സംരക്ഷണമതില്‍ തകര്‍ത്ത് കാട്ടാനകള്‍: ആറളം ഭീതിയില്‍
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടാനക്കൂട്ടം സംരക്ഷണ മതില്‍ തകര്‍ത്ത് ഫാമിലെ പുനരധിവാസ മേഖലയിലേക്ക് കടന്നു.
ഇതോടെ മേഖലയിലെ ആദിവാസികള്‍ അടക്കമുള്ള ജനങ്ങള്‍ ഭീതിയിലായി. വളയം ചാലിനടുത്ത ആനമുക്കിലാണ് കാട്ടാനകള്‍ രണ്ടു മീറ്ററോളം പൊക്കത്തില്‍ കെട്ടി ഉയര്‍ത്തിയ കാട്ടാന സംരക്ഷണമതില്‍ തകര്‍ത്തത്.
ആറളം വന്യജീവി സങ്കേതത്തിനോട് അതിര്‍ത്തി പങ്കിടുന്ന ഒന്‍പതാം ബ്‌ളോക്കിലാണ് ഇത്. ആദിവാസികളുടെ വീട്ടുമുറ്റത്തുകൂടിയാണ് ആനകള്‍ മതില്‍ തകര്‍ത്തശേഷം കടന്നുപോയത്. അഞ്ചോളം കാട്ടാനകളാണ് കൂട്ടത്തിലുള്ളത്.
മുന്‍പും ഈ ഭാഗങ്ങളില്‍ കാട്ടാനകള്‍ മതില്‍ തകര്‍ത്തിരുന്നു. മരങ്ങള്‍ കുത്തി മറിച്ചിട്ടും മറ്റും ഇതുവഴി ആനകള്‍ ജനവാസ കേന്ദ്രത്തില്‍ പ്രവേശിക്കാറുണ്ട്.
ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്തി ഉടനെ തകര്‍ത്ത മതില്‍ പുനര്‌നിര്‍മ്മിച്ചും മറ്റും വനം വകുപ്പ് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു.
ആറളം ഫാമിലെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നേരത്തെ ചില ആനകള്‍ താവളമാക്കിയിരുന്നു.
എന്നാല്‍ അഞ്ചോളം ആനകള്‍കൂടി ഇവിടേയ്ക്ക് എത്തിയതാണ് ജങ്ങളില്‍ ഭീതി കൂട്ടുന്നത്. വെള്ളിയാഴ്ചയാണ് മതില്‍ തകര്‍ത്തതെന്നാണ് കരുതുന്നത്. ഫാമിലെ തൊഴിലാളികളും കാവല്‍ക്കാരും പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവയെ കണ്ടെത്താനായിട്ടില്ല.
കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കേ നൂറിലേറെ തൊഴിലാളികള്‍ മേഖലയില്‍ കാടുവെട്ടിത്തെളിയിക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. അറിയാതെ ആനയുടെ മുന്‍പില്‍പ്പെട്ടാല്‍ അപകടമുണ്ടാവാനുള്ള സാധ്യതയേറയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."