വൃത്തിയില്ല, വില കൂടുതലും: നിയന്ത്രണമില്ലാതെ തട്ടുകടകള്‍
കൊട്ടാരക്കര: അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ടൗണില്‍ പെരുകുന്നു. വൃത്തിയില്ലായ്മയോടൊപ്പം അധികവിലയും ഈടാക്കി വരുന്ന ഈ തട്ടുകടകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഗതാഗതപ്രശ്നം അതിരൂക്ഷമായ കൊട്ടാരക്കര ടൗണില്‍ തന്നെ ഗതാഗത തടസം സൃഷ്ടിക്കുംവിധം നിരവധി തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ എം.സി റോഡില്‍ കരിക്കത്തിനും മൈലത്തിനുമിടയിലും ദേശീയ പാതയില്‍ റെയില്‍വേ സ്റ്റേഷന് ഭാഗം മുതല്‍ കോട്ടപ്പുറം വരെയും നിരവധി തട്ടുകടകള്‍ ഉണ്ട്. റോഡ് വശങ്ങളിലും സര്‍ക്കാര്‍ ഭൂമികളിലുമായിട്ടാണ് ഇവയുടെ പ്രവര്‍ത്തനം. മുനിസിപ്പാലിറ്റിയുടെയോ ആരോഗ്യവകുപ്പിന്റെയോ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവയെല്ലാം അനധികൃതമാണ്. ഉച്ചകഴിഞ്ഞ് തുടങ്ങി പുലര്‍ച്ചവരെ വ്യാപാരം നടത്തുന്ന തട്ടുകടകളും പകല്‍ സമയങ്ങളില്‍ മാത്രം കച്ചവടം നടത്തുന്ന തട്ടുകടകളും ഉണ്ട്. അനാരോഗ്യകരമായ ചുറ്റുപാടിലാണ് മിക്കവയുടെയും പ്രവര്‍ത്തനം.
ഭക്ഷണ പദാര്‍ഥങ്ങള്‍ തുറന്നുവച്ചാണ് വില്പന. ഓരോ തട്ടുകടകള്‍ക്ക് ചുറ്റും ഈച്ചകളുടെ ശല്യം രൂക്ഷമാണ്. പലഹാരങ്ങള്‍ വറുക്കാനുപയോഗിക്കുന്ന എണ്ണ ആഴ്ചകള്‍ പഴക്കമുള്ളതായിരിക്കും.
ഉപയോഗിച്ച് വരുന്ന എണ്ണയില്‍ അല്‍പ്പം എണ്ണകൂടി ചേര്‍ത്താണ് പൊരിപ്പ് നടക്കുന്നത്. മാരകരോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തട്ടുകടകാര്ക്ക് കുടിവെള്ള ലഭ്യത കുറവായതിനാല്‍ ഉപയോഗം പരിമിതപ്പെടുത്തുന്നു. ഭക്ഷണം കഴിച്ച പാത്രം പോലും വൃത്തിയായി കഴുകാതെയാണ് പിന്നീട് വരുന്നവര്‍ക്ക് നല്‍കുക. ഏതു തരം വെള്ളമാണ് ഇവര്‍ ഉപയോഗിച്ച് വരുന്നതെന്നും വ്യക്തതയില്ല. യാതൊരു വിധ നികുതിയും നല്‍കാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ വില തോന്നിയപടിയാണ്. ഒരു ചായയ്ക്ക് സാധാരണ കടയില്‍ 7 രൂപയാണെങ്കില്‍ ചില തട്ടുകടകളില്‍ അതിന് 8 മുതല്‍ 10 രൂപ വരെ നല്‍കണം.
മുട്ട ഓംലറ്റിനും, ദോശയ്ക്കുമെല്ലാം ഓരോ തട്ടുകടകളിലും വ്യത്യസ്ത വിലയാണ്. രാത്രികാല യാത്രക്കാരെ വിലയില്കൊള്ളയടിക്കുന്നതും പതിവാണ്. ചോദ്യം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നതിനും അക്രമിക്കുന്നതിനും ഇവര്‍ മടിക്കാറില്ല.
മുനിസിപ്പാലിറ്റി അധികൃതരുടെ കണ്വട്ടത്താണ് ഈ അനധികൃത തട്ടുകടകളെല്ലാം പ്രവര്‍ത്തിക്കുന്നത്. രജിസ്ട്രേഷനും ലൈസന്‍സുമില്ലാതെ റോഡ് കൈയേറിയുള്ള ഈ വ്യാപാരം അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ ചിലരുടെ ഒത്താശയോടെയാണ് ഇവയുടെ പ്രവര്‍ത്തനമെന്നും ആരോപണം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."