പ്രചോദന ത്രിദിന സംസ്ഥാന ശില്‍പശാല മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന്റേയും വനിതാ ശിശു വികസന വകുപ്പിന്റേയും കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സന്‍സുമായി (കെ.എ.എസ്.ഇ.) സഹകരിച്ച് നടത്തുന്ന 'പ്രചോദന' ത്രിദിന സംസ്ഥാന ശില്‍പശാല ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. അധ്യക്ഷനായ ചടങ്ങില്‍ കെ.എ.എസ്.ഇ. മാനേജിങ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്., വനിതാ ശിശുവികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., സംസ്ഥാന സര്‍ക്കാര്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി പരിപാടിയില്‍ പങ്കെടുത്തു.
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും വിവിധ കാരണങ്ങളാല്‍ സാമൂഹികമായ ഒറ്റപ്പെടലും ബഹിഷ്‌കരണവും നേരിട്ട കുട്ടികള്‍ക്കും പ്രതീക്ഷ നല്‍കുന്നതിനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ പുതിയ കാല്‍ വയ്പ്പാണിത്.
പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിച്ചു മുന്നേറുന്ന കുട്ടികള്‍ക്ക് കരുത്ത് പകരുന്ന രീതിയിലാണ് ശില്‍പശാല ഒരുക്കിയിരിക്കുന്നത്.
പഠന സാധ്യതകളേയും ജോലി സാധ്യതകളേയും സംബന്ധിച്ച് കുട്ടികളില്‍ വ്യക്തമായ അവബോധമുണ്ടാക്കി കൃത്യമായി അവസരങ്ങളെ കണ്ടെത്താനും പ്രയോജനപ്പെടുത്താനും ശില്‍പശാലയിലൂടെ പ്രാപ്തമാക്കുന്നു.
ചര്‍ച്ചകള്‍, കളികള്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, അവതരണം എന്നിവയിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവരുടെ അഭിരുചിക്കനുസരിച്ച് ജീവിതലക്ഷ്യം കൈവരിക്കുന്നതിനും ഈ ശില്‍പശാലയിലൂടെ അവസരമൊരുക്കുന്നത്.
കുട്ടികളുടെ പ്രകടനം വിദഗ്ധ പരിശീലകര്‍ ശാസ്ത്രീയമായി വിലയിരുത്തി അവര്‍ക്കുവേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും മന്ത്രിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയരക്ടര്‍മാര്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."