'ഉപ്പാക്ക് ശബ്ദമുണ്ടായിരുന്നെങ്കില്‍ ഒരാളും ഇങ്ങനെ ചെയ്യില്ല'
ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചതിന്റെ പൂര്‍ണരൂപം
ഉപ്പയെ നാട്ടിലെ ഏറ്റവും വലിയ നേതാവാക്കിയതിന്റെ നന്ദി മലയാളികളോട് എനിക്ക് ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച് പാര്‍ലിമെന്റില്‍ പോയ ആളാണ് ഉപ്പ. ഉപ്പ പാര്‍ലിമെന്റില്‍ നിന്നു കുഴഞ്ഞുവീണപ്പോള്‍ ഭയങ്കര ടെന്‍ഷനിലായിരുന്നു ഞാന്‍. എന്നാല്‍ എനിക്ക് ഒരുകാര്യം ഉറപ്പുണ്ടായിരുന്നു. ഉപ്പായ്ക്ക് ഏറ്റവും മികച്ച ചികിത്സയാണു നല്‍കുക എന്ന കാര്യത്തില്‍. എന്റെ പിതാവ് ഏറ്റവും കൂടുതല്‍ വിലമതിച്ച സംവിധാനമായിരുന്നു ഇന്ത്യന്‍ പാര്‍ലിമെന്റ്. പാര്‍ലിമെന്റിന്റെ മഹത്വത്തെക്കുറിച്ച് ഉപ്പയുടെ സംസാരം ഞാന്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടായിരുന്നു.
പാര്‍ലിമെന്റിലെ സംസാരങ്ങളെല്ലാം ഫേസ്ബുക്കിലും മറ്റും ലഭ്യമായതു കൊണ്ട് അതെല്ലാം എന്റെ മനസിലുണ്ട്. ആ ഒരു ധൈര്യത്തിലാണു ഞങ്ങള്‍ ഡല്‍ഹിയില്‍ എത്രയും വേഗത്തില്‍ കുതിച്ചെത്താന്‍ നോക്കിയത്. പക്ഷേ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ എല്ലാവരും പുറത്തുനില്‍ക്കുകയാണ്.
എല്ലാവരും ഓടിവന്ന് മകള്‍ എത്തിയെന്നും അകത്തേക്കു പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അവര്‍ ഞങ്ങളെ അകത്തേക്കു കയറ്റാന്‍ കാണിച്ച ആ വിസമ്മതം, ആറ്, ഏഴ്, എട്ട് മണിക്കൂര്‍... എത്ര മണിക്കൂറാണെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്തായാലും ഞാന്‍ എട്ട് മണിക്കെത്തി, പുലര്‍ച്ചെ രണ്ടുമണി വരെ നീണ്ടു നിന്നു ഈ ശ്രമം. ആ ശ്രമത്തിന്റെ ഇടയില്‍ ഇവര്‍ എന്തിനാണു ഞങ്ങളെ തടഞ്ഞുനിര്‍ത്തി എന്നതിന്റെ സംശയം ചെറുതായി വന്നെങ്കിലും എനിക്കൊരു വിശ്വാസമുണ്ടായിരുന്നു ഉള്ളില്‍ ഉപ്പാക്കു നല്ല പരിചരണം കിട്ടുന്നുണ്ടായിരുന്നു എന്ന്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു ഞാനവിടെ ഇരുന്ന് ദുആ ചെയ്തുകൊണ്ടിരുന്നത്. പക്ഷേ പുലര്‍ച്ചെ രണ്ടു മണി ആയപ്പോള്‍ ഡോക്ടര്‍ വിളിച്ചിട്ട് നമുക്ക് വിവരങ്ങള്‍ പറഞ്ഞു തന്നപ്പോള്‍, പലവിധത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടാണു അവസാനം അവരെക്കൊണ്ട് സമ്മതിപ്പിച്ചത്.
അവര്‍ ചെയ്തതു മെഡിക്കല്‍ സ്റ്റാന്റേര്‍ഡ്‌സിനു നിരക്കാത്ത രീതിയിലാണ് അവര്‍ മെഡിക്കല്‍ ഉപകരണം ഉപ്പാന്റെ ദേഹത്ത് ഘടിപ്പിച്ചത്. അവര്‍ നെഞ്ചില്‍ മെക്കാനിക്കല്‍ കംപ്രഷന്‍ ഡിവൈസ് ആണ് ഉപയോഗിച്ചത്. അതു ഹൃദയത്തെ കംപ്രസ് ചെയ്തിട്ട് ബ്ലഡ് സര്‍ക്കുലേഷന്‍ ഉണ്ടാക്കുന്ന ഉപകരണമാണ്. അതു ഉപയോഗിക്കുന്നത് ഒരു രോഗിയുടെ ഹൃദയം നിലച്ചുപോയ ഘട്ടത്തില്‍ അതു തിരിച്ചുവരുന്നതു വരെ സമയം കിട്ടാനാണ്. അതു 30 മിനിറ്റ് വരെ വയ്ക്കാം. അതില്‍ കൂടുതല്‍ പോയാല്‍ എനിക്കു തോന്നുന്നു 40 മിനിറ്റ് വരെ. അതു കഴിഞ്ഞാല്‍ സര്‍വൈവല്‍ റേറ്റിനു സാധ്യത ഇല്ല. അവര്‍ പറയുന്നത് ഈ മെഷീനാണു 12 മണിക്കൂര്‍ ഉപ്പാന്റെ ദേഹത്ത് വച്ചിരുന്നു എന്ന്. അതേസമയം അവര്‍ വെന്റിലേറ്ററും ഇട്ടിരുന്നു. അപ്പോ വെന്റിലേറ്ററില്‍ കൂടി അവര്‍ ഓക്‌സിജനും അയക്കുന്നുണ്ട്.
