വാഹന പരിശോധന: മുഖ്യമന്ത്രിയെ തിരുത്തി കാസര്‍കോട് പൊലിസ്
സ്വന്തം ലേഖകന്‍
കാസര്‍കോട്: വാഹന പരിശോധന നടത്താനുള്ള അധികാരം ആര്‍ക്കാണെന്ന ചോദ്യത്തിനു നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കു മുഖ്യമന്ത്രി നല്‍കിയ മറുപടിയെ തിരുത്തി കാസര്‍കോട് പൊലിസ്. വിവരാവകാശ നിയമപ്രകാരം മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ കാസര്‍കോട് സി.ഐ ഓഫിസില്‍ നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയെ കാസര്‍കോട് പൊലിസ് തിരുത്തിയത്.
വാഹനങ്ങളും രേഖകളും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരം ഏത് റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കാണ് ഉള്ളതെന്ന ചോദ്യത്തിനു വിവരാവകാശ നിയമപ്രകാരം കാസര്‍കോട് സി.ഐ നല്‍കിയ മറുപടിയില്‍ പറയുന്നത് യൂനിഫോം ധരിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെന്നാണ്.
എന്നാല്‍ ഇതേ ചോദ്യത്തിന് 14ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കു മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടി സബ് ഇന്‍സ്‌പെക്ടര്‍ റാങ്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും എന്നാണ്.
ഇതോടൊപ്പമുള്ള എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് എ.എസ്.ഐമാര്‍, ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഷാഡോ പൊലിസുകാര്‍ എന്നിവര്‍ക്കു വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്താന്‍ അധികാരമില്ലെന്ന് പ്രത്യേകം പറയുകയും ചെയ്തിട്ടുണ്ട്.
കാസര്‍കോട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴില്‍ നടക്കുന്ന വാഹന പരിശോധനകള്‍ക്കെതിരേ പ്രതിഷേധങ്ങള്‍ നടന്നു വരുന്ന സമയത്താണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെ പോലും തിരുത്തി കൊണ്ട് കാസര്‍കോട് പൊലിസ് മറുപടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച അണങ്കൂരില്‍ പൊലിസ് റോഡില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുമ്പോള്‍ പിറകില്‍ നിന്നു വന്ന കാര്‍ ഇടിച്ച് എം.ബി.എ വിദ്യാര്‍ഥിയായ കൊല്ലമ്പാടിയിലെ സുഹൈല്‍ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."