എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ 30നു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരജ്വാല തീര്‍ക്കും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 30നു സെക്രട്ടേറിയറ്റിനു മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ സമരജ്വാല തീര്‍ക്കും. സാമൂഹ്യ പ്രവര്‍ത്തക ദയാഭായി ഉദ്ഘാടനം ചെയ്യും. 2017 ജനുവരി 10നു സുപ്രീംകോടതി നടത്തിയ വിധി നടപ്പാക്കുക, വാസ്തവ വിരുദ്ധമായി ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്ങ്മൂലം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇരകളോടൊപ്പം നില്‍ക്കുക, പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, 2017ലെ പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ കണ്ടെത്തിയ 1905 ദുരിതബാധിതരുടെ പട്ടിക പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 2016 ജനുവരി 26ന് അമ്മമാര്‍ നടത്തിയ പട്ടിണിസമരത്തെ പിന്തുണച്ചവര്‍ അധികാരത്തിലിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷത്തേക്ക് മാറിയാല്‍ സെക്രട്ടറിയേറ്റില്‍ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം നടത്താന്‍ നിര്‍ബന്ധിതമാകുമെന്നും നേതാക്കള്‍ പറഞ്ഞു.
നീണ്ട നിയമയുദ്ധം നടത്തി ഡി.വൈ.എഫ്.ഐ നേടിയ നിര്‍ണായക വിധി അട്ടിമറിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് പ്രത്യാശിക്കുന്നതായും പ്രസിഡന്റ് മുനീസ അമ്പലത്തറ, സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."