സ്പെഷ്യല്‍ കലോത്സവത്തില്‍ താരമായി വൈക്കം വിജയലക്ഷ്മി
കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഭാരതമാതാ കേളജില്‍ നടന്നുവന്ന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന്റെ സമാപനദിനം താരമായത് പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. മുഖ്യാതിഥിയായി വിജയലക്ഷ്മി എത്തിയതോടെ കുട്ടികളുടെ ആവേശം ഇരട്ടിയായി. സ്പെഷല്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് വിജയലക്ഷ്മി പ്രസംഗം അവസാനിച്ചപ്പോള്‍ തങ്ങളുടെ അടുത്തേക്ക് വരണമെന്നായി മുന്‍നിരയിലിരുന്ന കുട്ടികള്‍. പാട്ട് പാടണമെന്ന ആവശ്യം സദസില്‍ നിന്ന് ഉയര്‍ന്നതോടെ പാട്ടുപാടിയതിനുശേഷം വരാമെന്നായി വിജയലക്ഷ്മി.
കീര്‍ത്തനത്തോടെ ഗാനാലാപനം ആരംഭിച്ച വിജയലക്ഷ്മി തന്റെ പ്രിയപ്പെട്ട രണ്ട് പാട്ടുകളും പാടി. എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ ശാരതാബരം ചാരുചന്ദ്രിക, സെല്ലുലോയിഡിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തില് എന്നീ ഗാനങ്ങള്‍ സദസ്സും ഏറ്റുപാടി.
തുടര്‍ന്ന് കുട്ടികളുടെ അടുത്തെത്തിയ വിജയലക്ഷ്മിയെ കൈപിടിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും കുട്ടികള്‍ മത്സരിച്ചു. കുരുന്നുകള്‍ക്ക് നേരെ കൈകള്‍ നീട്ടിയും ചിലരെയൊക്കെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചും വിജയലക്ഷ്മിയും എല്ലാം അകക്കണ്ണ്കൊണ്ട് കാണുകയായിരുന്നു. ഞാനും നിങ്ങളെപോലെ ഒരാളാണെന്ന് വിജയലക്ഷ്മി പറഞ്ഞു വാഹനത്തിലേക്ക് കയറുമ്പോള്‍ കുട്ടികളിലും പ്രതീക്ഷ;തങ്ങളും ഒരുകാലത്ത് ഇങ്ങനെ മികച്ച ഗായികയോ ഗായകനോ ഒക്കെയാകുമെന്ന്...
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."