HOME
DETAILS

കാടിറക്കത്തിന്റെ ശൗര്യം; ഭയത്തില്‍ വയനാട്

  
backup
February 06 2017 | 05:02 AM

wild-life-wayanad-animals

മനുഷ്യന്റെ നിലനില്‍പ്പിന് വനവും വന്യജീവികളും സംരക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ ഇവ മനുഷ്യന് തന്നെ ഭീഷണിയാകുന്ന തരത്തിലാകരുത് ഈ സംരക്ഷണം. പരിസ്ഥിതി, വന, വന്യജീവി സംരക്ഷണത്തിന് നിയമങ്ങളേറെയുണ്ടെങ്കിലും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ തുലോംകുറവ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥക്ക് പുറമേ പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട വയനാട് ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം വന്യജീവികളുടെ കാടിറക്കമാണ്. വന നശീകരണവും സ്വാഭാവിക വനം വെട്ടിവെളുപ്പിച്ചു വനം വകുപ്പ് നടത്തിയ വനവല്‍കരണവും വന്യമൃഗങ്ങളുടെ ഈ കാടിറക്കത്തിന്റെ പ്രധാന കാരണങ്ങളാണ്. നിരവധി വിലപ്പെട്ട മനുഷ്യജീവനുകളാണ് വന്യമൃഗങ്ങളുടെ ഈ കാടിറക്കത്തില്‍ നഷ്ടപ്പെട്ടത്. ജില്ലയിലെ ഭൂരിഭാഗത്തിന്റെ ഉപജീവന മാര്‍ഗമായ ഹെക്ടര്‍ കണക്കിന് കൃഷിയും വന്യമൃഗശല്യം കാരണം തരിശിട്ടിരിക്കുന്ന കൃഷിയിടങ്ങളും ഈ നഷ്ടക്കണക്കിന്റെ ഭാഗമാണ്. ആയിരങ്ങളോ ലക്ഷങ്ങളോ വിലയിട്ട് സംസ്ഥാന വനം വകുപ്പ് ഈ നഷ്ടങ്ങള്‍ നികത്തിയെന്നു വരുത്തി അര്‍ഥമില്ലാത്ത കാട് സംരക്ഷണം തുടരുന്നു. കാലാകാലങ്ങളായി ആയിരക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞിട്ടും പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനോ പുതിയ രീതികള്‍ അവംലംബിക്കാനോ വനം വകുപ്പ് തയാറായിട്ടില്ല. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രതിരോധം തീര്‍ക്കാനായി അനുവദിച്ച തുക 'രാഷ്ട്രീയം കളിച്ച് ' പൗരന് ഉപകാരമില്ലാത്ത രീതിയില്‍ ചെലവഴിക്കുന്നു.
വയനാട് ജില്ലയിലെ പ്രധാന ടൗണുകളില്‍ പോലും വന്യജീവികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത് മക്കളെ പാഠശാലകളിലേക്കയക്കുന്ന മാതാപിതാക്കളുടെ ചങ്കിടിപ്പേറ്റിയിരിക്കുകയാണ്. ആനയിറങ്ങിയത് കാരണം സ്‌കൂളിന് അവധി നല്‍കിയ സംഭവവും വയനാട്ടിലുണ്ടായി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് രാവിലെ മദ്‌റസകളിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികളുടെ പഠനത്തെ തന്നെ ഇതു ബാധിക്കുകയാണ്.
കാട് സംരക്ഷണം ഇങ്ങനെയാണോ വേണ്ടത്..? അത്യാഹിതം സംഭവിച്ചാല്‍ നല്‍കാന്‍ ശേഖരിച്ച പണം മുടക്കി പ്രതിരോധം കാര്യക്ഷമമാക്കിയാല്‍ ഈ അത്യാഹിതം ഒഴിവാക്കിക്കൂടെ...

