ബിഹാര്‍ മുഖ്യമന്ത്രിയുടെ വികസന യാത്രക്കുനേരെ ഗ്രാമവാസികളുടെ കല്ലേറ്
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിനു നേരെ കല്ലേറ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന വികാസ് സമീക്ഷാ യാത്രയുടെ ഭാഗമായി ബക്‌സറിലെ നന്ദാറിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ മുഖ്യമന്ത്രിയെ സുരക്ഷാ വിഭാഗം ഇടപെട്ട് ഉടന്‍ തന്നെ സംഭവ സ്ഥലത്തു നിന്ന് മാറ്റി. സുരക്ഷാ വിഭാഗത്തിലെ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 12നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വികാസ് സമീക്ഷാ യാത്ര തുടങ്ങിയത്. സര്‍ക്കാരിന്റെ പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചും നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മറ്റുമായിട്ടാണ് യാത്ര നടത്തുന്നത്. നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണവും സ്വീകരിക്കുന്നുണ്ട്.
ആക്രമണത്തിനു ശേഷം അക്ഷോഭ്യനായി വീണ്ടും പരിപാടിക്കെത്തിയ അദ്ദേഹം അനിഷ്ട സംഭവത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി താന്‍ നടത്തുന്ന അര്‍പ്പണബോധത്തില്‍ വിറളിപൂണ്ടവരാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. അത്തരക്കാര്‍ പ്രകോപനം സൃഷ്ടിച്ച് വികസന പ്രവര്‍ത്തനത്തെ തെറ്റായ രീതിയിലേക്ക് നയിക്കുകയാണെന്നും നിതീഷ് കുറ്റപ്പെടുത്തി.
ദലിതരുടെ വസതികള്‍ സന്ദര്‍ശിക്കണമെന്നുള്ള ഗ്രാമവാസികളുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പരിപാടിക്കുനേരെ കല്ലേറുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."