യുവശക്തി വിളിച്ചറിയിച്ച് ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിന് സമാപനം
കൊച്ചി: യുവശക്തിവിളിച്ചറിയിച്ച് ഡി.വൈ.എഫ്.ഐ ദേശിയ സമ്മേളനത്തിന് സമാപനം. ബ്ലോക്ക് കമ്മിറ്റികള്‍ക്ക് കീഴിലായി ഹൈക്കോടതി ജങ്ഷന്‍, ഗോശ്രീ പാലം, രാജേന്ദ്ര മൈതാനം എന്നിവിടങ്ങളില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. കേന്ദ്രീകൃത പ്രകടനം ഒഴിവാക്കി ഇരുവരികളില്‍ റോഡിന്റെ ഒരുവശംമാത്രം കേന്ദ്രീകരിച്ച്, ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും തടസങ്ങള്‍ സൃഷ്ടിക്കാതെയായിരുന്നു പ്രവര്‍ത്തകര്‍ അണിനിരന്നത്.
ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും ഉള്‍പ്പെടുന്ന പ്രധാന പ്രകടനം രാജേന്ദ്ര മൈതാനത്ത് നിന്നും ആരംഭിച്ചു. അഖിലേന്ത്യാ സെക്രട്ടറി അവോയി മുഖര്‍ജി, പ്രസിഡന്റ് മുഹമ്മദ് റിയാസ്, എം.ബി രാജേഷ് എം.പി, പി രാജീവ്, എം.എല്‍.എമാരായ എം സ്വരാജ്, എ.എന്‍ ഷംസീര്‍, ടി.വി രാജേഷ്, ജില്ലാ സെക്രട്ടറി കെ.എസ് അരുണ്‍കുമാര്‍, പ്രസിഡന്റ് പ്രിന്‍സികുര്യാക്കോസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ് എന്നിവര്‍ മുന്‍നിരയില്‍ അണിനിരന്നു. ജില്ല കേന്ദ്രീകരിച്ച് മാത്രം നടത്തിയ യൂത്ത് റാലിയില്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.
വൈകിട്ട് 5.45ഓടെ മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും എം.എ ബേബിയും വേദിയിലെത്തിയതോടെ ആവേശം ഇരട്ടിയായി. വൈറ്റ് വളണ്ടിയാര്‍മാരുടെ ബാന്റ്, ചെണ്ട, നാസിക് ഡോള്‍ എന്നിവ മേളപ്പെരുക്കം തീര്‍ത്തപ്പോള്‍ തെയ്യം, പടയണി, കാവടി, പുരാണ കഥാരൂപങ്ങള്‍, പ്രഛന്ന വേഷം എന്നി റാലിക്ക് ഉത്സവഛായ പകര്‍ന്നു. പടപ്പാട്ടും വിപ്ലവ ഗാനങ്ങളും പ്രകടനത്തിന് ആവേശം വിതറി.
സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ജാസി ഗിഫ്റ്റിന്റെയും സംഘത്തിന്റെയും സംഗീത വിരുന്നും അരങ്ങേറി. അഞ്ചേമുക്കാലോടെ പൊതുസമ്മേളനം തുടങ്ങിയിട്ടും യുവജനറാലി സമാപിച്ചിരുന്നില്ല. മൂന്നരമണിക്കൂര്‍ കഴിഞ്ഞാണ് ചെറുപ്രകടനങ്ങള്‍ സമ്മേളന നഗരിയില്‍ പ്രവേശിച്ചത്. വളണ്ടിയര്‍മാരുടെയും സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശിന്റെ നേതൃത്വത്തിലുള്ള പൊലിസിന്റെയും നിയന്ത്രണം ഗതാഗതത്തെ സുഗമമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."