കേരളം ലജ്ജിക്കുന്നു
പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിന് എട്ടുലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് എടുക്കുന്നതിന് ഉത്തരവിറക്കാന്‍ ശ്രമിച്ച റവന്യൂവകുപ്പിന്റെയും സര്‍ക്കാരിന്റെയും നടപടി ഓര്‍ത്തു ലജ്ജിക്കുകയാണു കേരളം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു പല വിധത്തിലുള്ള സൗകര്യങ്ങളുണ്ടെന്നിരിക്കെ ഇന്ത്യകണ്ട മഹാദുരന്തത്തിന്റെ സങ്കടം പേറി കഴിയുന്നവരെ സഹായിക്കാനുള്ള ഫണ്ടില്‍ നിന്നു യാത്രാച്ചെലവു കൈയിട്ടുവാരാനുള്ള മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ അങ്ങേയറ്റം അപലപനീയമാണ്. ജാള്യത മറച്ചുവയ്ക്കാന്‍ റവന്യൂവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും പരസ്പരം പഴിചാരുന്നത് അപഹാസ്യമാണ്. പാവപ്പെട്ടവന്റെയും ദുരിതബാധിതരുടെയും പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന നടപടിയെ സമൂഹം ഒന്നടങ്കം അപലപിക്കേണ്ടതുണ്ട് .ഈ വാര്‍ത്ത പുറത്തുവന്നിട്ടില്ലായിരുന്നെങ്കില്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് അവകാശപ്പെട്ട എട്ടുലക്ഷം മുഖ്യമന്ത്രിയുടെ ധൂര്‍ത്തില്‍ ഇല്ലാതാകുമായിരുന്നു.
ഈ സംഭവത്തോടെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും കീഴിലെ ദുരിതാശ്വാസനിധികളുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സര്‍ക്കാരിനെയും പാവപ്പെട്ട രോഗികളെയും ദുരിതമനുഭവിക്കുന്ന പാവങ്ങളെയമോര്‍ത്ത് ആയിരക്കണക്കിനു കാരുണ്യ മനസ്സുകളാണ് ദുരിതാശ്വാസ നിധികളിലേയ്ക്കു സഹായം നല്‍കാറുള്ളത്. ഈ സഹായധനം വക മാറ്റി ചെലവഴിക്കുന്നതു കാരുണ്യമനസ്സുകളെയും മറ്റും വേദനിപ്പിക്കുന്നതോടൊപ്പം സഹായങ്ങള്‍ നല്‍കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുക കൂടി ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."