കാപ്പംകൊല്ലിയില്‍ കൃഷിയിടങ്ങള്‍ കശക്കിയെറിഞ്ഞ് കാട്ടാന


മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ കാപ്പംകൊല്ലി 46ല്‍ കാട്ടാന ഇറങ്ങി ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു. വാഴ, കമുക്, തെങ്ങ്, ഏലം തുടങ്ങിയ വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ചെമ്പ്രമലയില്‍ നിന്ന് ഇറങ്ങുന്ന ആനക്കൂട്ടം പകല്‍ സമയം കൂട്ടമുണ്ട എസ്‌റ്റേറ്റില്‍ തമ്പടിച്ച് നേരം ഇരുട്ടിയാല്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുകയാണ്. ആനക്കാട് ആദിവാസി കോളനിയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ആന എത്തിയിരുന്നു. ആനയെ പേടിച്ച് ആദിവാസികള്‍ വീടിന്റെ ടെറസിന്റെ മുകളില്‍ കയറി കിടന്നുറങ്ങേണ്ട സ്ഥിതിയാണ്. പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയ വീടുകളിലാണ് ആദിവാസികള്‍ താമസിക്കുന്നത്. ഒരുവീട് മാത്രമാണ് ടെറസ് വീടുള്ളത്. ഈ വീട്ടിലാണ് ആനയെ പേടിച്ച് അഭയം പ്രാപിക്കുന്നത്. തോട് മറികടന്നെത്തുന്ന ആനയെ തുരത്താന്‍ ആദിവാസികള്‍ തീക്കൂട്ടി പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. ഈ ഭാഗത്ത് വൈദ്യുതി ഫെന്‍സിങ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപെട്ടെങ്കിലും അധികൃതര്‍ നടപടി എടുക്കുന്നില്ല. ആന ഇറങ്ങിയതറിയിച്ചാല്‍ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെങ്കിലും ഒരു പ്രയോജനവുമില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കുന്നമ്പറ്റയെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പന്‍


ഓടത്തോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി ഒറ്റയാന്‍. കുന്നമ്പറ്റ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ ഒറ്റയാനാണ് ഭീതിവിതച്ചത്. പരിസരത്തെ വാഴകളും തെങ്ങുകളും നശിപ്പിച്ചു. മണിക്കൂറുകളോളം തമ്പടിച്ച ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചാണ് രാത്രി ഒന്നോടെ വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ഓടത്തോട് കോട്ടനാട്, ആനക്കാട്, കാപ്പിക്കാട്, എട്ടാം നമ്പര്‍ എന്നിവിടങ്ങളിലും ആന എത്തിയിരുന്നു. കാട്ടാന വനത്തിലേക്ക് തന്നെ തിരിച്ചു പോയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലേക്കെത്തുകയാണ്. ഇത് പ്രദേശത്തെ ജനജീവിതത്തെ തന്നെ ബാധിക്കുകയാണ്. വനത്തില്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാലാണ് ജനവാസ കേന്ദ്രത്തിലേക്ക് ആനകള്‍ ഇറങ്ങുന്നത്. സന്ധ്യയായാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങങ്ങള്‍ക്ക് സമീപമാണ് കോട്ടനാട് ഗവ.യു പി സ്‌കൂള്‍, കുന്നമ്പറ്റ യു.പി സ്‌കൂള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. ഏതു സമയവും ആന ഇറങ്ങുമെന്നതിനാല്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ മടിക്കുകയാണ് രക്ഷിതാക്കള്‍. വൈദ്യുതി കമ്പി വേലി അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വനം വകുപ്പ് പ്രദേശവാസികളുടെ ജീവനും കൃഷിക്കും സംരക്ഷണം നല്‍കാന്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കണ്ണടച്ച് ഇരുട്ടാക്കി വനം വകുപ്പ്; ആനക്കലിയില്‍ പൊലിഞ്ഞത് 78 ജീവിതങ്ങള്‍

കാട്ടിക്കുളം: വന്യമൃഗാക്രമണങ്ങളില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട തിരുനെല്ലി പഞ്ചായത്തില്‍ ജനജീവിതം ദുസ്സഹമായിട്ട് പതിറ്റാണ്ടുകളായി.
1990 മുതലുള്ള കണക്ക് പ്രകാരം ഇതുവരെയായി 78 പേര്‍ക്കാണ് പഞ്ചായത്തില്‍ ആനക്കലിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കൂടാതെ 249 പേര്‍ക്ക് പരുക്കേല്‍ക്കുകയും 118 വീടുകള്‍ തകര്‍ക്കുകയും 25 കോടിയിലധികം രൂപയുടെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. പറഞ്ഞും പരാതിയും നല്‍കി മടുത്ത ജനം വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി ഏഴിന് ശവപ്പെട്ടിയുമായി ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനോ പുതിയത് സ്ഥാപിക്കാനോ വനം വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല.
ജില്ലയില്‍ 15,000 ഹെക്ടറോളം തേക്ക്, യൂക്കാലി പ്ലാന്റേഷനുകളാണുള്ളത്. ഇതില്‍ 7400 ഓളം ഹെക്ടര്‍ പ്ലാന്റേഷന്‍ തിരുനെല്ലി പഞ്ചായത്തിലാണുള്ളത്. ഇതാണ് വന്യമൃഗശല്യം വര്‍ധിക്കാന്‍ കാരണമെന്ന് വന്യം മൃഗശല്യ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.സി ജോസ് പറഞ്ഞു.
പ്രക്ഷോഭങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ഈ പ്രദേശങ്ങളെ അവഗണിച്ച് താരതമ്യേന ശല്യം കുറവായ മാനന്തവാടിയിലെ മറ്റൊരു ഭാഗത്ത് റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. രാഷ്ട്രീയ ഇടപെടലുകള്‍ കാരണമാണ് വന്യമൃഗ ശല്യം രൂക്ഷമായ തിരുനെല്ലിയെ അവഗണിക്കുന്നതെന്നും ആക്ഷേപമുണ്ട്.