ഈ മെഷീന്‍ ഇങ്ങനെ വച്ചാല്‍ ഉണ്ടാവുന്നതാണു റിഫ്രാക്ചറൊക്കെ. അതൊക്കെ ഉണ്ടായിട്ടുണ്ടാവാം. ഡോക്ടര്‍മാര്‍ ഈ വിവരം പറഞ്ഞപ്പോള്‍ ഞാന്‍ ഉപ്പാനെ പോയി നോക്കിയപ്പോള്‍ മുഖത്ത് ഭയങ്കരമായ മാറ്റമുണ്ടായിരുന്നു. സഹിക്കാന്‍ പറ്റാത്ത വിഷമാ എനിക്ക് ഉണ്ടായത്. എനിക്കറിയാം ഉപ്പാനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അതു വേദനയുണ്ടാക്കിയെന്ന്. ഇന്നലെ വരെ ഞാന്‍ ഒരുപാട് വേദനിച്ചു. എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല ദുഃഖം കൊണ്ട്. ഇന്നലെയായപ്പോള്‍ എനിക്കു ദുഃഖമില്ല, എനിക്കു തോന്നുന്നത് എനിക്കൊരു ഡ്യൂട്ടി ഉണ്ടെന്നാ. കാരണം ഞാനൊരു മെഡിക്കല്‍ പ്രൊഫഷനലാണ്.
എന്റെ ഉപ്പ എന്നെ പഠിപ്പിച്ചിട്ടുള്ളത് എന്താണെന്നാല്‍ 'നീതി നിഷേധം കണ്ടാല്‍ നീതിക്കായി ഞാന്‍ എഴുന്നേറ്റു നില്‍ക്കും'. ഉപ്പയാണെങ്കില്‍ എവിടെയെങ്കിലും അനീതി കണ്ടാല്‍ അപ്പോള്‍ ശബ്ദമുയര്‍ത്തും. ഉപ്പാന്റെ ശക്തമായിരുന്നു ഉപ്പാന്റെ ശക്തി, അല്ലേ. പക്ഷേ എന്താ പറ്റിയത് അന്നു പാര്‍ലിമെന്റില്‍ കുഴഞ്ഞുവീണപ്പോള്‍ ഉപ്പാന്റെ ശബ്ദം നിലച്ചുപോയല്ലോ. ആ കാരണം കൊണ്ടാണല്ലോ അവര്‍ ഇതൊക്കെ ചെയ്തത്. ഉപ്പാക്കു ശബ്ദമുണ്ടായിരുന്നുവെങ്കില്‍ ഒരാള്‍ക്കും ഇങ്ങനെ ചെയ്യാന്‍ പറ്റില്ല. വേറൊരു കാര്യം കൂടിയുണ്ട്.
ഞാന്‍ പാതോളജിയിലാണു പഠിപ്പിക്കുന്നത്. അതാണ് എന്റെ സ്‌പെഷാലിറ്റി. ഇതിനു പുറമെ എനിക്കൊരു സ്‌പെഷാലിറ്റി കൂടി ഉണ്ട് മെഡിക്കല്‍ എഡുക്കേഷന്‍. ഏരിയ ഓഫ് ഇന്ററസ്റ്റ്, മെഡിക്കല്‍ എതിക്‌സ്, പ്രൊഫഷണലിസം...ഇതൊക്കെ ഞാന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ്. എന്നും ഞാന്‍ വാതോരാതെ സംസാരിക്കുന്നുണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എങ്ങനെ പെരുമാറണം, ഏതാണു ശരി, ഏതാണ് തെറ്റ് എന്നൊക്കെ. എന്റെ മുന്നില്‍ ഞാന്‍ ഇവിടെ കാണുകയാണ് ഏറ്റവും അണ്‍ എത്തിക്കലായിട്ട്, ക്രൂരമായിട്ട്..അതാണു ഞാന്‍ അവിടെ കാണുന്നത്.
