ആര്‍.എസ്.പിയെ യു.ഡി.എഫിലേക്ക് എത്തിച്ചത് സ്വാര്‍ഥ താല്‍പര്യങ്ങള്‍
കൊല്ലം:ആര്‍.എസ്.പിയെ യു.ഡി.എഫില്‍ എത്തിച്ചത് സ്വാര്‍ഥ താല്‍പ്പര്യങ്ങളെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍.കൊല്ലം പ്രസ് ക്ലബിന്റെ 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആര്‍.എസ്.പി മുന്നണി വിട്ടത് ഒറ്റ ദിവസം കൊണ്ടല്ലെന്ന് രണ്ടു മൂന്നുമാസം മുന്‍പ് തന്നോട് ഇക്കാര്യം ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നുവെന്ന് പീതാംബരകുറുപ്പ് വ്യക്തമാക്കിയിരുന്നുവെന്നും ബാലഗോപാല്‍ പറഞ്ഞു.
മുന്നണി മര്യാദകള്‍ പാലിക്കാതെ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയ ആര്‍.എസ്.പിയെ വഞ്ചകരായിത്തന്നെയാണ് കാണുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു.
വ്യക്തിപരമായ താല്‍പര്യത്തിന് പോയവര്‍ മറുപടി അര്‍ഹിക്കുന്നില്ല.
തനിക്ക് ഇഷ്ടമുള്ളയാളെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയാണ് മുന്നണി വിട്ടവര്‍ അന്നു മത്സരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ചിരുന്ന കൊല്ലം സീറ്റില്‍ അവകാശവാദവുമായി വന്നവര്‍ പത്തനംതിട്ട സീറ്റാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.പിയെ പോലെയല്ല ജെ.ഡി.യുവിനെ തങ്ങള്‍ കാണുന്നത്. വീരേന്ദ്രകുമാര്‍ മാസങ്ങള്‍ക്ക് മുന്‍പെ യു.ഡി.എഫിനോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
നിതീഷിനോട് വിയോജിച്ച് അദ്ദേഹം രാജ്യസഭാംഗത്വം രാജി വച്ചിട്ടുമുണ്ട്. ആര്‍.എസ.്പിക്ക് ഇപ്പോള്‍ കുറച്ചുനേതാക്കള്‍ മാത്രമെയുള്ളൂ.
അണികളെല്ലാം എല്‍.ഡി.എഫിനൊപ്പമാണ്. അവര്‍ക്ക് അങ്ങനെ നില്‍ക്കാനെ സാധിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടി നേതാക്കള്‍ക്ക് സംഘടനാപ്രവര്‍ത്തനം പ്രധാനമാണ്. പാര്‍ട്ടിയെ വേണ്ടാത്തവര്‍ക്കു തോന്നും സ്ഥാനമാനങ്ങള്‍ മതിയെന്ന്. പാര്‍ട്ടി സമ്മേളനങ്ങളില്‍ സംഘടനാപരമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവിടെ നേതാക്കള്‍ ഉണ്ടാകണം,രണ്ടും ഉണ്ടെങ്കിലേ പാര്‍ട്ടിയുള്ളു.
സംസ്ഥാനത്ത് ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മൂന്നു എം.എല്‍.എമാരുള്ളത് കൊല്ലത്താണ്. ഇവര്‍ പരകായപ്രവേശം നടത്തി മന്ത്രിമാരാകുന്നില്ലെന്നും നല്ലരീതിയിലുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
ഒരു രാഷ്ട്രീയ കക്ഷിയെയും സി.പി.എം ടാര്‍ഗറ്റ് ചെയ്തിട്ടില്ല.'എന്റെ സ്വന്തം താല്‍പര്യം എന്റെ ടാര്‍ഗറ്റ്' എന്നുകരുതുന്നവര്‍ കുതിരക്കച്ചവടം നടത്തി ഒരു രാത്രികൊണ്ടു മുന്നണിവിട്ടവരാണ്.
മുന്നണിക്കുള്ളില്‍ ചര്‍ച്ച നടത്തി തിരുമാനമെടുക്കുന്നതിന് പകരം കുതിരക്കച്ചവടം നടത്തി അവര്‍ മുന്നണി വിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ജില്ലയില്‍ നിലനില്‍ക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സി.പി.എം നടത്തും. സ്ഥാനാര്‍ഥിയാരെന്നു പാര്‍ട്ടി സമയത്ത് തീരുമാനിക്കും.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജില്ലയില്‍ ഇടതുമുന്നണിക്കുണ്ടായ വിജയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തമാക്കും.
കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുകയും ജനങ്ങള്‍ക്ക് ന്യായമായി തോന്നുന്ന കാര്യങ്ങള്‍ക്ക് പരിഗണന നല്‍കുകയും ചെയ്യും.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാനത്തെ ഏഴുമണ്ഡലങ്ങളിലൊന്ന് ചാത്തന്നൂരായിരുന്നു.
അവിടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുമായി സഹകരിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി രണ്ടാമതെത്തിയത്. പകരം കൊല്ലം,കുണ്ടറ,ഇരവിപുരം മണ്ഡലങ്ങളില്‍ സഹായിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ ജില്ലയിലെ വോട്ടര്‍മാര്‍ ഇതു മനസിലാക്കി ഇടതുമുന്നണിക്ക് മൊത്തം സീറ്റും നല്‍കുകയായിരുന്നുവെന്ന് ബാലഗോപാല്‍ പറഞ്ഞു.
ജില്ലയില്‍ 12000 കിടപ്പുരോഗികളുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഏറ്റെടക്കുന്നകാര്യം ആലോചിക്കുന്നുണ്ട്. ആശുപത്രികളില്‍ ഭക്ഷണം നല്‍കുന്നതിന് ഇതുവരെ പാര്‍ട്ടി നേതൃത്വത്തില്‍ മുപ്പത് ലക്ഷം പൊതിച്ചോറുകള്‍ കൊടുത്തത് ചെറിയകാര്യമല്ല.
പരിസ്ഥിതി വിഷയങ്ങള്‍ക്കും മാലിന്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടപ്പാക്കും.
തഴവയില്‍ ആയിരം ഏക്കര്‍ വട്ടക്കായലില്‍ നെല്‍കൃഷി നടപ്പാക്കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കൊല്ലം ഏര്യാസെക്രട്ടറി ഇക്ബാല്‍,പ്രസ്‌ക്ലബ് പ്രസിഡന്റ് ജയചന്ദന്‍ ഇലങ്കത്ത്,സെക്രട്ടറി ജി. ബിജു,വൈസ് പ്രസിഡന്റ് പി. ആര്‍ ദീപ്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."