സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാരിന് വീഴ്ച: യശ്വന്ത് സിന്‍ഹ
ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരേ വീണ്ടും മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്ര സര്‍ക്കാര്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയതിനെതിരേ മധ്യപ്രദേശിലെ നരസിംഘപൂരില്‍ കര്‍ഷകറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം കേന്ദ്രത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ രാജ്യത്ത് വിദേശ നിക്ഷേപം 100 ശതമാനമാക്കുന്നതിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചതിന്റെ യുക്തി മനസിലാകുന്നില്ലെന്നും സിന്‍ഹ ആരോപിച്ചു.
അധികാരത്തിലേറിയപ്പോള്‍ മുന്‍നിലപാടുകളില്‍ പാര്‍ട്ടി വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഇത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണ്.
ചെറുകിട മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമ്പോള്‍ അത് രാജ്യത്തെ നിക്ഷേപകരെയാണ് തകര്‍ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ് സര്‍ക്കാര്‍.എന്നാല്‍ ഇതില്‍ എന്തെല്ലാം കാര്യങ്ങളാണ് രാജ്യത്തിന്റെ ഭാവിക്ക് ഉപകരിക്കുകയെന്നതുസംബന്ധിച്ച് ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ കഴിയാത്ത അവസ്ഥയാണ്. രാജ്യത്തിന്റെ ഭാവിതന്നെ സാമ്പത്തികരംഗത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.
കഴിഞ്ഞ നാലുവര്‍ഷത്തെ സാമ്പത്തിക മേഖലയെക്കുറിച്ച് സര്‍ക്കാര്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ രാജ്യവ്യാപകമായി ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്.
2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ ഉള്ളതിനേക്കാള്‍ വലിയ ഉയര്‍ച്ചയാണ് അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.
അസംസ്‌കൃത എണ്ണവില നിയന്ത്രിക്കാനും ജനങ്ങള്‍ക്ക് ഇതിന്റെ നേട്ടം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എണ്ണ വിലയില്‍ സര്‍ക്കാര്‍ നേടിയ ലക്ഷം കോടികള്‍ എവിടെപോയെന്ന് ആര്‍ക്കുമറിയില്ലെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു.
വിദേശ നിക്ഷേപം രാജ്യതാല്‍പര്യത്തിന്
വിരുദ്ധമെന്ന് ജാഗരണ്‍ മഞ്ച്
ന്യൂഡല്‍ഹി: ചെറുകിട വ്യാപാര മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അംഗീകാരം നല്‍കിയ മോദി സര്‍ക്കാര്‍ നിലപാടിനെതിരേ ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്.
രാജ്യത്തിന് വിരുദ്ധമായ ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് സംഘടനയുടെ ആവശ്യം. മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്കും രാജ്യ താല്‍പര്യത്തിനും വിരുദ്ധമാണ് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യയിലേക്ക് യഥേഷ്ടം കടന്നുവരാനുള്ള അനുമതി നല്‍കിയതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സംഘടനയുടെ ദേശീയ കണ്‍വീനര്‍ അശ്വിനി മഹാജന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം തദ്ദേശീയമായ ഉല്‍പാദന രംഗത്തെ പൂര്‍ണമായും ഇല്ലാതാക്കും. രാഷ്ട്ര നിര്‍മാണ രംഗത്തുനിന്ന് ആഭ്യന്തര നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്താന്‍ മാത്രമേ സര്‍ക്കാരിന്റെ നയം ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. എയര്‍ ഇന്ത്യയുടെ 49 ശതമാനം ഷെയര്‍ സ്വകാര്യമേഖലക്ക് നല്‍കാനുള്ള തീരുമാനവും രാഷ്ട്ര താല്‍പര്യത്തിന് വിരുദ്ധമാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."