കാടിറക്കം തുടര്‍ക്കഥ; പക വീട്ടി വനം വകുപ്പും

പനമരം: കാടിന്റെ നാടുമായുള്ള ഏറ്റുമുട്ടലുകളുടെ പ്രധാനവേദിയാണ് ജില്ലയിലെ പനമരം പഞ്ചായത്തിലെ നെയ്കുപ്പ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍.
ഇതിനാല്‍ തന്നെ കൃഷി പ്രധാന ഉപജീവന മാര്‍ഗമായ ഇവിടങ്ങളിലെ സാധാരണക്കാരും വനം വകുപ്പും തമ്മിലുള്ള അസ്വാരസ്യങ്ങളും പതിവു കാഴ്ചകളാണ്.
ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന വര്‍ഷങ്ങളുടെ ആവശ്യം ഇന്നും പരിഗണിക്കപ്പെടാത്തതാണ് വനം വകുപ്പുമായുള്ള ഈ സ്വരച്ചേര്‍ച്ചയില്ലായ്മക്ക് കാരണം. ഇതിന്റെ അനന്തര ഫലമാകട്ടെ, കര്‍ഷകരുടെ സ്വയം പ്രതിരോധത്തിന് തുനിയുകയും വന്യജീവി കൊല്ലപ്പെടുകയും ചെയ്തു.
പനമരം പഞ്ചായത്തിലെ ചെതലയം റെയ്ഞ്ചിലെ നെയ്കുപ്പ വനമേഖലയോട് ചേര്‍ന്നുള്ള നീര്‍വാരം, അമ്മാനി, കല്ലുവയല്‍, പാക്കം, നടവയല്‍, കായക്കുന്ന്, മണല്‍വയല്‍ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്.
പഞ്ചായത്തിലെ തന്നെ വനമേഖലയില്‍ ആറു കിലോമീറ്ററോളം ദൂരമുള്ള പുഞ്ചവയല്‍, പരിയാരം, പരക്കുനി കൈതക്കല്‍ ഡിപ്പോ പരിസരം എന്നിവിടങ്ങളിലും കാടിറങ്ങുന്ന കാട്ടാനകള്‍ വരുത്തുന്ന നാശം ചെറുതല്ല. മറ്റു മൃഗങ്ങളും ഇവിടങ്ങളില്‍ ജനജീവിതത്തിന് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കാട്ടുപന്നിയുടെ ആക്രമണത്തില്‍ നെല്ലിയമ്പം സ്വദേശിയായ ആദിവാസി കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.
പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ തുടരുന്ന വന്യമൃഗ ശല്യത്തിന് പ്രതിരോധം തീര്‍ക്കാന്‍ ഇതുവരെ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.


