ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനം; സംസ്ഥാനത്തിന് മാതൃകയാകാനൊരുങ്ങി വയനാട്
കല്‍പ്പറ്റ: ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനത്തില്‍ സംസ്ഥാനത്തിന് മാതൃകയാകാന്‍ വയനാടൊരുങ്ങുന്നു. കാരാപ്പുഴ റിസര്‍വോയറിന്റെ സാധ്യത ഉപയോഗപ്പെടുത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പദ്ധതികളൊരുങ്ങുന്നത്.
ഇതിന്റെ ആദ്യഘട്ടമായി നാളെ രാവിലെ 11.30ന് ജില്ലയിലെ ആദ്യ മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം വൈത്തിരി പഞ്ചായത്തിലെ തളിപ്പുഴയില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
സമുദ്ര മത്സ്യ സമ്പത്ത് കുറഞ്ഞ വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ 20000ല്‍ കൂടുതലുള്ള റിസര്‍വോയറുകളെ ഉപയോഗപ്പെടുത്തി ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനാണ് മേഖലയിലെ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ നീക്കം.
ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ നിലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഉള്‍നാടന്‍ മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ബംഗ്ലൂരു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ജില്ലയില്‍ നടത്തിയ പഠനമാണ് കാരാപ്പുഴ ഡാമില്‍ ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനത്തില്‍ വന്‍ മുന്നേറ്റത്തിന് ഉതകുന്ന ആവാസ വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കണ്ടെത്തിയത്.
ബംഗ്ലൂരു ഗവേഷണ കേന്ദ്രം വികസിപ്പിച്ച മത്സ്യ കുഞ്ഞുങ്ങളെ ഡാമില്‍ നിക്ഷേപിക്കുകയും അവ വലുതാകുമ്പോള്‍ പിടിക്കുകയും ചെയ്യുന്ന 'കള്‍ചര്‍ ബേയ്‌സ്ഡ് ഫിഷറീസ്' രീതിയാണ് കാരാപ്പുഴയില്‍ നടപ്പിലാക്കുന്നത്.
ഇതിനായി പ്രദേശത്തെ യുവാക്കളെ സംഘടിപ്പിച്ച് ഫിഷറീസ് കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി തവണ ഡാമില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തിരുന്നു. കാരാപ്പുഴ ഡാമിന്റെ അതേ സാഹചര്യങ്ങളുള്ള ബാണാസുര സാഗറിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മത്സ്യ വിത്തുല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നത്.
കൂടാതെ ബാണാസുര ഡാം പരിസരത്തെ പ്രദേശവാസികളെ ഉള്‍പ്പെടുത്തി മത്സ്യ സഹകരണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിനുള്ള കൊട്ടത്തോണികള്‍, ലൈഫ് ജാക്കറ്റുകള്‍ എന്നിവയുടെ വിതരണവും ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."