പെരിന്തല്‍മണ്ണ നഗരസഭയുടെ ബ്രാന്‍ഡ് ജൈവ അരി വിപണിയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ ബ്രാന്‍ഡ് ജൈവ അരി വിപണിയിലേക്ക്. നഗരസഭയുടെ ശുചിത്വസുന്ദര ജൈവ നഗരമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതിയില്‍ സഹകരിച്ചാണ് കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്നു നെല്‍കൃഷി നടത്തിയത്. നെല്‍കൃഷിയുടെ വ്യാപനവും ആരോഗ്യകരമായ ഭക്ഷണപ്രചാരണവും ലക്ഷ്യമിട്ട് 18 ഏക്കര്‍ പാടത്താണ് കൃഷിയിറക്കിയത്.
കൂട്ടായ്മയുടെ കരുത്തില്‍ 22,000 കിലോ നെല്ലാണ് ലഭിച്ചത്. ഇതില്‍ നാലായിരം കിലോ ഭൂവുടമകള്‍ക്ക് പാട്ടംനല്‍കി. ബാക്കിയുള്ള നെല്ല് വണ്ടൂരിലെ മില്ലില്‍നിന്ന് അരിയാക്കുകയായിരുന്നു. 18,000 കിലോ അരിയാണ് വില്‍ക്കുന്നത്. 1,500 രൂപ പരമാവധി വില്‍പ്പന വിലയിട്ട് 25 കിലോ വീതമുള്ള ബാഗ് ആക്കിയാണ് വില്‍പന. ജീവനം പദ്ധതിയില്‍ 20 ശതമാനം കിഴിവോടെ ഒരു ബാഗ് അരിക്ക് 1,200 രൂപയാണ് ഉപഭോക്താവ് നല്‍കേണ്ടത്. ജീവനം എന്ന ബ്രാന്‍ഡില്‍ ആകര്‍ഷകമായ പായ്ക്കിലാണ് അരി വില്‍ക്കുക. വില്‍പനയില്‍നിന്നുള്ള ലാഭത്തിന്റെ ഒരുവിഹിതം സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്കും മറ്റൊരു വിഹിതം അടുത്ത വര്‍ഷത്തെ കൃഷിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും. ജൈവ അരിയുടെ വിപണനോദ്ഘാടനം ഏഴിന് നഗരസഭാ ടൗണ്‍ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."