നൂല്‍പ്പുഴയില്‍ ജീവിതം ഞാണിന്മേല്‍ കളി

നായിക്കട്ടി: തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന, വയനാട് വന്യജീവി സങ്കേതത്തിനകത്തുള്ള വനങ്ങളാല്‍ ചുറ്റപ്പെട്ട നൂല്‍പ്പുഴ പഞ്ചായത്തില്‍ ജനജീവിതം ഒരു 'ഞാണിന്മേല്‍ കളിയാണ് '. 43 ശതമാനം ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അതിവസിക്കുന്ന പഞ്ചായത്ത് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ വന്യമൃഗ ശല്യമുള്ള പ്രദേശമാണ്.
ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന വനത്തിനു നടുക്കാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടെ ജനവാസ കേന്ദ്രങ്ങള്‍ തുരുത്തു പോലെയാണ്. ഒരു പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്കെത്താന്‍ വന്യമൃഗങ്ങള്‍ ഒഴിയുന്ന സമയം നോക്കേണ്ട അവസ്ഥ. വന്യമൃഗങ്ങളുടെ കൊലവിളിയില്‍ 25 വര്‍ഷത്തിനിടെ 55ലധികം ജീവിതങ്ങളാണ് പൊലിഞ്ഞത്. ഇതിന്റെ പത്തിരട്ടിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനയാണ് പ്രദേശത്തെ പലരുടേയും ജീവിതത്തിന് തിരശ്ശീലയിട്ടത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് പേര്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. നൂല്‍പ്പുഴ മുക്കുത്തികുന്ന് സുന്ദരത്ത് ഭാസ്‌ക്കരന്‍, കുറിച്യാട് എന്ന വനഗ്രാമത്തിലെ ബാബുരാജ് എന്നിവരാണ് കടുവയുടെ ആക്രമണത്തിനിരയായത് അവരവരുടെ വീടുകള്‍ക്ക് സമീപത്ത് വച്ചാണ്. ആനയുടെ കൊലവിളിക്ക് പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. 1982ല്‍ ചെട്യാലത്തൂര്‍ എന്ന വനഗ്രാമത്തിലെ വനപാതയില്‍ വച്ച് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന രണ്ട് കുട്ടികളെ ആന ചവിട്ടികൊന്നത് പ്രദേശവാസികള്‍ ഇന്നും ഞെട്ടലോടെയാണ് ഓര്‍ത്തെടുക്കുന്നത്.അന്ന് ആനയുടെ കൊലവിളിക്ക് ഇരയായത് ചെട്യാലത്തൂര്‍ അപ്പുമാഷിന്റെ മകന്‍ ശശി, കൂളിയാടി കൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ ജിനചന്ദ്രന്‍ എന്നിവരാണ്.

പ്രതിരോധം പേരിന് മാത്രം; പുനരധിവാസവും


നായിക്കട്ടി: വന്യമൃഗങ്ങള്‍ നാടുവാണിട്ടും വനം വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം പേരിന് മാത്രമാണ്. വടക്കനാട്, പള്ളിവയല്‍, രാംപള്ളി, പൊന്‍കുഴി, തകരപ്പാടി, കല്ലുമുക്ക്, കല്ലൂര്‍ തുടങ്ങി പഞ്ചായത്തില്‍ ആകമാനം ആനയടക്കമുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്.
പ്രതിരോധമായി ആദ്യമായി കാടിനോട് ചേര്‍ന്ന് വൈദ്യുതി ഫെന്‍സിങ്, കിടങ്ങ്, കല്‍മതില്‍ എന്നിവ സ്ഥാപിച്ചെങ്കിലും എല്ലാം തകര്‍ത്ത് കാട്ടാന കൊലവിളി തുടരുകയാണ്.
ഇതിനകം നിരവധി പേര്‍ പ്രദേശത്ത് നിന്ന് ജീവനും കൊണ്ട് പാലായനം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുണ്ടെങ്കിലും ഇതിപ്പോഴും പാതിവഴിയിലാണ്. പദ്ധതി തുടങ്ങിയിട്ട് പതിറ്റാണ്ടായെങ്കിലും ഇതുവരെ മാറ്റി പാര്‍പ്പിച്ചത് മൂന്ന് വനാന്തരഗ്രാമത്തിലുള്ളവരെ മാത്രമാണ്.
ആദ്യഘട്ടത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 12 സെറ്റില്‍മെന്റുകളാണ് ഉള്‍പ്പെട്ടത്. എന്നാല്‍ ഗോളൂര്‍, അമ്മവയല്‍, കൊട്ടങ്കര എന്നിവിടങ്ങളിലെ യോഗ്യരായ 165 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെട്ട വനഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളെ ഇനിയും മാറ്റിപാര്‍പ്പിക്കാനുണ്ട്. നിലവില്‍ പദ്ധതി പ്രകാരം യോഗ്യമായ ഒരു കുടുംബത്തിന് ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. ഇപ്പോഴത്തെ രജിസ്‌ട്രേഷന്റെയും മറ്റും തുക കണക്കാക്കുമ്പോള്‍ ഇതില്‍ നല്ലൊരു ശതമാനം തുക രജിസ്‌ട്രേഷന് തന്നെ മാറ്റിവയ്‌ക്കേണ്ടിവരും. ബാക്കി തുകകൊണ്ട് ഭൂമി വാങ്ങി വീട് വച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ കഴിയില്ല. പുനരധിവാസത്തിന് പുറമേ വന്യമൃഗ ശല്യത്തിന് പരിഹാരമായി റെയ്ല്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ജില്ലയില്‍ അനുവദിച്ച റെയില്‍ഫെന്‍സിങ് രാഷ്ട്രീയ ഇടപെടല്‍ കാരണം താരതമ്യേനെ ശല്യം കുറവായ പ്രദേശത്താണ് സ്ഥാപിക്കുന്നത്. വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടലുകളുണ്ടായ പ്രദേശത്ത് കലാപത്തിന് തന്നെ കാരണമായേക്കും.


