍മാണസഭയ്‌ക്കോ ഭരണകൂടത്തിനോ നല്‍കാത്ത ആദരവ് ജനം ന്യായാധിപന്മാര്‍ക്കും നീതിപീഠത്തിനും നല്‍കുന്നുണ്ട്. ആ മേഖലയാണു തകര്‍ന്നിരിക്കുന്നതെന്നാണു ന്യായാധിപന്മാര്‍ തന്നെ കുറ്റപ്പെടുത്തുന്നത്. അതു വെറുമൊരു ഊഹാപോഹമായി എടുത്താല്‍ പോരാ.
ന്യായാധിപന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള വിമര്‍ശനം കുറേക്കാലമായി ഉയര്‍ന്നുവരുന്നതാണ്. കൊളീജിയത്തില്‍ അംഗങ്ങളായ സീനിയര്‍ ന്യായാധിപന്മാരുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണു നിയമനം നടക്കുക. നിയമിക്കപ്പെടുന്ന ന്യായാധിപന്മാരുടെ കഴിവുകള്‍ അളക്കാന്‍ അവിടെ മറ്റു സംവിധാനങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. ഒരു പ്യൂണിനെ നിയമിക്കുമ്പോള്‍ പോലും എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവുമെല്ലാം നടക്കുന്ന നാട്ടില്‍ കുറച്ചു നിയമജ്ഞന്മാര്‍ മാത്രം ഈ തീരുമാനമെടുക്കുന്ന സംവിധാനം മാറ്റണമെന്ന ആവശ്യം കുറേക്കാലമായി ഉയരുന്നതാണ്. ഇപ്പോള്‍, ബെഞ്ചു തീരുമാനവുമായി ബന്ധപ്പെട്ട വിമര്‍ശനവും ഉയര്‍ന്നുവന്നിരിക്കുന്നു. ബെഞ്ചു തീരുമാനം ഏകപക്ഷീയമാകുന്നത് അപകടകരമാണെന്നും അതിനൊരു ജനാധിപത്യവ്യവസ്ഥയുണ്ടാകണമെന്നുമാണു മാധ്യമസമ്മേളനം നടത്തിയ ന്യായാധിപന്മാരുടെ ആവശ്യം. ചുരുക്കത്തില്‍ അതീവഗുരുതമായ എന്തെല്ലാമോ പരമോന്നതനീതിപീഠത്തില്‍ ചീഞ്ഞുനാറുന്നുണ്ടെന്നു വ്യക്തം. അതു പരിഹരിച്ചു ശുദ്ധീകരണം നടത്തിയില്ലെങ്കില്‍ തകരുന്നതു ജനാധിപത്യത്തിന്റെ നെടുംതൂണായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."