റോഡപകടങ്ങള്‍: പരിശോധനയും കാംപയിനും സംഘടിപ്പിക്കുന്നു
തൊടുപുഴ: സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധനയും കാംപയിനും സംഘടിപ്പിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിലെ മുഴുവന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശോധനയും കാംപയിനുകളും സംഘടിപ്പിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ കലണ്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്കും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും അയച്ചു.
ഓരോ ആഴ്ചയിലും നിശ്ചിത വിഷയങ്ങളിലാണ് പരിശോധനയും കാംപയിനും സംഘടിപ്പിക്കുന്നത്. കാംപയിന്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പ്രാദേശിക ദൃശ്യ - ശ്രവ്യ മാധ്യമങ്ങളുടെ സഹായം തേടാവുന്നതാണ്. പരിശോധനകളുടെയും കാംപയിന്റെയും മേല്‍നോട്ടം വഹിക്കേണ്ടത് അതാത് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരാണ്. എല്ലാ ഓഫിസുകളും അതാത് ആഴ്ചയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവസാന പ്രവൃത്തിദിനത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് എത്തിച്ചുനല്‍കേണ്ടതാണ്.
ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ ഓഫിസുകളില്‍ നിന്ന് ലഭിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് തുടര്‍ന്നുവരുന്ന ആഴ്ചയിലെ ആദ്യ പ്രവൃത്തിദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മുന്‍പാകെ എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."