നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാത: കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി ജി സുധാകരന്
കല്‍പ്പറ്റ: നഞ്ചന്‍കോട് വയനാട് നിലമ്പൂര്‍ റെയില്‍പ്പാതയുടെ സാക്ഷാല്‍കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന് റെയില്‍വേയുടെ ചുമതല കൂടിയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു. വയനാട്ടിലൂടെയുള്ള റെയില്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ നടന്ന ജനകീയ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വികസനത്തിന് വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന പദ്ധതിയാണ് ഇതുവഴി റെയില്‍വേ ലൈന്‍ വരികയെന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി തുകയും കൈമാറിയിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി സംസാരിച്ച് ഈ പദ്ധതി ഏറ്റവും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പരിശ്രമിക്കും. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതിനു പുറമെ കേരളവും കര്‍ണാടകവും ഇതിനായി നല്ലൊരു തുക കണ്ടെത്തേണ്ടി വരും. ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം.ആര്.സി ഈ റെയില്‍പ്പാത നിര്‍മാണത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചത് മുതല്‍ക്കൂട്ടാണ്. വനത്തിലൂടെയുള്ള പാത നിര്‍മാണത്തിന് ആവശ്യമായ നടപടികളെല്ലാം പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിനായി കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
എം.ഐ ഷാനവാസ് എം.പി അധ്യക്ഷനായി. എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്, സി.കെ ശശീന്ദ്രന്, ഒ.ആര് കേളു, പി.വി അന്‍വര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, ഗുണ്ടല്‍പേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ ഭാഗ്യ, മുന്‍ വൈസ് ചെയര്മാന് കെ നിസാമുദ്ദീന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി.കെ സഹദേവന്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, അഡ്വ.കെ റഷീദ്, കെ ബിജു, ടി രാമസ്വാമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."