സര്‍വെ ടെണ്ടര്‍ ഒരാഴ്ചക്കകം
പാനൂര്‍: കുറ്റ്യാടി,പെരിങ്ങത്തൂര്‍,പാനൂര്‍ ,പൂക്കോട് കൂത്ത്പറമ്പ്-മട്ടന്നൂര്‍ വരെയുള്ള നിര്‍ദ്ദിഷ്ട നാലുവരിപാതയുടെ സര്‍വേ ടെണ്ടര്‍ ഒരാഴ്ചക്കകം നടക്കും. സര്‍വെക്കുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. റോഡിന്റെ അലൈന്‍മെന്റ് അടക്കമുള്ള സര്‍വെയാണ് ടെണ്ടര്‍ ലഭിക്കുന്ന കമ്പനികള്‍ നടത്തുക. പൊളിച്ചു മാറ്റേണ്ട ഭാഗങ്ങള്‍ സര്‍വെ വകുപ്പ് തന്നെ നേരിട്ട് അടയാളപ്പെടുത്തും.
30 മീറ്റര്‍ വീതിയില്‍ സര്‍വെ നടത്താനാണ് നിര്‍ദേശം. എന്നാല്‍ 25 മീറ്റര്‍ മാത്രമേ ഓവുചാലുകളടക്കം റോഡ് നിര്‍മാണം നടക്കൂ.
മൂന്നര മീറ്ററില്‍ ഒരു പാതയെന്ന നിലയില്‍ 14 മീറ്ററില്‍ നാലുവരിപാതയുടെ ടാറിങ് നടക്കും. ആദ്യ സര്‍വെ പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ട് മാസത്തിലധികം സമയമെടുക്കും. നഷ്ടപരിഹാരമുള്‍പ്പെടെ കൊടുത്ത് റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ഒന്നര വര്‍ഷമെങ്കിലും സമയം വേണ്ടിവരും.
പൊതു സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റും പരമാവധി സംരക്ഷിച്ച് കൊണ്ടുള്ള സര്‍വെ നടത്താനാണ് നിര്‍ദ്ദേശം.
അതതു സ്ഥലത്തെ സബ് കലക്ടര്‍മാരുടെ കീഴിലാണ് നാലുവരി പാതയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ പാതയുടെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടക്കുമെങ്കിലും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും.
പ്രധാന ടൗണുകളിലൂടെ കടന്ന് പോകുന്ന പാതയായതിനാല്‍ ശക്തമായ പ്രതിഷേധമുണ്ടാവാനിടയേറെയാണ്.
വ്യാപാര സ്ഥാപനങ്ങളെയാണ് ഏറെക്കുറെ ബാധിക്കുകയെന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യാപാരികളുടെ സംയുക്ത സമരസമിതികള്‍ എല്ലാ പ്രദേശങ്ങളിലും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."