അതു കണ്ടപ്പോ, എനിക്ക് ഒരുകാര്യം ആര്‍.എം.എല്‍ ആശുപത്രിയോടു ചോദിക്കാനുണ്ട്. എന്തിനിതു ചെയ്തു. ഓരോ സ്‌റ്റെപ്പും എന്തിനു വേണ്ടിയായിരുന്നു. ആ മെഷീനു പേരുണ്ട്, ലൂക്കാസ്, ഓട്ടോ പള്‍സ്. എന്തിന് ആ മെഷീനില്‍ അവര്‍ ഇത്ര മണിക്കൂര്‍ ഇട്ടു. എവിടുന്നാണ് അവര്‍ ഈ ജഡ്ജ്‌മെന്റ് എടുത്തത്. എന്തുകൊണ്ട് വളരെ മിതഭാഷയില്‍ പുറത്തിരുന്ന് യാചിച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങളോട് അവര്‍ ചര്‍ച്ച ചെയ്തില്ല. കുടുംബാംഗങ്ങള്‍ക്കു ഇതേക്കുറിച്ച് വിവരവുമുണ്ട്. ഞങ്ങള്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് ആണ്. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സില്‍പ്പെട്ടവര്‍ ഇങ്ങനെ ചെയ്യുന്നതിനോട് എനിക്കുറപ്പുണ്ട് ഇന്ത്യയിലെ എല്ലാ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സും ലജ്ജിക്കും. അതുകൊണ്ട് ആര്‍.എം.എല്‍ ഇതിനൊരു വിശദീകരണം തരണം.
എന്നാലേ ഇനി വേറൊരാള്‍ക്ക് ഇങ്ങനെ വരില്ലെന്ന ഉറപ്പുവരുത്തിക്കാന്‍ പറ്റുകയുള്ളൂ. എനിക്കുറപ്പാണ് ഉപ്പയുണ്ടെങ്കില്‍ ഇങ്ങനെ തന്നെയാ ചെയ്തിരിക്കുന്നത്. എനിക്കു യാതൊരു സംശയവുമില്ല. ഇവര്‍ ഇങ്ങനെ പറഞ്ഞപ്പോഴാണു ഞാന്‍ സംസാരിക്കാന്‍ തീരുമാനിച്ചത്. ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കിലും എന്റെ ജീവിതം മുഴുവനും എനിക്കു ഒഴിവു പറയാന്‍ പറ്റില്ല. കാരണം എനിക്കീ വിവരം തന്നതും എന്നെ പഠിപ്പിച്ചതും എന്നെ വളര്‍ത്തിയതും എല്ലാം ഉപ്പയാണ്. അനീതി ഉപ്പയോടു കാണിച്ചതു കണ്ടപ്പോള്‍ എനിക്കു ക്ഷമിക്കാന്‍ പറ്റില്ല. അവിടെ ഉള്ളപ്പോള്‍ 12 മണിയായെന്നു തോന്നുന്നു.
ഡോക്ടറായ എന്റെ ഭര്‍ത്താവ് അവിടെയുള്ള ജൂനിയര്‍ ഡോക്ടറോടു ചോദിച്ചു. നിങ്ങള്‍ ഈ ചെയ്യുന്നതൊക്കെ ശരിയാണോ. ഇതുപോലെ നിങ്ങളുടെ അച്ഛനോടാണു ചെയ്യുന്നതെങ്കില്‍ എന്നു ചോദിച്ചപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരെല്ലാം തലകുനിച്ചു നില്‍ക്കുകയായിരുന്നു. രണ്ടു മൂന്നു ഡോക്ടര്‍മാര്‍ വിയര്‍ത്തു കുളിക്കുന്നുണ്ടായിരുന്നു. ആ സമയത്തെല്ലാം ഞാന്‍ അവിടെ പകച്ചുനില്‍ക്കുകയായിരുന്നു. ഞാന്‍ അവിടെ ഒരുവാക്കു പോലും പറഞ്ഞിട്ടില്ല.
ഒരുകാര്യം കൂടി പറയാനുണ്ട്. എനിക്ക് ഒരിക്കലും നന്ദി പറഞ്ഞാല്‍ തീരില്ല. അതുപോലെയാണു ജനങ്ങള്‍ ഉപ്പാനോടു സ്‌നേഹം കാണിച്ചത്. ഞങ്ങള്‍ വിചാരിച്ചതിന്റെ പതിന്‍മടങ്ങാണ് അവര്‍ കാണിച്ച സ്‌നേഹം. അതില്‍ ഒരുപാട് നന്ദിയുണ്ട്. ഏതെല്ലാം ഭാഗത്തുനിന്നുള്ള ആളുകള്‍. അതില്‍ പാര്‍ട്ടി, ഗ്രൂപ്പ്, മതം എന്നൊന്നുമില്ല. അത് ഇവിടുന്നു മാത്രമല്ല, ഡല്‍ഹിയിലും അതുപോലത്തെ പ്രതികരണമാണു കിട്ടിയത്. ഏറ്റവും മുകളില്‍ നിന്നും ഏറ്റവും താഴെയുള്ള ആളുകളും ഡല്‍ഹിയിലും എത്തിയിട്ടുണ്ടായിരുന്നു.
തയാറാക്കിയത്: എം.പി മുജീബ് റഹ്മാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."