വന്യമൃഗങ്ങള്‍ വാഴും നീലഗിരി; ജീവഹാനിയും കൃഷിനാശവും തുടര്‍ക്കഥ


ഗൂഡല്ലൂര്‍: നീലഗിരിയുടെ ആരംഭകാലം തൊട്ടേ വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘട്ടനങ്ങളും ആരംഭിച്ചിട്ടുണ്ട്. അതീജീവനത്തിനായി മനുഷ്യര്‍ കാടും മലയും കയറി നീലഗിരിയുടെ ഫലഭൂഷ്ടമായ മണ്ണില്‍ വിളവിറക്കി. ആദ്യകാലത്ത് കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം അത്രക്ക് രൂക്ഷമായിരുന്നില്ല. എന്നാല്‍ വനത്തിന് പകരം പലയിടത്തുമുയര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നീലഗിരിയുടെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം കൊണ്ടുവന്നു. ഇതോടെ കാടും നാടും വരള്‍ച്ചകൊണ്ടും വേനല്‍ കൊണ്ടും ബുദ്ധിമുട്ടി.
വനത്തില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാതെ മൃഗങ്ങള്‍ നാട്ടിന്‍പുറങ്ങളിലേക്ക് പലായനവും ആരംഭിച്ചു. ഇതോടെ തന്റെ കൃഷിയെ രക്ഷിക്കാന്‍ കഴിയാതെ കര്‍ഷകന്‍ നിസഹായാവസ്ഥയിലും. വനം വകുപ്പ് അധികൃതര്‍ക്ക് ഇതിനെതിരേ സത്വര നടപടികള്‍ കൈകൊള്ളാനും കഴിയാത്ത സാഹചര്യം ഉടലെടുത്തതോടെ മനുഷ്യ-മൃഗ സംഘട്ടനങ്ങള്‍ നീലഗിരിയില്‍ നിത്യ സംഭവമായി. ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് ഇത്തരം സംഘട്ടനങ്ങളില്‍ ഇവിടെ പൊലിഞ്ഞത്. ഒപ്പം കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ മാത്രമേ അധികൃതര്‍ നടപടിയെടുക്കാറുള്ളൂ എന്നത് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സമാധാനാന്തരീക്ഷത്തിന് പലപ്പോഴും കോട്ടമുണ്ടാക്കാറുമുണ്ട്. നരഭോജിയായ കടുവ പാട്ടവയല്‍ പ്രദേശത്തെ യുവതിയെ കൊലപ്പെടുത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധം അത്തരത്തിലുള്ളതായിരുന്നു. നിരവധിയാളുകളാണ് അന്നത്തെ സംഭവങ്ങളില്‍ അന്വേഷണം നേരിട്ടത്. ആനകളടക്കമുള്ള വന്യമൃഗങ്ങള്‍ നീലഗിരിയുടെ വിവിധ ജനവാസമേഖലകളില്‍ ഇറങ്ങി നാശം വിതക്കുന്നത് ഇന്ന് ഇവിടത്തുകാര്‍ക്ക് ഒരു സംഭവമേ അല്ലാതായി മാറിയിട്ടുണ്ട്. കര്‍ഷകരോട് ചക്ക നശിപ്പിക്കാനും വാഴ കൃഷി ചെയ്യാതിരിക്കാനും നിര്‍ദേശം നല്‍കുന്ന തമിഴ്‌നാട് വനം വകുപ്പ് കാടും നാടും വേര്‍തിരിച്ച് വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago